അബ്ദുൽ അസീസ് മാഷും കുടുംബവും നാട്ടിലേക്ക്
text_fieldsഅബ്ദുൽ അസീസും ഭാര്യ ജലീലയും
അൽഐൻ: മികവുള്ള അധ്യാപകൻ, സെക്ഷൻ സൂപ്പർ വൈസർ, ഹെഡ് മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ എന്നീ സ്ഥാനങ്ങളിൽ സ്തുത്യർഹ സേവനങ്ങൾ നടത്തിയ അബ്ദുൽ അസീസ് മച്ചിങ്ങൾ അൽഐൻ ഒയാസിസ് ഇന്റനാഷനൽ സ്കൂളിന്റെ പടിയിറങ്ങുന്നു.
1992 ജനുവരിയിലാണ് ഇദ്ദേഹം അൽഐനിൽ എത്തുന്നത്. അൽഐനിലെ ഒയാസിസ് സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലിയിൽകയറി. ശേഷം ഇതേ സ്കൂളിലെ സെക്ഷൻ സൂപ്പർ വൈസർ, ഹെഡ് മാസ്റ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. അവസാന 10 വർഷക്കാലം സ്കൂളിന്റെ വൈസ് പ്രിൻസിപ്പലായിരുന്നു. സ്കൂളിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചു. അൽഐനിലെ മലയാളികൾക്കിടയിൽ അസീസ് മാഷ് എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
മനോഹരമായി കഥകൾ പറഞ്ഞ് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അസീസ് വിദ്യാർഥികൾക്കും സഹപ്രവർത്തകർക്കും ഏറെ പ്രിയങ്കരനായിരുന്നു. കർക്കശക്കാരനായ വൈസ് പ്രിൻസിപ്പലായപ്പോഴും കുട്ടികളോടും അധ്യാപകരോടും പഴയ സ്നേഹവും സൗഹൃദവും തുടർന്നുപോന്നു. വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് വിദ്യാർഥികളുടെ ഗുരുനാഥനായ ഇദ്ദേഹം പഠിപ്പിച്ച പലരും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്.
ഇസ്ലാമിക വിഷയങ്ങൾ പഠിപ്പിച്ചിരുന്ന അൽ മദ്റസത്തുൽ ഇസ്ലാമിയയുടെ പ്രിൻസിപ്പലായി 2008 മുതൽ 2021 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നീതിപൂർവമായും സൗഹാർദത്തോടെയും പെരുമാറിയിരുന്ന സ്കൂളിന്റെ നേതൃനിരയിലുള്ള ഒരാളാണ് അസീസ് സാറെന്ന് സഹ പ്രവർത്തകർ ഓർക്കുന്നു. അൽഐനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്നിരുന്ന ഇദ്ദേഹം ചില കൂട്ടായ്മകളുടെ നേതൃനിരയിലും നിറഞ്ഞുനിന്നിരുന്നു. മൂന്നര പതിറ്റാണ്ടോളം സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ഇദ്ദേഹത്തിന് ഒയാസിസ് ഇന്റർനാഷനൽ സ്കൂൾ മാനേജ്മെന്റും അധ്യാപകരും ഇതരജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. ഭാര്യ ജലീല അൽഐൻ ഒയാസിസ് സ്കൂളിലും ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലും ഇസ്ലാമിക വിഷയങ്ങളുടെ അധ്യാപികയായിരുന്നു. മാതൃ വാത്സല്യത്തോടെയാണ് ഇവർ കുട്ടികളെ പഠിപ്പിച്ചിരുന്നത്. അൽ ഐനിലെ വനിതാ കൂട്ടായ്മയിൽ സജീവമായിരുന്നു ഇവരും. മലപ്പുറം, മോങ്ങം സ്വദേശികളാണ് ഇവർ. ഹനാൻ, ഹംദ, ഫർദാൻ, ഫൈഹ എന്നിവരാണ് മക്കൾ. ഫൈഹ ഒയാസിസ് ഇന്റർനാഷനൽ സ്കൂളിലെ ഈ വർഷത്തെ 10ാം ക്ലാസ് വിദ്യാർഥിയായിരുന്നു.