കലാമണ്ഡലം പ്രഭാകരൻ 80ന്റെ നിറവിൽ
text_fieldsകലാമണ്ഡലംപ്രഭാകരൻ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നു
ചെറുതുരുത്തി: കലാമണ്ഡലം മുൻ ഭരണസമിതി അംഗവും കലാമണ്ഡലത്തിൽ ആദ്യമായി പറയൻ തുള്ളൽ പഠിപ്പിച്ച വിസിറ്റിങ് പ്രഫസറും തുള്ളൽ കലക്ക് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിയുമായ കലാമണ്ഡലം പ്രഭാകരൻ 80ന്റെ നിറവിൽ. 20,000ത്തിലേറെ വേദികളിൽ തുള്ളൽ അവതരിപ്പിച്ച പ്രഭാകരന്റെ ജന്മദിനം തിങ്കളാഴ്ചയാണ്. 80ാം വയസ്സിലും ഊർജസ്വലതയോടെ തുള്ളൽ അവതരിപ്പിക്കുന്നുണ്ട്.
1945ൽ കാസർകോട് ജില്ലയിലെ കുട്ടമത്ത് രാമപുരത്ത് വീട്ടിൽ മാക്കമ്മയുടെയും കുഞ്ഞമ്പു നായരുടെയും മകനായി ജനിച്ചു. മലബാർ വി. രാമൻ നായരാണ് തുള്ളൽ രംഗത്തേക്ക് കൊണ്ടുവന്നത്. 1960ൽ 15ാം വയസ്സിൽ കലാമണ്ഡലത്തിൽ ചേർന്നു. ദിവാകരൻ നായരും വടക്കൻ കണ്ണൻ നായരുമാണ് തുള്ളലിലെ ഗുരുക്കന്മാർ. നടനം ശിവപാലന്റെ ശിക്ഷണത്തിൽ ഭരതനാട്യവും വെച്ചൂർ തങ്കമണിപ്പിള്ളയിൽനിന്ന് പറയൻ തുള്ളലും പഠിച്ചു.
പല വേദികളിലും തുള്ളൽ അവതരിപ്പിച്ചു. ആദ്യമായി കിട്ടിയത് 10 രൂപയാണ്. ഈ തുക കൊണ്ട് ജീവിക്കാൻ പറ്റാത്തതുകൊണ്ട് സമീപത്തെ വർക്ക് ഷോപ്പിൽ ജോലിക്ക് കയറി. ഇതിനിടയിൽ രാത്രി തുള്ളൽ അവതരിപ്പിക്കാൻ പോകുമായിരുന്നു. 1972ൽ കെ.എസ്.ആർ.ടി.സിയിൽ മെക്കാനിക്കൽ ചാർജ്മാനായി. 2000ത്തിലാണ് വിരമിച്ചത്.
ഭാര്യ വത്സലക്കും മക്കളായ പ്രവീൺ, പ്രവാസ്, പ്രവീണ എന്നിവർക്കുമൊപ്പം കൊച്ചി എളമക്കരയിലെ ‘സൗഗന്ധിക’ത്തിലാണ് താമസം. തിരൂർ മലയാളം സർവകലാശാല സെനറ്റ് അംഗമായ കലാമണ്ഡലം പ്രഭാകരൻ തുള്ളൽ അധ്യാപകനുമാണ്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അമൃത് പുരസ്കാരം ലഭിച്ചു. പ്രഭാകരനും മകൻ പ്രവീണും മകൾ പ്രവീണയും ചേർന്ന് ഓട്ടൻ, ശീതങ്കൻ, പറയൻ തുള്ളലുകൾ ഒരേ വേദിയിൽ അവതരിപ്പിച്ച ചരിത്ര നിമിഷവും ഉണ്ടായിട്ടുണ്ട്.


