സച്ചിനും മോദിയും അമിതാഭ് ബച്ചനും ഒരേ മരത്തിൽ! 350 മാമ്പഴ ഇനങ്ങൾ വിളയിച്ച് പത്മശ്രീ നേടിയ ഇന്ത്യയുടെ ‘മാംഗോ മാന്‍റെ’ കഥ...
text_fieldsകലിമുള്ള ഖാൻ
ജീവിതത്തിലെ വിജയപരാജയങ്ങളെ അളക്കാൻ സ്കൂൾ പരീക്ഷകളിലെ മാർക്ക് ലിസ്റ്റുകൾക്ക് കഴിയില്ലെന്ന് തെളിയിച്ച വ്യക്തിയാണ് ഉത്തർപ്രദേശിലെ മലീഹാബാദ് സ്വദേശിയായ കലിമുള്ള ഖാൻ. ഏഴാം ക്ലാസിലെ കണക്കു പരീക്ഷയിൽ തോറ്റപ്പോൾ, പന്ത്രണ്ടു വയസ്സുകാരനായ കലിമുള്ള പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ക്ലാസ് മുറികളിലെ അക്കങ്ങളേക്കാൾ അവനെ ആകർഷിച്ചത് കുടുംബത്തിന്റെ പാരമ്പര്യ മാന്തോപ്പിലെ മണ്ണും മരങ്ങളുമായിരുന്നു. അന്ന് സ്കൂളിന്റെ പടിയിറങ്ങിയ ആ കുട്ടി, പതിറ്റാണ്ടുകൾക്കിപ്പുറം രാജ്യം പത്മശ്രീ നൽകി ആദരിച്ച ഇന്ത്യയുടെ 'മാംഗോ മാൻ' ആയ കഥ അതിശയിപ്പിക്കുന്നതാണ്.
1950കളുടെ അവസാനത്തിലാണ് കലിമുള്ള ഖാൻ മാവുകളിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നത്. ഒരു മരത്തിൽ ഒന്നിലധികം ഇനം മാമ്പഴങ്ങൾ ഉണ്ടാക്കുന്ന ‘ഗ്രാഫ്റ്റിങ്’ രീതിയെക്കുറിച്ച് അദ്ദേഹം കേട്ടിരുന്നു. 1957ൽ അദ്ദേഹം തന്റെ ആദ്യത്തെ വലിയ പരീക്ഷണം നടത്തി. ഒരൊറ്റ മാവിൽ ഏഴ് വ്യത്യസ്ത ഇനം മാമ്പഴങ്ങൾ വിളയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
പ്രതീക്ഷയോടെ അദ്ദേഹം ആ മരത്തെ പരിചരിച്ചു. എന്നാൽ പ്രകൃതിക്ക് മറ്റൊന്നായിരുന്നു നിശ്ചയം. ആ വർഷം മലീഹാബാദിലുണ്ടായ കടുത്ത പ്രളയത്തിൽ കലിമുള്ളയുടെ ആ സ്വപ്നവൃക്ഷം വേരോടെ ഒലിച്ചുപോയി. സാധാരണക്കാരനാണെങ്കിൽ അവിടെ പരീക്ഷണം അവസാനിപ്പിച്ചേനെ. എന്നാൽ കലിമുള്ള ഖാൻ വ്യത്യസ്തനായിരുന്നു. ആ പ്രളയം എന്റെ മരത്തെ കൊണ്ടുപോയി, പക്ഷേ മണ്ണും വെള്ളവും എങ്ങനെ കൈകാര്യം ചെയ്യണമെന്ന വലിയൊരു പാഠം എനിക്ക് തന്നു കലിമുള്ള ഖാൻ അന്ന് പറഞ്ഞത് ഇങ്ങനെയാണ്.
തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് അദ്ദേഹം വീണ്ടും പരീക്ഷണങ്ങൾ തുടർന്നു. ഒടുവിൽ, അദ്ദേഹത്തിന്റെ 22 ഏക്കർ വരുന്ന തോട്ടത്തിലെ ഒരു മാവ് ലോക കാർഷിക ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറി. ഏകദേശം 125 വർഷത്തിലധികം പഴക്കമുള്ള ഒരു ഭീമൻ മാവിലാണ് അദ്ദേഹം തന്റെ വിദ്യകൾ മുഴുവൻ പ്രയോഗിച്ചത്.
ഇന്ന് ആ ഒരൊറ്റ മാവിലെ വിവിധ ശാഖകളിലായി 350ലധികം വ്യത്യസ്ത ഇനം മാമ്പഴങ്ങളാണ് ഒരേ സമയം വിളയുന്നത്. ഒരു ശാഖയിൽ അൽഫോൺസോ പാകമാകുമ്പോൾ, തൊട്ടടുത്ത ശാഖയിൽ ലംഗ്ഡയോ ദശേരിയോ ചൗസയോ തൂങ്ങിനിൽക്കുന്നുണ്ടാകും.
ഓരോ ശാഖയിലെയും മാമ്പഴങ്ങൾക്ക് വെവ്വേറെ രുചിയാണ്, വെവ്വേറെ നിറമാണ്, വെവ്വേറെ സുഗന്ധമാണ്. പ്രകൃതിയുടെ നിയമങ്ങളെപ്പോലും മാറ്റിമറിച്ച ഈ ഒരു മരം കാണാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് കാർഷിക വിദഗ്ദ്ധരും സഞ്ചാരികളും മലീഹാബാദിലേക്ക് ഒഴുകിയെത്തുകയാണ്. 2008ലാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചത്.
