അര നൂറ്റാണ്ട് നീണ്ടുനിന്ന പ്രവാസത്തിന് തിരശ്ശീല
text_fieldsഅന്നത്തെ ഇൻഡസ്ട്രി മിനിസ്റ്ററിൽനിന്ന് സർവിസ് അവാർഡ് സ്വീകരിക്കുന്നു
അര നൂറ്റാണ്ടുകാലം പ്രവാസലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതിനുശേഷം കണ്ണൂർ ജില്ലയിലെ താണ സ്വദേശിയായ അഹമ്മദ് റഫീഖ് ജന്മനാട്ടിലേക്ക് മടങ്ങുകയാണ്. തിരിഞ്ഞുനോക്കുമ്പോൾ തന്റെ പ്രവാസജീവിതം ഏറെ സാർത്ഥകവും അർത്ഥപൂർണവുമായി എന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവരുടെ അഭിപ്രായം. ബി.എസ്.സി രസതന്ത്രത്തിൽ ബിരുദധാരിയായ ഇദ്ദേഹം 1977 ഡിസംബർ ഒന്ന് മുതൽ 1978 സെപ്റ്റംബർ 30 വരെ മുംബൈയിലുള്ള ഹിന്ദുസ്താൻ പെട്രോളിയത്തിൽ ട്രെയിനിയായിക്കൊണ്ടാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് 1978 മുതൽ 1985 വരെ ഇൻസ്ട്രുമെന്റൽ ടെക്നിഷ്യനായി ഏഴു വർഷം സൗദിയിലെ അരാംകോയിൽ ജോലി ചെയ്തതിനു ശേഷമാണു ബഹ്റൈനിലെത്തുന്നത്. ഗൾഫ് എയറിൽ ജോലി ചെയ്തിരുന്ന മൂത്ത സഹോദരൻ അഷ്റഫ് ആണ് തനിക്കുവേണ്ടി ബഹ്റൈനിലെ ബനാ ഗ്യാസിലേക്ക് ജോലിക്കുവേണ്ടിയുള്ള അപേക്ഷ അയക്കുന്നത്. തുടർന്ന് 1985 ഡിസംബർ ഒന്നിന് ഇൻസ്ട്രുമെന്റ് ടെക്നീഷ്യനായി ഇവിടെ ജോലിയിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ ഡിസംബർ 31ന് സീനിയർ സൂപ്പർവൈസർ - ഇൻസ്ട്രുമെന്റ് / ഇലക്ട്രിക്കൽ ട്രെയിനിങ് എന്ന തസ്തികയിൽ ജോലി ചെയ്തുകൊണ്ടാണ് തന്റെ നാല് പതിറ്റാണ്ട് നീണ്ട ബനാഗ്യാസിലെ (നിലവിൽ ബാപ്കോ ഗ്യാസ്) ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നത്.
അഹമ്മദ് റഫീഖ്
വർഷങ്ങൾക്കപ്പുറം ബഹ്റൈനിൽ ആദ്യമായി വിമാനമിറങ്ങുമ്പോൾ എയർപോർട്ടിൽതന്നെ സ്വീകരിക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല. കമ്പനി ഏർപ്പാടാക്കിയ വണ്ടിയിലാണ് അക്കമഡേഷനിലേക്ക് പോയത്. എയർപോർട്ട് മുതൽ റിഫ വരെ യാത്ര ചെയ്യുമ്പോൾ ഇന്ന് കാണുന്ന അംബരചുംബികളായ മാളുകളോ, കെട്ടിടങ്ങളോ, പാലങ്ങളോ ഉണ്ടായിരുന്നില്ല. പഴയ സിത്ര പാലം വഴി എയർപോർട്ടിൽനിന്നും റിഫയിലേക്കെത്താൻ എടുത്തത് കഷ്ടിച്ചു 15 മിനിറ്റ് മാത്രം.
അഞ്ചു സഹോദരിമാർ ഉൾപ്പെടെ ഒമ്പത് അംഗങ്ങൾ അടങ്ങിയ വലിയ ഒരു കുടുംബമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഏതാണ്ടെല്ലാ കുടുംബബാധ്യതകളും പൂർത്തിയാക്കിയതിനുശേഷം 1996ലാണ് സ്വന്തമായി വീടുവെക്കുന്നത്.
തുടക്കത്തിൽ മൂന്ന് ഷിഫ്റ്റായിട്ടായിരുന്നു ജോലി. എട്ട് ആഴ്ചകൾ കഴിയുമ്പോഴാണ് വാരാന്ത്യ അവധി ദിനങ്ങളായ വ്യാഴവും വെള്ളിയും ഒഴിവ് ലഭിക്കാറുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കുടുംബം ബഹ്റൈനിലുണ്ടായിട്ടും പെരുന്നാളുകളും മറ്റും ആഘോഷിക്കുമ്പോൾ ജോലി എടുക്കേണ്ടിവന്നിരുന്നു. മൂന്നു ആൺകുട്ടികളും രണ്ടുപെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം. രണ്ടു ആൺകുട്ടികൾ ബഹ്റൈനിലും ഒരാൾ ആസ്ട്രേലിയയിലും കുടുംബസമേതം താമസിക്കുന്നു. ഒരു മകൾ യു.എ.ഇയിലാണ്. ഏറ്റവും ഇളയ മകളുടെ കല്യാണം അടുത്ത ജൂലൈയിലാണ് നിശ്ചയിച്ചിട്ടുള്ളത്.
