Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഅന്ന് പിസ്സ ഡെലിവെറി...

അന്ന് പിസ്സ ഡെലിവെറി ബോയ്, ഇന്ന് മൂന്ന് റസ്റ്റോറന്‍റിന്‍റെ ഉടമ; ഒരു ഇന്ത്യക്കാരൻ ആസ്‌ട്രേലിയയിൽ അതിജീവിച്ച 11 വർഷങ്ങൾ

text_fields
bookmark_border
Pizza Delivery
cancel
camera_altപ്രതീകാത്മക ചിത്രം

ഉന്നത വിദ്യാഭ്യാസത്തിനായി 11 വർഷം മുമ്പ് ആസ്ട്രേലിയയിലേക്ക് ചേക്കേറിയ ഒരു ഇന്ത്യൻ യുവാവിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പിസ്സ ഡെലിവറി ബോയ് ആയി തുടങ്ങി, ഇന്ന് മൂന്ന് പിസ്സ ഫ്രാഞ്ചൈസികളുടെ ഉടമയും ആസ്ട്രേലിയൻ പൗരനുമായി മാറിയ യുവാവിന്റെ കഥയാണ് എല്ലാവരെയും പ്രചോദിപ്പിക്കുന്നത്.

യുവാവിന്റെ ഭാര്യാ സഹോദരനും സംരംഭകനുമായ വിനീത് കെ ആണ് ഈ വിജയകഥ എക്സിൽ പങ്കുവെച്ചത്. പഠനത്തിന് ശേഷം താൻ പഠിച്ച മേഖലയിൽ ജോലി ലഭിക്കാൻ യുവാവ് ഏറെ ശ്രമിച്ചിരുന്നു. എന്നാൽ മെറിറ്റ് ഇല്ലാത്തതിനാൽ ആഗ്രഹിച്ച ജോലി ലഭിച്ചില്ല. ഒടുവിൽ ഒരു പിസ്സ ഷോപ്പിൽ ഫുൾ ടൈം ജോലിക്ക് കയറി. ഓർഡറുകൾ തയാറാക്കുന്നതും പിസ്സ ഡെലിവറി ചെയ്യുന്നതുമായിരുന്നു പ്രധാന ജോലി.

‘11 വർഷം മുൻപാണ് അവൻ പഠിക്കാൻ ആസ്ട്രേലിയയിൽ പോയത്. മെറിറ്റ് ഇല്ലാത്തതിനാൽ സ്വന്തം മേഖലയിൽ ജോലി കിട്ടിയില്ല. പിന്നീട് ഒരു പിസ്സ ഷോപ്പിൽ ഫുൾ ടൈം ജോലി കിട്ടി. അവിടെ ജോലി ചെയ്ത് 3 വർഷത്തിന് ശേഷം, പങ്കാളിത്തത്തോടെയും കുറച്ച് ഫണ്ടിലൂടെയും ഒരു പിസ്സ ഫ്രാഞ്ചൈസി ഏറ്റെടുത്തു’ എന്നാണ് വിനീത് കുറിച്ചത്.

പിസ്സ ഷോപ്പിൽ മൂന്ന് വർഷത്തെ കഠിനാധ്വാനത്തിന് ശേഷം, സ്വരൂപിച്ച പണം കൊണ്ട് ഒരു ബിസിനസ് പങ്കാളിയുമായി ചേർന്ന് അയാൾ ഒരു പിസ്സ ഫ്രാഞ്ചൈസി സ്വന്തമാക്കി. അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. പിന്നീട് ബിസിനസ് പടിപടിയായി വളർന്നു. രണ്ട് ഫ്രാഞ്ചൈസികൾ കൂടി സ്വന്തമാക്കി.

ഈ കാലയളവിൽ വ്യക്തിജീവിതത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. കോവിഡ് കാലത്ത് ഇന്ത്യയിലെത്തി വിവാഹിതനായി, ഭാര്യയെ ആസ്ട്രേലിയയിലേക്ക് കൊണ്ടുപോയി. ബിസിനസ് വളർന്നതോടെ സാമ്പത്തിക ഭദ്രതയും കൂടി. ആസ്ട്രേലിയയിൽ ഒരു വീടും ബിഎംഡബ്ല്യു കാറും സ്വന്തമാക്കി. ഹൈദരാബാദിൽ ഒരു വീട് വെക്കുകയും മാതാപിതാക്കളെ ആസ്ട്രേലിയയിലേക്ക് കൊണ്ടുവരികയും ചെയ്തു.

11 വർഷത്തെ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ആഴ്ച യുവാവിനും കുടുംബത്തിനും ആസ്ട്രേലിയൻ പൗരത്വം ലഭിച്ചു.‘ആദ്യകാലങ്ങളിൽ പിസ്സ ഡെലിവറി ചെയ്ത് അവൻ കഠിനമായി അധ്വാനിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള യാത്രയും വിജയവും കാണുന്നത് ശരിക്കും പ്രചോദനമാണ്’ വിനീത് കൂട്ടിച്ചേർത്തു.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് യുവാവിന് അഭിനന്ദനവുമായി എത്തിയത്. "അഭിനന്ദനങ്ങൾ. മികച്ച കഥ. കഠിനാധ്വാനം പോലെ മറ്റൊന്നില്ല. ശരിയായ സ്ഥലം, ശരിയായ സമയം, ഭാഗ്യം എല്ലാം വിജയത്തിലും പരാജയത്തിലും അതിന്റെതായ പങ്ക് വഹിക്കുന്നു," ഒരാൾ കുറിച്ചു. "വിദ്യാഭ്യാസ യോഗ്യതയെ എങ്ങനെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും മറികടക്കുന്നു എന്നതിന്റെ മനോഹരമായ കഥ" എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Show Full Article
TAGS:Indian Australia pizza delivery boy Success Story 
News Summary - Indian Man's Inspiring Journey in Australia
Next Story