അന്താരാഷ്ട്ര ബോഡിബിൽഡിങ് മത്സരം; കരുത്ത് തെളിയിച്ച് ബഹ്റൈൻ മലയാളി
text_fieldsയു.എ.ഇയിൽ നടന്ന അന്താരാഷ്ട്ര ബോഡിബിൽഡിങ് മത്സരത്തിൽ മുഹമ്മദ് ഫിറോസ്
കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ഏത് ഉയരവും കീഴടക്കാമെന്ന് തെളിയിക്കുകയാണ് ബഹ്റൈൻ മലയാളി പ്രവാസിയും ബോഡിബിൽഡറുമായ മുഹമ്മദ് ഫിറോസ്. വിവിധ മേഖലകളിൽ വിദേശരാജ്യങ്ങളിൽ തങ്ങളുടേതായ കഴിവ് തെളിയിച്ച് നാടിന്റെ അഭിമാനം വാനോളമുയർത്ത മലയാളികളനവധിയുണ്ട്. ആ മേഖലയിൽ കരുത്തിന്റെ പര്യായമായാണ് ഫിറോസ് തന്റെയിടം രേഖപ്പെടുത്തുന്നത്.
ഈയടുത്ത് യു.എ.ഇയിൽ നടന്ന അന്താരാഷ്ട്ര ബോഡിബിൽഡിങ് മത്സരവേദിയിൽ സ്വന്തം നാടിന്റെയും ബഹ്റൈൻ മലയാളികളുടെയും യശസ്സുയർത്തിയിരിക്കയാണ് കണ്ണൂർ സ്വദേശിയായ ഫിറോസ്. ദുബൈ മസിൽ ക്ലാസിക് ഐ.എഫ്.ബി.ബി പ്രോ എലൈറ്റ് ജൂനിയർ കാറ്റഗറിയിൽ മറ്റ് വിദേശതാരങ്ങളുമായി മാറ്റുരച്ച ഈ 23 കാരൻ റണ്ണറപ്പ് നേടിയാണ് അഭിമാനമായി മാറിയത്. ബഹ്റൈനിലെ ഹിദ്ദിലെ ബി 6 ഫിറ്റ്നസ് സെന്ററിലെ ട്രെയിനറാണ് ഫിറോസ്. 2024 ലാണ് ബഹ്റൈനിലെത്തുന്നത്. തികഞ്ഞ അർപ്പണബോധവും കഠിനാധ്വാനവും കൂടെപ്പിറപ്പായ ഫിറോസിന് ഇത് ആദ്യ നേട്ടമല്ല.
2023ലെ ജൂനിയർ കാറ്റഗറി മിസ്റ്റർ കേരളയിലും അതേവർഷം തന്നെ മിസ്റ്റർ സൗത്ത് ഇന്ത്യയിലും ടെറ്റിൽ വിന്നറാണ് അദ്ദേഹം. കൂടാതെ രണ്ടുതവണ മിസ്റ്റർ കണ്ണൂർ പട്ടവും മൂന്നുതവണ റണ്ണേഴ്സ് പട്ടവും നേടിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങൾ നാട്ടിൽ നടക്കുന്ന വലിയൊരു മത്സരത്തിനായുള്ള ഒരുക്കത്തിലാണെന്നും അത് നേടുകയാണ് ലക്ഷ്യമെന്നും ഫിറോസ് ആഗ്രഹമായി പറഞ്ഞുവെക്കുന്നു. ഒരു മത്സരം വരുമ്പോൾ ശരീരം ക്രമീകരിക്കുന്നതിലുള്ള അധ്വാനത്തെപോലെ തന്നെയാണ് ഇതിനായുള്ള ഭക്ഷണരീതികളും മറ്റും പരിപാലിക്കുന്നതും.
അതിനായി വലിയ ചെലവുതന്നെ വരാറുണ്ട്. ചില സപ്ലിമെന്റ്സും കാര്യങ്ങളും സുഹൃത്തുക്കളും മറ്റും സമ്മാനിക്കുമെങ്കിലും അധിക ചെലവും നിലവിൽ ഫിറോസ് തന്നെയാണ് വഹിക്കുന്നത്. കണ്ണൂർ അഴീക്കൽ സ്വദേശിയായ സലീമാണ് പിതാവ്. ഫൗസിയ മാതാവാണ്. ഫാത്തിമത്ത് ഫർബിനാസ്, മുഹമ്മദ് ഫയാസ് എന്നിവർ സഹോദരങ്ങളാണ്.


