സൂരജിനെ തേടിയെത്തിയത് അശരണർക്ക് തുണയേകിയ പോരാട്ട ജീവിതത്തിനുള്ള അംഗീകാരം
text_fieldsസൂരജ്
കൊടുങ്ങല്ലൂർ: സൂരജിനെ തേടിയെത്തിയത് ഡോക്ടർമാരുടെ വിധിയെഴുത്തിനെ മാറ്റിമറിച്ച് അനേകർക്ക് തുണയേകിയ പോരാട്ട ജീവിതത്തിനുള്ള വലിയ അംഗീകാരം.
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചതിനുള്ള മാതൃക വ്യക്തിത്വത്തിനുള്ള സംസ്ഥന സർക്കാർ പുരസ്കാരം അർഹതക്കുള്ള അംഗീകാരമായി. എടവിലങ്ങ് കുഞ്ഞൈനി പനങ്ങാട്ട് പരേതനായ ആനന്ദന്റെയും രത്നത്തിന്റെയും മകൻ സൂരജിന്റെ ജീവിതം അപ്രതീക്ഷിതമായാണ് വീൽ ചെയറിലേക്ക് മാറിയത്. 12 വർഷം മുമ്പ് സൗദിയിൽ പ്രവാസിയായിരിക്കെ നാട്ടിൽ അവധിയിലെത്തിയ വേളയിൽ കൊല്ലത്തുണ്ടായ അപകടത്തിൽ സ്പൈനൽ കോഡിന് പരിക്കേറ്റ സൂരജ് അതിജീവനത്തിന്റെ വിജയഗാഥ രചിക്കുന്നതാണ് പിന്നീട് കണ്ടത്.
അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ഭിന്നശേഷിക്കാരടങ്ങുന്ന "ഈഗിൾ സ്പെഷ്യലി ഏബിൾഡ് റൈഡേഴ്സ്" എന്ന സംഘടനയുടെ നേതൃത്വത്തിൽ ഡൽഹി -ലഡാക്ക്-കാർഗിൽ യാത്ര നടത്തി എ.എച്ച്.സി.എഫ് ഗ്ലോബൽ ബുക്ക് ഓഫ് റെക്കോർഡ് നേടിയിട്ടുണ്ട്. കാർഗിൽ റൈഡും സോസ്സില്ല പാസുമൊക്കെ താണ്ടിയാണ് സൂരജും ഭാര്യ സൗമ്യയും അന്ന് ലക്ഷ്യം കണ്ടത്.
2017 മുതൽ പേപ്പർ പേനകൾ, ഫയലുകൾ, കലണ്ടർ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെ നിർമ്മാണം ആരംഭിച്ചു. 5000 ൽ അധികം ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അമ്മ ട്രസ്റ് വഴി സൗജന്യമായി തൊഴിൽ സാമഗ്രികളും നൽകി. ഡൽഹി-ഹിമാചൽ സോളാൻ റൈഡും ഡൽഹി-കാർഗിൽ റൈഡും നടത്തിയതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഗോൾബൽ ബുക്ക് ഓഫ് റെക്കോർഡും ലഭിച്ചു. 2022ൽ എൻ.സി.പി.ഇ.ഡി.പിയുടെ ഹെലൻ കെല്ലർ അവാർഡ് ലഭിച്ചു.
വോയ്സ് ഓഫ് ഡിസേബിൾഡ് സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഈ 42കാരൻ ഡിസംബറിൽ ഈഗിൾ സ്പെഷലി എബിൾഡ് റൈഡേഴ്സിന് ഒരുങ്ങുകയാണ്.
കേരളത്തിലെ ഭിന്നശേഷിക്കാരുടെ സംഘടനയായ വോയ്സ് ഓഫ് ഡിസേബിൾഡിന്റെ പ്രതിനിധിയായാണ് സൂരജ് യാത്ര ചെയ്യുന്നത്. ഭിന്നശേഷിക്കാർക്ക് അപ്രപ്യമായ പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങൾ എന്നിവ വീൽചെയർ ഫ്രണ്ട്ലി ആക്കാനും റാമ്പ്, ലിഫ്റ്റ്കൾ നിർമിച്ച് ഭിന്നശേഷിക്കാരെ കൂടി സമൂഹം ചേർത്ത് പിടിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് യാത്ര. അഞ്ച് ഭിന്നശേഷിക്കാരാണ് 12 സംസ്ഥാനങ്ങളിൽ കൂടിയുള്ള 6000 കിലോമീറ്റർ ഭാരത യാത്രയിൽ പങ്കെടുക്കുന്നത്.