വിരമിച്ചെങ്കിലും ‘ആശാൻ’ പൊലീസിൽതന്നെ
text_fieldsഎം.എ. സുധൻ
കാഞ്ഞിരപ്പള്ളി: സേനയിൽനിന്ന് വിരമിച്ചെങ്കിലും ആശാൻ എന്ന് വിളിപ്പേരുള്ള സബ് ഇൻസ്പെക്ടർ കാഞ്ഞിരപ്പള്ളി സ്വദേശി മാമ്മൂട്ടിൽ വീട്ടിൽ എം.എ. സുധൻ ഇനിയും പൊലീസിനൊപ്പമുണ്ടാകും. കേസ് ഡയറി തയാറാക്കുന്നതിലെ അനുഭവസമ്പത്ത് തുടർന്നും ഉപയോഗപ്പെടുത്തുകയാണ് ഇനി ഇദ്ദേഹത്തിൻെറ ചുമതല. ജില്ലയിലെ 25 കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം എഴുത്തുജോലികൾ ചെയ്തതാണ് ഇദ്ദേഹത്തിന്റെ മുതൽക്കൂട്ട്. ചാർജ് ഷീറ്റ് തയാറാക്കൽ, മൊഴി രേഖപ്പെടുത്തൽ, മഹസർ തയാറാക്കൽ, കോടതിയിൽ നൽകാനുള്ള റിപ്പോർട്ട് തയാറാക്കൽ എന്നിവയിൽ വിദഗ്ധനാണ് ഇദ്ദേഹം.
പൊതുജനങ്ങൾക്ക് നിയമപരമായ പരിഹാരം സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞുകൊടുക്കുകയും കേസുകൾ എഴുതുകയും ചെയ്തതോടെ സുധൻ സഹപ്രവർത്തകരുടെ ‘ആശാൻ’ ആയി മാറി. 30 വർഷം സേനയിൽ ജോലി ചെയ്ത ഇദ്ദേഹം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. 2021ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ സുധന് ലഭിച്ചിട്ടുണ്ട്. അമ്പതോളം പൊലീസ് റിവാർഡുകൾ, മുപ്പത് ഗുഡ് സർവിസ് എൻട്രികൾ, നാല് ഡി.ജി.പിമാർ നൽകിയ അനുമോദന പത്രങ്ങൾ എന്നിവ മികവിന്റെ ഉദാഹരണമായുണ്ട്.
ഏറെ കോളിളക്കം സൃഷ്ടിച്ച കെവിൻ കേസിൽ ഐ.ജി വിജയ് സാക്കറയും എസ്.പി ഹരിശങ്കറും ക്രൈംബ്രാഞ്ച് എസ്.പി ഗിരീഷ് പി. സാരഥിയും അടങ്ങിയതായിരുന്നു അന്വേഷണ സംഘം. ഇതിന്റെ മുഴുവൻ എഴുത്തുജോലികളും ചെയ്തത് സുധനായിരുന്നു. കേസന്വേഷണം സുതാര്യവും ഫലപ്രദവുമായിരിക്കണം, തെളിവുകൾ ക്രോഡീകരിച്ച് ഫൈനൽ റിപ്പോർട്ട് തയാറാക്കി കോടതിയിൽ കൊടുക്കണം, പ്രോസിക്യൂഷനെ സഹായിക്കാൻ ഒരു പൊലീസുകാരൻ ഉണ്ടാകും. അത് ഒരു പ്രധാന ഘടകമാണ്. ഈ മൂന്ന് കാര്യങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നാണ് സുധന്റെ അഭിപ്രായം.
കോട്ടയം, ഇടുക്കി ജില്ലകളിൽ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം മേയ് 31നാണ് പാമ്പാടി സ്റ്റേഷനിൽനിന്ന് എസ്.ഐയായി വിരമിച്ചത്. മാതാവ് ഭാർഗവിയമ്മക്കും ഭാര്യ സന്ധ്യക്കുമൊപ്പം കാഞ്ഞിരപ്പള്ളിയിലാണ് താമസം. ജോലിക്കാരായ അരുണിമ, മധുരിമ എന്നിവരാണ് മക്കൾ.