ജിമ്മൻ @ 90
text_fieldsമുഹമ്മ ആദിത്യ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ശങ്കുണ്ണി
ജിമ്മിലേക്ക് ചിലപ്പോൾ കാറിലായിരിക്കും വരവ്. അല്ലെങ്കിൽ സ്കൂട്ടർ. അതുമല്ലെങ്കിൽ സൈക്കിൾ. വന്നാലുടനെ ട്രെഡ് മില്ലിൽ അരമണിക്കൂർ. പിന്നെ ബഞ്ച് പ്രസ്, ഡെംബൽസ്, ലെഗ് എക്സ്റ്റൻഷൻ, വാംഅപ് മെഷീൻ, ചെസ്റ്റ് ഫ്ലൈയ്സ് എന്നിങ്ങനെ ഓരോന്നിലും മാറിമാറിയുള്ള വർക്കൗട്ടുകളിലായിരിക്കും.
പറഞ്ഞുവരുന്നത് 24കാരെൻറ ജിമ്മിലെ കസർത്തുകളെ കുറിച്ചല്ല. 90ാം വയസ്സിൽ ജിമ്മിന് പോയി തുടങ്ങിയ ആളെക്കുറിച്ചാണ്. വയസ്സ് 90 കഴിഞ്ഞ് മൂന്നുമാസമായെങ്കിലും പിള്ളേർക്കൊപ്പം ജിമ്മിൽ വർക്കൗട്ട് ചെയ്യുകയാണ് റിട്ട. അധ്യാപകനായ കെ.എ. ശങ്കുണ്ണി. ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് ചോദിച്ചാൽ അദ്ദേഹം തന്റെ പൊടിക്കൈകൾ പറഞ്ഞുതരും. അത് കേട്ടാൽ മനസ്സിലാകും 90ലും മല്ലനെപ്പോലെ മിന്നുന്നതിെൻറ ഗുട്ടൻസ്.
അന്ന് അങ്ങനെ
ജിം എന്നൊക്കെ പറഞ്ഞാൽ പിള്ളേരുടെ പരിപാടി എന്നാണ് എല്ലാവരും കരുതുന്നത്. തനിക്കത് അങ്ങനെ തോന്നിയില്ലെന്ന് ശങ്കുണ്ണി പറയുന്നു. നാലുമാസം മുമ്പ് മാത്രമാണ് ജിമ്മിൽ പോയിതുടങ്ങിയത്. അതിനു മുമ്പ് വർഷങ്ങളായി യോഗയും മറ്റുമായി തനി വയസ്സന്റെ പൊല്ലാപ്പുകളുമായി കഴിയുകയായിരുന്നു. ‘സന്ധികളിലെ വേദന, ഓർമകുറവ്, ക്ഷീണം എന്നിവയൊക്കെ ബാധിച്ച് അവശനായി കൊണ്ടിരിക്കുകയായിരുന്നു. കാർ ഓടിക്കൽ നിർത്തിയിട്ട് കുറേ കാലമായി.
ഓടിക്കുേമ്പാൾ ചിലപ്പോൾ കൈകളും കാലുകളുമൊക്കെ കോച്ചിപ്പിടിക്കും. വയറിന് കുഴപ്പവുമുണ്ടായിരുന്നു. പലതവണ ടോയ്ലറ്റിൽ പോകേണ്ടിവരും. അതിനാൽ പുറത്തേക്കൊക്കെ ഒന്നു പോകണമെന്നുവെച്ചാൽ ധൈര്യം വരില്ല. അങ്ങനെ കുറെ രോഗങ്ങളുടെ പിടിയിലായിരുന്നു. ഇതിനൊക്കെ ഡോക്ടറെ കണ്ടാൽ പ്രായം ഇത്രയൊക്കെയായില്ലേ. അതൊക്കെ കുറേ കാണും എന്നാവും പറയുക.’ അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഇങ്ങനെ
ജിമ്മിൽ പോയപ്പോൾ യോഗയൊക്കെ എന്തോന്ന് എന്ന തോന്നലാണത്രെ ഉണ്ടായത് -അദ്ദേഹം പറയുന്നു. ‘എല്ലാ ശാരീരിക ചലനങ്ങളും ജിമ്മിൽ ലഭിക്കും. യോഗാസനങ്ങളിൽ ചില പോയൻറുകളിലൊന്നും ചലനമുണ്ടാകില്ല. ഇതങ്ങനെയല്ല. ശരീരത്തിന് നല്ല ബലം ലഭിക്കും. സന്ധി വേദനയും മറവിയും ക്ഷീണവുമെല്ലാം മാറി. വയറിെൻറ കുഴപ്പം മാറി. വളരെ എനർജറ്റിക് ആണ്. ഇപ്പോൾ ഈസിയായി കാർ ഓടിക്കുന്നു. കോച്ചിപ്പിടിത്തമൊന്നും അനുഭവപെടുന്നില്ല’’.
ജിമ്മിനൊപ്പം ഫാസ്റ്റിങും
ശങ്കുണ്ണിസാറിനെ ചെറുപ്പക്കാരനാക്കിമാറ്റിയത് ജിം മാത്രമല്ല. ഇൻറർമിറ്റൻറ് ഫാസ്റ്റിങ് ചെയ്യുന്നുണ്ട്. ആറുമാസമായി അതനുസരിച്ച് ഭക്ഷണം കഴിക്കുന്ന സമയക്രമത്തിലും രീതിയിലും മാറ്റംവരുത്തി. രാവിലെയും ഉച്ചക്കും ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ പിന്നെ ഒന്നും കഴിക്കില്ല. 18 മണിക്കൂറോളം ആമാശയത്തിന് വിശ്രമം നൽകും.
പ്രാതലിന് പ്രോട്ടീൻ സമൃദ്ധമായ ആഹാരം. മുട്ട, പയർവർഗങ്ങൾ, ഏത്തപ്പഴം, പച്ചക്കറികൾ തുടങ്ങിയവയൊക്കെയാണ് കഴിക്കുക. കാർബോഹൈഡ്രേറ്റുള്ളവ കഴിക്കില്ല. ഉച്ചക്ക് കാർബോഹൈഡ്രേറ്റുള്ളവ ഉൾപ്പെടുത്തും.
ചോറ്, മത്സ്യം, മാംസം തുടങ്ങി എന്തും കഴിക്കും. ഇതോടൊപ്പം ജിമ്മും കൂടിയായപ്പോഴാണ് ആകെ മാറ്റം ഉണ്ടായത്. പ്രായം ഏറുേമ്പാൾ വിറ്റാമിനുകളുടെ കുറവുണ്ടാകും. അതിന് എല്ലാത്തരം വൈറ്റമിൻ ഗുളികകളും കഴിക്കുന്നുണ്ട്. അതല്ലാതെ മരുന്നുകൾ ഒന്നുപോലുമില്ല. മരുന്നില്ലാതെയാണ് വലിയ മാറ്റം ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ യോഗ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശങ്കുണ്ണിസാർ ജിമ്മിൽ വരുന്നതറിഞ്ഞ് ഇപ്പോൾ പ്രായമായ പലരും ജിമ്മിൽ വരാൻ തുടങ്ങിയെന്ന് മുഹമ്മ ആദിത്യ ജിംനേഷ്യത്തിലെ ട്രെയിനർ ബിജു പറയുന്നു.