പ്രായം പ്രശ്നമല്ലെന്ന് എഴുത്തിലൂടെ തെളിയിച്ച് കുറ്റിപ്പുഴ രവി
text_fieldsകുറ്റിപ്പുഴ രവി തന്റെ ഇരുപത്തിയൊന്നാമത്തെ പുസ്തകമായ ‘സ്വർണമത്സ്യ’ത്തിന്റെ രചനയിൽ
വടക്കാഞ്ചേരി: ലോക വയോജന ദിനത്തിലും പ്രായം ഒരു പ്രശ്നമല്ലെന്ന് എഴുത്തിലൂടെ തെളിയിക്കുകയാണ് റിട്ട. പ്രിൻസിപ്പലും സാഹിത്യകാരനുമായ കുറ്റിപ്പുഴ രവി. തന്റെ 83ാം വയസ്സിൽ 21ാമത്തെ പുസ്തകം ‘സ്വർണമത്സ്യ’ത്തിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം.
1943ൽ ആലുവ താലൂക്കിലെ തുരുത്തിശ്ശേരി മംഗലത്ത് കാത്തിരിപ്പറമ്പത്ത് ശേഖരപ്പണിക്കരുടെയും മംഗലത്ത് നാരായണി അമ്മയുടെയും മൂത്ത മകനായി രവീന്ദ്രൻ നായർ ജനിച്ചു. ഏക സഹോദരി ആനന്ദവല്ലി ഓർമ വെക്കും മുമ്പേ മാതാവ് ഈ ലോകത്തോട് വിടപറഞ്ഞു. പിന്നീടുള്ള ജീവിതം ഇല്ലായ്മയോട് പോരാടിയായിരുന്നു. ബുദ്ധിമുട്ടുകളും ത്യാഗങ്ങളും സഹിച്ച് പഠനത്തിൽ മുൻപന്തിയിൽ എത്തി.
അയിരൂർ ജെ.ബി.എസ്, കുറ്റിപ്പുഴ ക്രിസ്തുരാജ സ്കൂൾ, നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് സ്കൂൾ, മാണിക്യമംഗലം ബേസിക് ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.അഭിനയ താൽപര്യത്തെ തുടർന്ന് ഇരുപതാമത്തെ വയസ്സിൽ ‘തീർഥാടകർ’ നാടകം എഴുതുകയും അഭിനയിക്കുകയും ചെയ്തു.
1962ൽ എറണാകുളം നോർത്തിലെ സെന്റ് അഗസ്റ്റിൻ സ്കൂളിൽ ഒന്നാം ക്ലാസ് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1967ൽ ഉദ്യോഗക്കയറ്റം കിട്ടി കുന്നംകുളം ഗേൾസ് സ്കൂളിൽ അധ്യാപകനായി എത്തി. ’69ൽ വടക്കാഞ്ചേരി ഗേൾസ് സ്കൂളിൽ. പഠിപ്പിക്കുന്നതോടൊപ്പം തന്നെ പഠനവും നടത്തിയിരുന്നു. എം.എ, എം.എഡ് പരീക്ഷകൾ പാസായി. 1969ൽ രാമവർമപുരം ഭാഷ അധ്യാപക പരിശീലന കേന്ദ്രത്തിൽ പരിശീലകനായി.
1990ൽ ഹയർ സെക്കൻഡറി ആരംഭിച്ചപ്പോൾ മച്ചാടും തുടർന്ന് ഇടുക്കി ജില്ലയിലെ മണിയാരം കുടിയിലും പാലക്കാട് ജില്ലയിലെ ചാത്തന്നൂരിലും പ്രിൻൻസിപ്പലായി സ്ഥാനമേറ്റു. 1998ൽ മച്ചാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ആയിരിക്കേ സർക്കാർ സർവിസിൽനിന്ന് പിരിഞ്ഞു.തൃശൂർ ഗവ. ട്രെയിനിങ് കോളജിലും കാലിക്കറ്റ് സർവകലാശാലയുടെ കണിയാമ്പറ്റ ഉള്ളൂർ അധ്യാപക പരിശീലന കേന്ദ്രത്തിലും ജോലി നോക്കി.
2007ൽ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് പിരിഞ്ഞതോടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വിരാമമായി.ഇതിനോടകം വിവിധ അധ്യാപക സംഘടനകളുടെയും വായനശാലകളുടെയും ക്ഷേത്രങ്ങളുടെയും ഭാരവാഹിയായും പ്രവർത്തിച്ചു. ഈ സമയവും നിരവധി നോവലുകളും ചെറുകഥകളും നാടകങ്ങളും എഴുതി പ്രസിദ്ധീകരിച്ചു.
1969ൽ വടക്കാഞ്ചേരിയിൽ എത്തിയതിന് ശേഷം താമസം അവിടെ തന്നെയാക്കി. മായന്നൂർ കൊണ്ടാഴി കീർത്തിയിൽ കെ.കെ. ശാന്തകുമാരിയാണ് ഭാര്യ. പ്രധാനാധ്യാപികയായ ഇവർ ചെറുതുരുത്തി ഗവ. സ്കൂളിൽ നിന്നാണ് വിരമിച്ചത്. മക്കളായ ജ്യോത്സന അടയ്ക്കാപുത്തൂർ ശബരി ഹയർ സെക്കൻഡറി സ്കൂളിലും ജിഷ പെരിന്തൽമണ്ണ സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും അധ്യാപകരാണ്.വടക്കാഞ്ചേരിയിലെ ‘രശ്മി’ വീട്ടിലെ മുറിയിലിരുന്ന് കമ്പ്യൂട്ടറിൽ ഇപ്പോഴും പുതിയ ബുക്ക് രൂപപ്പെടുത്തുന്ന തിരക്കിലാണ് കുറ്റിപ്പുഴ രവി.