ഹാഷിറിന്റെ ലോക ശേഖരം
text_fieldsഹാഷിർ
ലോകത്തെ ഏറ്റവും വിനിമയ മൂല്യമുള്ള കറൻസികൾ മുതൽ ഏറ്റവും മൂല്യം കുറഞ്ഞ കറൻസികളും ഹാഷിറിന്റെ ശേഖരത്തിലുണ്ട്
ആറാം തരം ക്ലാസിലെ കുട്ടികളോടായി ആ അധ്യാപകൻ പറഞ്ഞു. ‘ശാസ്ത്രമേള നടക്കുകയാണ്, നിങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ വിദേശ നാണയങ്ങളുണ്ടെങ്കിൽ കൊണ്ടുവരണം. നമുക്ക് മേളയിൽ പ്രദർശിപ്പിക്കാം’. ക്ലാസിലെ മിടുക്കനൊ‘ന്നുമല്ലെങ്കിലും ഹാഷിറിനും ഒരാഗ്രഹം. ശാസ്ത്രമേളയിൽ എന്റേതായൊരു സംഭാവനയുണ്ടാകണം. പ്രവാസിയായ അമ്മാവൻ ഹമീദ് നരിക്കാട്ടേരിയോട് വിഷയം പറഞ്ഞു. അദ്ദേഹം കയ്യിലുണ്ടായിരുന്ന 10 വിദേശ നാണയത്തുട്ടുകൾ അവന് നൽകി. ശാസ്ത്രമേളയിൽ പ്രദർശിപ്പിച്ചു. സന്തോഷത്തോടെ നാണയം തിരിച്ചേൽപിക്കാൻ വന്നപ്പോൾ അമ്മാവൻ ‘അത് മോൻ വെച്ചോ’യെന്ന് മടക്കി. കുഞ്ഞുകൈയിൽ ബാക്കിയായ ആ നാണയത്തുട്ട് ഹാഷിറിന് ഒരു തുടക്കമായിരുന്നു. പതിറ്റാണ്ടുകളോളമായി തുടരുന്ന ഒരു ഹോബിയുടെ തുടക്കം.
13ാമത്തെ വയസിൽ നാണയ, നോട്ട് ശേഖരണം തുടങ്ങിയ കോഴിക്കോട് വാണിമേൽ സ്വദേശിയായ ഹാഷിറിന്റെ നിലവിലെ കലക്ഷൻ കണ്ടാൽ ആരും ഞെട്ടിപ്പോകും. ഒരുപക്ഷേ മലയാളികൾക്കിടയിൽ ഇത്രയേറെ ലോക രാജ്യങ്ങളിലെ നാണയങ്ങളും നോട്ടുകളും കൈവശമുള്ള മറ്റൊരു വ്യക്തിയുണ്ടോയെന്നത് സംശയമായിരിക്കും. ഹാഷിർ 20ാമത്തെ വയസിൽ പ്രവാസിയായെങ്കിലും തന്റെ ഹോബി ഉപേക്ഷിച്ചില്ല. എന്നുമാത്രമല്ല, യു.എ.ഇയിൽ എത്തിയത് വിവിധ രാജ്യക്കാരെ കാണാനും തന്റെ നാണയ, നോട്ട് ശേഖരത്തിലേക്ക് പുതിയ അഥിതികളെ കണ്ടെത്താനുമുള്ള വഴിയായി അദ്ദേഹം സ്വീകരിച്ചു. ലോകത്ത് ഇന്ന് നിലവിലുള്ള മിക്ക രാജ്യങ്ങളുടെയും കറൻസികൾ ഇപ്പോൾ ശേഖരത്തിലുണ്ട്. മാത്രമല്ല, കാലത്തിന്റെ കുത്തൊഴുക്കിൽ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായ രാജ്യങ്ങളുടെ പോലും നോട്ടുകളുമുണ്ട്.