കലിമുള്ള ഖാന്റെ തോട്ടത്തിലെ മാമ്പഴങ്ങൾക്ക് രുചി മാത്രമല്ല, കൗതുകമുണർത്തുന്ന പേരുകളുമുണ്ട്. താൻ വികസിപ്പിച്ചെടുക്കുന്ന പുതിയ സങ്കരയിനം മാമ്പഴങ്ങൾക്ക് ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ പേരുകൾ നൽകുന്നത് അദ്ദേഹത്തിന്റെ ഒരു ശീലമാണ്.
ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ ‘സച്ചിൻ’, ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരിൽ ‘അമിതാഭ്’, പ്രധാനമന്ത്രിയുടെ പേരിൽ ‘നരേന്ദ്ര മോദി’, ഐശ്വര്യാ റായിയുടെ പേരിൽ ‘ഐശ്വര്യ’ എന്നിങ്ങനെ നീളുന്നു ആ പേരുകൾ. വെറുതെ പേരിടുക മാത്രമല്ല, ആ വ്യക്തികളുടെ സവിശേഷതകൾ കൂടി മാമ്പഴത്തിനുണ്ടാകും എന്നാണ് കലിമുള്ള ഖാൻ പറയുന്നത്. ഉദാഹരണത്തിന്, 'നരേന്ദ്ര മോദി' എന്ന് പേരിട്ട മാമ്പഴം വലുപ്പമേറിയതും അതിന്റെ രുചി സവിശേഷവുമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
ആളുകൾ എന്നെ സ്വയം പഠിച്ച ശാസ്ത്രജ്ഞൻ എന്ന് വിളിക്കാറുണ്ട്. എന്നാൽ എന്നെക്കാൾ വലിയ ശാസ്ത്രജ്ഞർ ഈ മരങ്ങളാണ്. അവരാണ് എന്റെ പ്രൊഫസർമാർ, അവരാണ് എന്നെ എല്ലാം പഠിപ്പിച്ചത് കലിമുള്ള ഖാൻ പറയുന്നു. ഒരു പുതിയ സങ്കരയിനം മാമ്പഴം വികസിപ്പിച്ചെടുക്കുക എന്നത് കഠിനമായ ക്ഷമ ആവശ്യമുള്ള പണിയാണ്. ഒരു പുതിയ ഇനം സ്ഥിരതയോടെ ഉണ്ടാക്കിയെടുക്കാൻ 10 വർഷം വരെ സമയമെടുക്കും. കലിമുള്ള ഖാൻ വികസിപ്പിച്ചെടുത്ത പ്രശസ്തമായ 'ദശേരി കലിമുള്ള' എന്ന ഇനം പൂർണ്ണരൂപത്തിലാകാൻ നീണ്ട 12 വർഷത്തെ കഠിനാധ്വാനം വേണ്ടിവന്നത്.
പ്രായം അതിന്റെ അശക്തികൾ കലിമുള്ള ഖാന്റെ ശരീരത്തിൽ ഏൽപ്പിച്ചു തുടങ്ങിയപ്പോൾ, ഈ വിപ്ലവം ഇവിടെ അവസാനിക്കുമോ എന്ന് പലരും ആശങ്കപ്പെട്ടു. എന്നാൽ, പിതാവിന്റെ വഴിയിലൂടെ തന്നെ മകൻ നാസിമുള്ള ഖാനും തോട്ടത്തിലേക്ക് ഇറങ്ങി. പിതാവിനെപ്പോലെ തന്നെ പന്ത്രണ്ടാം ക്ലാസിന് ശേഷം പഠനം നിർത്തിയ നാസിമുള്ള, ഇന്ന് ഈ 22 ഏക്കർ മാന്തോപ്പിന്റെ പ്രധാന കാവൽക്കാരനാണ്.
ഓരോ കാലവർഷത്തിലും മഴയുടെ അളവ് നിരീക്ഷിക്കുക, തോട്ടത്തിൽ വെള്ളം കെട്ടിക്കിടക്കാതെ ഓവുചാലുകൾ വെട്ടുക, മാവുകളെ ബാധിക്കുന്ന ഫംഗസ് രോഗങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കുക, ഓരോ ശാഖയെയും കുഞ്ഞുങ്ങളെപ്പോലെ നോക്കുക അങ്ങനെ കഠിനമായ പണിയാണ് നാസിമുള്ളയും കുടുംബവും ചെയ്യുന്നത്. തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും മാവുകൾക്കായി മാറ്റിവെച്ച കലിമുള്ള ഖാന് ഒരൊറ്റ ആഗ്രഹം കൂടിയേ ബാക്കിയുള്ളൂ.
എന്റെ ജീവിതം മുഴുവൻ ഞാൻ ഈ മരങ്ങൾക്കൊപ്പമാണ് ശ്വസിച്ചതും ജീവിച്ചതും. എന്റെ കാലം കഴിഞ്ഞ് ഈ ഭൂമിയിൽ നിന്ന് മടങ്ങുമ്പോൾ, എനിക്ക് മറ്റെവിടെയുമല്ല പോകേണ്ടത്. ഈ മാവുകളുടെ തണലിൽ, ഈ മണ്ണിൽ തന്നെ എന്നെ അന്ത്യവിശ്രമത്തിന് അനുവദിക്കണം. മുകളിലിരുന്ന് എനിക്ക് എന്റെ മരങ്ങളുടെ ഇലയനക്കങ്ങൾ കേൾക്കണമെന്ന് കലിമുള്ള പറയുന്നു.