നാല് പതിറ്റാണ്ട് നീണ്ടുനിൽക്കുന്ന തന്റെ ബഹ്റൈൻ പ്രവാസജീവിതത്തിനിടയിൽ രാജ്യത്തിന്റെ അതിശീഘ്രമുള്ള പുരോഗതിയും വളർച്ചയും നേരിൽ കാണാൻ സാധിച്ചു. അതോടൊപ്പം ഇവിടെയുള്ളവരുടെ സ്നേഹവും, സൗഹൃദവും, കരുതലും പ്രത്യേകം ഓർമ്മിക്കുന്നു. സ്വദേശികളായ അയൽവാസികളുമായുള്ള ബന്ധവും താൻ ജോലിക്ക് പോകുമ്പോൾ കൈക്കുഞ്ഞുങ്ങളുമായി ഫ്ളാറ്റിൽ കഴിയുന്ന തന്റെ കുടുംബത്തിന് അവരിൽ നിന്നും ലഭിക്കുന്ന കരുതലും സഹായങ്ങളും ഏറെ നന്ദിയോടെ മാത്രമേ ഓർക്കാൻ കഴിയുകയുള്ളൂ.
അന്നൊക്കെ ജീവിതച്ചെലവുകളും ഏറെ കുറവായിരുന്നു ഇവിടെ. മനാമയിലെ സെൻട്രൽ മാർക്കറ്റിൽ പോയാൽ ഒരു ദീനാർ കൊടുത്താൽ കിലോക്കണക്കിനു നല്ല ഫ്രഷ് മത്സ്യവും പഴങ്ങളും പച്ചക്കറികളും വാങ്ങാൻ കിട്ടുമായിരുന്നു. ഫ്രോസൻ ഫുഡും , ഫാസ്റ്റ് ഫുഡും തുടങ്ങി പുറത്തു നിന്നുള്ള ഭക്ഷണങ്ങൾ താരതമ്യേന കുറവായതുകൊണ്ട് ആ കാലത്ത് ആളുകൾക്ക് അസുഖങ്ങളും കുറവായിരുന്നു. മൊബൈൽ ഫോണുകൾ വളരെ അപൂർവം ആളുകളുടെ അടുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അത്യാവശ്യങ്ങൾക്ക് ആളുകൾ പേജർ ആണുപയോഗിച്ചിരുന്നത്. കുടുംബത്തോടൊപ്പം താമസിക്കുന്നവരും സ്വന്തമായി വാഹനങ്ങൾ ഉണ്ടായിരുന്നവരും വളരെ കുറവായിരുന്നു. എല്ലാവരും പരസ്പരം ഫ്ലാറ്റുകൾ സന്ദർശിക്കുകയും കുശലാന്വേഷണങ്ങൾ നടത്തുകയും വളരെ നല്ല വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്യാറുണ്ടായിരുന്നു. കൂടുതൽ റിസ്ക്കുകൾ ഏറ്റെടുക്കാനൊ അധികം ടെൻഷനും ഭാരവും ഉള്ള ജോലികൾ ചെയ്യാനോ പലർക്കും ഇന്ന് മടിയാണ്. എന്നാൽ തന്റെയൊക്കെ കാലത്ത് ഏത് ജോലി ചെയ്യാനുമുള്ള സന്നദ്ധതയും ത്യാഗമനസുമൊക്കെ ഉള്ള ആളുകളായിരുന്നു കൂടുതലും. എൻജിനീയർ ബിരുദധാരിയായ കണ്ണൂർ അറക്കൽ രാജവംശത്തിലെ ഒരംഗം തന്റെ കൂടെ കേവലം ഓപ്പറേറ്റർ ആയി ജോലി ചെയ്തതതും തങ്ങളുടെ ആത്മാർത്ഥതയും കഴിവും കണ്ട അധികൃതർ സ്ഥാനക്കയറ്റം നൽകിയതും ഇന്നും മധുരമുള്ള ഓർമകളാണ്. തന്റെ പ്രവാസജീവിതത്തിനിടയിൽ ഇവിടെയുള്ള ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഉൾപ്പെടെയുള്ള സാംസ്കാരിക , സാമൂഹിക, ജീവകാരുണ്യ സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കാനും സാധിച്ചിട്ടുണ്ട്. നാട്ടിലും ഇവിടെയുമുള്ള നിരവധി ആളുകൾക്ക് അതിലൂടെ കാരുണ്യത്തിന്റെ ചിറകുകൾ വിരിച്ചുകൊടുക്കാനുംകഴിഞ്ഞത് വലിയ ഒരു പുണ്യമായി കരുതുന്നു. നാട്ടിലുള്ളതും ഇവിടെയുള്ളതുമായ നിരവധി സ്ഥാപനങ്ങൾക്കും കൂട്ടായ്മകൾക്കും അത്താണിയാവാനും ഇതിനകം സാധിച്ചിട്ടുണ്ട്.
തങ്ങളുടെ വരുമാനം നിർബന്ധമായും ഭാര്യയെയും മക്കളെയും അടുത്ത ബന്ധുക്കളെയും അറിയിക്കണം എന്നതാണ് പ്രവാസികളോട് പൊതുവായി പറയാനുള്ള കാര്യം. പലരും തങ്ങളുടെ വരുമാനത്തെക്കുറിച്ചു മറ്റാരെയും അറിയിക്കാതെ വീട് നിർമാണത്തിലും മക്കളുടെയും ബന്ധുക്കളുടെയും വിവാഹത്തിലും കാണിക്കുന്ന അമിത ചെലവുകൾ കാരണം വലിയ കടക്കാരായി മാറുന്ന നിരവധി സംഭവങ്ങളുണ്ട്. വരുമാനത്തിനകത്ത് നിന്ന് കൊണ്ട് ജീവിക്കാനാണ് സ്വയം തയ്യാറാവേണ്ടതും മക്കളെ ശീലിപ്പിക്കേണ്ടതും.


