സന്തോഷത്തിന്റെ ഓണക്കാലം
text_fieldsവി.ഡി. സതീശൻ
വല്ലാത്തൊരു സ്വാതന്ത്ര്യമാണ് ഓണക്കാലത്ത് കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് കിട്ടിയിരുന്നത്. ഓണാഘോഷങ്ങളിലെ അംഗസംഖ്യയും വലുതായിരുന്നു
ഓണത്തെക്കുറിച്ചുള്ള എന്റെ ഓർമകളൊക്കെയും കുട്ടിക്കാലവുമായി ബന്ധപ്പെട്ടുള്ളവയാണ്. പരീക്ഷയും കഴിഞ്ഞുള്ള അവധിക്കാലമായതിനാല്‍ വല്ലാത്തൊരു സ്വാതന്ത്ര്യമാണ് ഓണക്കാലത്ത് കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് കിട്ടിയിരുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ കളിച്ചുനടക്കാം. ഓണാഘോഷവുമായി ബന്ധപ്പെട്ട് നെട്ടൂരിലെ ഫ്രണ്ട്സ് ആര്‍ട്സ് ക്ലബും ലളിതകലാ നിലയവും സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും ഞങ്ങള്‍ പങ്കെടുക്കുമായിരുന്നു.
മൂന്നു സഹോദരന്മാരും ഒരു സഹോദരിയും അടക്കം ഞങ്ങള്‍ അഞ്ചുപേര്‍ ചേര്‍ന്നൊരു വലിയൊരു കുടുംബമാണ്. അച്ഛന്റേയും അമ്മയുടേയും വീടുകള്‍ അടുത്തടുത്തായതിനാല്‍ ഓണാഘോഷങ്ങളിലെ അംഗസംഖ്യയും വലുതായിരുന്നു. ജനപ്രതിനിധിയായും പിന്നീട് പ്രതിപക്ഷ നേതാവുമായി തിരക്ക് കൂടിയ ശേഷവും നെട്ടൂരിലെ തറവാട്ടില്‍ സഹോദരങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമിരുന്ന് ഓണസദ്യ കഴിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്.
എല്ലാ വര്‍ഷവും ഓണം ആഘോഷിക്കാറുണ്ടെങ്കിലും 2018ലെ ഓണക്കാലം ഭീതിയോടെ മാത്രമേ ഇപ്പോഴും ഓര്‍ക്കാനാകൂ. ആ വര്‍ഷം ആഗസ്റ്റ് 9 മുതല്‍ പ്രളയമായിരുന്നു. പറവൂര്‍ നിയോജകമണ്ഡലത്തിലെ 2000 വീടുകളാണ് തകര്‍ന്നത്. ഒന്നര ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വന്നു. അങ്ങനെ ആ പ്രളയകാലം ഓണം ഇല്ലാത്തൊരു കാലമായി ഇന്നും വേദനയായി മനസ്സില്‍ തങ്ങിനില്‍ക്കുന്നു.