ഈസ്റ്റിന്ത്യ കമ്പനി ഇന്ത്യയിൽ ഉപയോഗിച്ച കറൻസി, ബ്രിട്ടീഷ് കാലത്തെ നാണയങ്ങൾ, തിരുവിതാംകൂറിലെ രാജഭരണകാലത്തെ കറൻസി, പാകിസ്താനും ബഗ്ലാദേശും ഒറ്റ രാജ്യമായിരുന്ന കാലത്തെ നോട്ടുകൾ, യു.എ.ഇയിൽ ഉപയോഗിച്ചിരുന്ന രൂപ നോട്ട്, ഹജ്ജിനായി പ്രത്യേകം പാകിസ്താൻ പുറത്തിറക്കിയ നോട്ട്, സോവിയറ്റ് യൂനിയന്റെ കാലത്തെ നോട്ട്, പോർചുഗീസുകാർ ഉപയോഗിച്ച അൾട്രാ മറീന കറൻസി, സദ്ദാമിന്റെ കാലത്തെ ഇറാഖ് കറൻസി എന്നിവ ചരിത്രത്തിലെ പല കാലങ്ങളെ കുറിച്ച് നമ്മോട് സംസാരിക്കുന്നതാണ്. ഇതിന് പുറമെ, പുതിയ കാലത്തെ നോട്ടുകളുടെ വിപുലമായ ശേഖരവുമുണ്ട്.
ഇന്ത്യയും യു.എ.ഇയും ഇറക്കിയ ഒട്ടുമിക്ക നോട്ടുകളുടെയും കറൻസികളുടെയും ശേഖരമാണ് ഇതിൽ പ്രധാനമായിട്ടുള്ളത്. ഇന്ത്യൻ റിസർവ് ബാങ്കിന്റെ മുഴുവൻ ഗവർണർമാരുടെയും ഒപ്പുകൾ പതിഞ്ഞ നോട്ടുകൾ ശേഖരത്തിൽ കാണാം. വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ പൊളിമർ നോട്ടുകൾ(ആദ്യമായി പൊളിമർ നോട്ടിറക്കിയ ആസ്ട്രേലിയയുടേത് ഉൾപ്പെടെ), ഖത്തർ വേൾഡ് കപ്പിന് പ്രത്യേകമായി ഇറങ്ങിയ ഖത്തർ, റഷ്യ, ഫിജി എന്നീ രാജ്യങ്ങളുടെ നോട്ടുകൾ, പല രാജ്യങ്ങളുടെയും അൺകട്ട് നോട്ടുകൾ, ലോകത്തെ ഏറ്റവും ചെറിയ സ്റ്റാമ്പ് നോട്ട് എന്നിവയും ശേഖരത്തിലുണ്ട്.
ഹാഷിർ തന്റെ നോട്ടുശേഖരത്തോടൊപ്പം
വാണിജ്യപ്രവർത്തനത്തിന് കൊടുക്കാതെ പ്രത്യേകം സൂക്ഷിക്കുന്ന നോട്ടുകളാണ് അൺകട്ട് നോട്ടുകൾ. അതുപോലെ നിർമാണത്തിൽ അപാകത സംഭവിച്ച ഇന്ത്യയുടെ കോയിനുകളും ശേഖരത്തിൽ കാണാനാവും. 786, 313, 420, 916 എന്നിങ്ങനെ പ്രത്യേകതയുള്ള നമ്പറുകൾ അവസാനത്തിൽ വരുന്ന നോട്ടുകൾ ശേഖരിക്കുന്നതും ഹാഷിറിന് ഹോബിയാണ്. ഇത്തരം നമ്പറുകളുള്ള ഇന്ത്യൻ രൂപയുടെ എല്ലാ നോട്ടുകളും ശേഖരിച്ചുവെച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും വിനിമയ മൂല്യമുള്ള കറൻസികൾ മുതൽ ഏറ്റവും മൂല്യം കുറഞ്ഞ കറൻസികളും ഹാഷിറിന്റെ കയ്യിലുണ്ട്. കുവൈത്തിന്റെയും ഒമാന്റെയും കറൻസികളാണ് പ്രധാനമായും മൂല്യം കൂടിയതിൽ ഉൾപ്പെടുന്നത്. എന്നാൽ സിംബാവെയുടെ ‘നൂറ് ട്രില്യൻ ഡോളറി’ന്റെ നോട്ടും ശേഖരത്തിലുണ്ട്. ഒന്നിന് ശേഷം 14പൂജ്യങ്ങളുള്ള ഈ നോട്ട് അതിശയിപ്പിക്കുന്ന ഒന്നാണ്.
