രാഷ്ട്രപിതാവിന്റെ സ്മരണയിൽ പരിസ്ഥിതി ചിന്തകളും കാഴ്ചപ്പാടുകളും
text_fieldsസഹനത്തിന്റെയും അതിജീവനത്തിന്റെയും അഹിംസയുടെയും സന്ധിയില്ലാത്ത സമരങ്ങളുടെയുമെല്ലാം സന്ദേശവുമായി 156ന്റെ നിറവിലൊരു ഗാന്ധിജയന്തി കൂടി. ഈ അവസരത്തിൽ പരിസ്ഥിതിയെ കുറിച്ചുള്ള ഗാന്ധിജിയുടെ ചിന്തകളും കാഴ്ചപ്പാടുകളും ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. “എനിക്ക് പ്രകൃതിയുടേതല്ലാതെ മറ്റൊരു പ്രചോദനവും ആവശ്യമില്ല. അത് ഇതുവരെ എന്നെ പരാജയപ്പെടുത്തിയിട്ടില്ല. അതെന്നെ അന്ധാളിപ്പിക്കുന്നു, എന്നെ അമ്പരപ്പിക്കുന്നു, ആനന്ദത്തിലേക്ക് അയക്കുന്നു -മഹാത്മാ ഗാന്ധി.
പരിസ്ഥിതി വിഷയങ്ങളിൽ ഗാന്ധിജിയുടെ കാഴ്ചപ്പാട് അദ്ദേഹത്തിന്റെ ജീവിതശൈലിയിലും നമുക്ക് വ്യക്തമായി കാണാം. ലളിത ജീവിതം നയിക്കുക, ഓരോരുത്തരും അവരവരുടെ പരിസരം വൃത്തിയാക്കുക, മൃഗങ്ങളുടെ ജീവൻ സംരക്ഷിക്കുക, പ്രകൃതിയിൽ നിന്ന് ലഭിക്കുന്നവ പാഴാക്കാതിരിക്കുക, സംസ്കരിക്കപ്പെടാവുന്ന വസ്തുക്കൾ പരമാവധി പ്രയോജനപ്പെടുത്തുക തുടങ്ങിയ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഈ വിഷയത്തിൽ നടത്തിയ പ്രസ്താവനകളിൽ നമുക്ക് ദർശിക്കാം.
ഹസ്സൻ
വടക്കേക്കാട്
ഒരു പരിധിവരെ ശാരീരിക സുഖസൗഖ്യങ്ങൾ ആവശ്യമാണ്, എന്നാൽ അതിനപ്പുറം ആയാലോ? അതിരില്ലാത്ത ആവശ്യങ്ങൾ സൃഷ്ടിക്കുന്നതും ആനന്ദം കണ്ടെത്തുന്നതും ഒരു മിഥ്യാഭ്രമവും പ്രലോഭനവുമാണ്.
മനുഷ്യൻ തന്റെ ദൈനംദിന ആവശ്യങ്ങൾ വർധിപ്പിക്കുന്ന നിമിഷം അവൻ എളിയ ജീവിതവും ഉന്നത ചിന്തയും എന്ന ആദർശത്തിൽനിന്ന് താഴേക്ക് പതിക്കുന്നു. അവന്റെ സന്തോഷം യഥാർഥത്തിൽ കിടക്കുന്നത് സംതൃപ്തിയിലാണ്.
ഇന്ത്യയിൽ ശുചിത്വ പരിപാലന -ആരോഗ്യ സംരക്ഷണമേഖലയിൽ മഹാത്മാ ഗാന്ധി ചെലുത്തിയ ആശയങ്ങളുടെ സ്വാധീനം നമുക്ക് ബോധ്യമാവും. പരിസ്ഥിതി മേഖലയിൽ ഗാന്ധിയുടെ അനുയായികൾ ശ്രദ്ധേയമായ പ്രവൃത്തികൾ നിർവഹിച്ചിട്ടുണ്ട്. 1973ൽ ചമോലി ജില്ലയിൽ മരം മുറിക്കൽ തുടങ്ങിയപ്പോൾ ഗാന്ധിയൻ മൂല്യങ്ങളിൽ അധിഷ്ഠിതമായ ചിപ്കോ (ചുറ്റിപ്പിടിച്ച് നിൽക്കുക എന്നർഥം) പ്രക്ഷോഭം ആരംഭിച്ചു.
ജനങ്ങളുടെ പരമ്പരാഗത വനാവകാശം വീണ്ടെടുക്കുവാനും വനനശീകരണം തടയുന്നതിനുമായാണ് ഈ സമരത്തിന് തുടക്കം കുറിച്ചത്. അതിൽ സുപ്രധാന പങ്ക് വഹിച്ച ഗൗരവ് ദേവി, സുദേശാ ദേവി, സുന്ദർലാൽ ബഹുഗുണ, ചാന്ദി പ്രസാദ് എന്നിവരാണ് സമരത്തിനു നേതൃത്വം നൽകിയത്.
ഹിമാലയൻ അടിവാരപ്രദേശങ്ങളിൽ പ്രക്ഷോഭം പെട്ടെന്ന് പടർന്നുപിടിച്ചു. അതിൽ ഏറ്റവും ശ്രദ്ധേയമായത് വർധിച്ച സ്ത്രീ പങ്കാളിത്തമായിരുന്നു. 'ഞങ്ങൾ ലാത്തിയും വെടിയുണ്ടകളും അഭിമുഖീകരിക്കും, ഞങ്ങൾ സ്വന്തം മരങ്ങളെ സംരക്ഷിക്കും, ഞങ്ങൾ മരങ്ങളെ പറ്റിപ്പിടിച്ചു നിൽക്കും' എന്ന മുദ്രാവാക്യത്തിൽ ധീര സമരം എട്ടുകൊല്ലം നീണ്ടുനിന്നു. ദേശീയവും അന്തർദേശീയവുമായ ശ്രദ്ധ പിടിച്ചുപറ്റിയ സമരത്തിനൊടുവിൽ 1981ൽ വ്യാപാര ലക്ഷ്യത്തിനായി ഹിമാലയസാനുക്കളിൽ മരം മുറിക്കൽ നിരോധനം വരുന്നതുവരെ നീണ്ടു. അന്താരാഷ്ട്ര ഹരിത പ്രസ്ഥാനം ഗാന്ധിയുടെ പ്രചോദനത്തെ അംഗീകരിക്കുന്നു.പ്രകൃതിയുടെ വിവിധ ഘടകങ്ങളെ അതിസൂക്ഷ്മമായി നിരീക്ഷിച്ച, പ്രകൃതിയുടെ പരിചാരകനായിരുന്നു ഗാന്ധിജി.
പ്രകൃതിയോട് ഒത്തിണങ്ങി അദ്ദേഹം ജീവിച്ചു. ഇക്കാര്യത്തിലും ജീവിതം തന്നെയായിരുന്നു ഗാന്ധിയുടെ സന്ദേശവും. വര്‍ത്തമാനകാലത്ത് പരിസ്ഥിതി അതിഭീകരമായ വെല്ലുവിളികള്‍ നേരിടുകയാണ്. പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണങ്ങളും പാരിസ്ഥിതിക ദുരന്തങ്ങളും മനുഷ്യ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് പ്രകൃതിക്കിണങ്ങി ജീവിക്കുക എന്ന ആശയം പ്രസക്തമാകുന്നത്. പരിസ്ഥിതി വിഷയങ്ങളിൽ ഗാന്ധിയൻ പാത പിന്തുടർന്ന് നമുക്കു മുന്നോട്ടു പോകാം.