കുങ്കുമപ്പൂക്കൾ പൂക്കുന്ന നേരം...
text_fieldsരാമമൂർത്തി
തൊടുപുഴ: എല്ലാ നേട്ടങ്ങൾക്കു പിന്നിലും പ്രയത്നത്തിന്റെയും കഷ്ടപ്പാടിന്റെയും കഥയുണ്ടാകും. കാന്തല്ലൂർ പെരുമലയിലെ കുങ്കുമപ്പൂവിന്റെ വിളവെടുപ്പും അതുപോലെതന്നെ. കേരളത്തിൽ ആദ്യമായി കുങ്കുമപ്പൂ വിളവെടുത്ത കർഷകനെന്ന വിളിപ്പേര് നേടി നിൽക്കുമ്പോൾ തോറ്റോടിപ്പോകാതെ ഒരു കുങ്കുമപ്പൂവെങ്കിലും വിളവെടുത്ത് കാണണമെന്ന ലക്ഷ്യത്തിൽ നടത്തിയ ശ്രമം വിജയിച്ച കഥയാണ് രാമമൂർത്തിക്ക് പറയാനുള്ളത്.
കാന്തല്ലൂർ പെരുമല സ്വദേശി ബി. രാമമൂർത്തി ഒരു സുപ്രഭാതത്തിൽ കുങ്കുമപ്പൂ കൃഷി തുടങ്ങിക്കളയാം എന്ന് കരുതി മണ്ണിലേക്കിറങ്ങിയ ആളല്ല. 47കാരനായ രാമമൂർത്തിയുടെ കുടുംബം പാരമ്പര്യമായി കർഷകരാണ്. വളരെ ചെറുപ്പത്തിലേതന്നെ കൃഷിയിടത്തിലേക്ക് ഇറങ്ങിയയാളാണ് രാമമൂർത്തി. ശീതകാല പച്ചക്കറികളും സ്ട്രോബറിയും വെളുത്തുള്ളിയുമൊക്കെ ഇദ്ദേഹം കൃഷിചെയ്ത് വരുന്നു.
ഇപ്പോൾ പാട്ടത്തിനും അല്ലാതെയുമായി മൂന്നേക്കറോളം കൃഷിയുണ്ട്. ഇതിനിടെയാണ് കുങ്കുമപ്പൂ കൃഷി എന്ന ആഗ്രഹം മനസ്സിൽ കയറുന്നത്. ഇടുക്കി കൃഷി വികാസ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ഡോ. സുധാകർ സൗന്ദർരാജ് ശ്രീനഗറിലെ പെരമ്പോൾ ഗ്രാമത്തിൽനിന്നാണ് കുങ്കുമപ്പൂവിന്റെ കിഴങ്ങുകൾ കൊണ്ടുവന്നത്. പലർക്കും വിതരണം ചെയ്തപ്പോൾ രാമമൂർത്തിക്കും നൽകി. കൃഷി ചെയ്യാനുള്ള പാഠങ്ങളും പകർന്നുനൽകി. ഒരുവർഷം മുമ്പാണ് പരീക്ഷണാർഥം ആദ്യം കൃഷി തുടങ്ങിയത്. എന്നാൽ, തോന്നുംപോലെ പെയ്ത മഴ പ്രതീക്ഷകളെ തകർത്തു. മൊട്ടിട്ടെങ്കിലും പൂവാകാതെ പലതും കൊഴിഞ്ഞുപോയി.
കിഴങ്ങ് കിട്ടിയ പലരും ഇതോടെ കുങ്കുമപ്പൂ കൃഷി ഉപേക്ഷിച്ച് മറ്റ് കൃഷികൾ തുടങ്ങി. എന്നാൽ, രാമമൂർത്തി പിന്തിരിഞ്ഞില്ല. എങ്ങനെയും കുങ്കുമപ്പൂ പൂവിട്ട് കണ്ടിട്ടുതന്നെ കാര്യമെന്ന് രാമമൂർത്തി തീരുമാനിച്ചു. 25 സെന്റ് സ്ഥലത്ത് വീണ്ടും കിഴങ്ങ് നട്ടു. ഇതിൽ 13 സെന്റ് പോളി ഹൗസും 12 സെന്റ് പറമ്പുമായിരുന്നു. ഒന്നരമാസത്തെ പരിപാലനത്തിൽ 12 സെന്റ് കിഴങ്ങുകളിലെ പൂവിട്ടു. ഇത്തവണ 300 പൂവിൽനിന്ന് ഒന്നരഗ്രാം കുങ്കുമപ്പൂവാണ് ലഭിച്ചത്. കഴിഞ്ഞ തവണ മഴയിൽ പൂക്കൾ ചീഞ്ഞതിനാൽ ഇത്തവണ കാലാവസ്ഥ നോക്കിയായിരുന്നു കൃഷി. പൂവിട്ടവയാകട്ടെ ശ്രീനഗറിനേക്കാൾ 1.5 മില്ലീമീറ്റർ കൂടുതൽ വലുപ്പമുള്ള പൂക്കളാണ്.
പോളി ഹൗസിലെ പൂക്കൾ ഉടൻ പൂക്കുമെന്നാണ് രാമമൂർത്തി പറയുന്നത്. അച്ഛൻ ഭഗവതിയും അമ്മ മൈനാവതിയും ഭാര്യ സൂര്യപ്രഭയും സഹായവുമായി ഒപ്പമുണ്ട്. പലരും നല്ല തുക നൽകാമെന്ന് പറഞ്ഞെങ്കിലും ആദ്യമായി വിളവെടുത്ത കുങ്കുമപ്പൂ സ്വന്തം ആവശ്യത്തിന് എടുക്കുമെന്നാണ് രാമമൂർത്തി പറയുന്നത്. കാന്തല്ലൂരിലെ തണുത്ത കാലാവസ്ഥ അനുകൂലമായതിനാൽ അടുത്തവർഷം കൂടുതൽ കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരേക്കറിൽ ഒരുലക്ഷം കിഴങ്ങുവരെ നടാം. ഇതിൽനിന്നും 2.4 മുതൽ 2.50 ലക്ഷം പൂക്കൾ കിട്ടും. ഇത് ഒന്നരക്കിലോ വരും. ഒരുകിലോ കുങ്കുമപ്പൂവിന് മൂന്നുലക്ഷം രൂപയാണ് വിപണി വില.
ശ്രീനഗറിലേതിനേക്കാൾ ഗുണം, മണം, വലുപ്പം എന്നിവ കാന്തല്ലൂർ പെരുമലയിലെ കുങ്കുമപ്പൂവിനുണ്ട്. കുങ്കുമപ്പൂ കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയും മണ്ണുമാണ് പെരുമലയിലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. നല്ല തണുപ്പുള്ള നവംബർ-ഡിസംബർ മാസങ്ങളിൽ മാത്രമേ വിളവെടുപ്പ് നന്നായി നടക്കൂ. കുങ്കുമപ്പൂ പരീക്ഷണ വിജയത്തിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ രാമമൂർത്തിയും കുടുംബവും.