സിംബാവെയിലെ നോട്ടിന് മൂല്യം കുറഞ്ഞതാണ് ഇത്രയും വലിയ തുകയാകാനുള്ള കാരണം. അണ, കാശ്, ഓട്ടമുക്കാൽ, ബ്രിട്ടീഷ് നാണയം, വിക്റ്റോറിയ നാണയം, വെള്ളി നാണയം, ഇന്ത്യൻ നേതാക്കളെ ആലേഖനം ചെയ്ത നോട്ടുകളും നാണയങ്ങളും, വിവിധ രാജ്യങ്ങളിലെ ഫാൻസി നമ്പർ കറൻസികൾ, ഇന്ത്യയിൽ നിരോധിച്ച നോട്ടുകൾ, അമേരിക്കയിലെ 50സ്റ്റേറുകളിൽ പുറത്തിറക്കിയ വൺ ക്വാർട്ടർ ഡോളറിന്റെ കോയിനുകൾ തുടങ്ങിയവയും ശേഖരത്തിലുണ്ട്. മാത്രമല്ല, വിവിധ വർണങ്ങളിലുള്ള ആസ്ത്രേലിയൻ നാണയങ്ങളും കൂട്ടത്തിലുണ്ട്. എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ള വിവിധ ലോക രാജ്യങ്ങളുടെ നോട്ടുകളും അപൂർവമായ ശേഖരമാണ്.
ഉപജീവനം ഷാർജയിലാണെങ്കിലും തന്റെ നാണയ, നോട്ട് കലക്ഷൻ 90ശതമാനവും സൂക്ഷിച്ചിരിക്കുന്നത് നാട്ടിലാണ്. നാട്ടുകാർക്ക് ഹാഷിറിന്റെ ഹോബിയെ കുറിച്ച് അടുത്ത കാലം വരെ അറിയുമായിരുന്നില്ല. എന്നാൽ സമീപകാലത്ത് മാധ്യമങ്ങൾ ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് അടുത്ത സുഹൃത്തുകളടക്കമുള്ളവർ ഇതറിയുന്നത്. നാണയ, നോട്ട് ശേഖരണം ഹോബിയാക്കിയവരുടെ കൂട്ടായ്മകളിലൂടെ നിലവിൽ ഹാഷിറിന് ഈ മേഖലയിൽ വിപുലമായ ബന്ധങ്ങളുണ്ട്. ജോലിക്കിടയിൽ കയ്യിലുള്ള ശേഖരം പല വിദേശികൾക്കും പരിചയപ്പെടുത്തുമ്പോൾ, അവരുടെ രാജ്യത്തെ നോട്ടുകൾ തരാറുണ്ടെന്ന് ഹാഷിർ പറയുന്നു. സ്കൂളുകളിലും മറ്റും നോട്ട് ശേഖരം പ്രദർശിപ്പിക്കാൻ പലരും ഇപ്പോൾ ക്ഷണിക്കുന്നുണ്ട്.
ഹോബി തുടരുന്നതിനൊപ്പം സമൂഹത്തിനും പുതിയ തലമുറക്കും നാണയ വൈവിധ്യങ്ങൾ പരിചയപ്പെടുത്താനും ആഗ്രഹമുണ്ട്. നിലവിൽ നാണയ, നോട്ട് ശേഖരണം ഹോബിയാക്കിയവരുടെ കൂട്ടായ്മകളായ കേരള പ്രവാസി ഫിലാറ്റലിക് ന്യൂമിസ്മാറ്റിക് അസോസിയേഷൻ യു.എ.ഇ, മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റി, ന്യൂമിസ്മാറ്റിക് ആൻഡ് ഫിലാടെലിക് സൊസൈറ്റി തിരൂർ, ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ കോഴിക്കോട് എന്നിവയിൽ അംഗം കൂടിയാണ്. വാണിമേൽ നീളംപറമ്പത്ത് അന്ത്രുക്കുട്ടി-സുലൈഖ ദമ്പതികളുടെ മകനാണ് ഹാഷിർ. ഭാര്യ സാജിത. ഹാമിദ് യാസീൻ, മുഹമ്മദ് ഹംദാൻ, മുഹമ്മദ് ഹൈസം എന്നവർ മക്കളാണ്.