കലോത്സവ കൊടിമരം; യദുകൃഷ്ണന്റെ കരവിരുതിന് തിളക്കമേറെ
text_fieldsസംസ്ഥാന സ്കൂൾ
1. കലോത്സവത്തിന്റെ കൊടിമരം 2. യദുകൃഷ്ണൻ
തൃശൂരിന്റെ സാംസ്കാരിക പൈതൃകവും 64ാം കലോത്സവവും 64 കലകളും എല്ലാം സൂചിപ്പിക്കുന്നതാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ കൊടിമരം. കാലടി സംസ്കൃത സർവകലാശാലയിലെ ശിൽപകല അധ്യാപകനും ഇരിങ്ങാലക്കുട സ്വദേശിയുമായ എൻ.ആർ. യദുകൃഷ്ണനാണ് തൃശൂരിനെയും കലകളെയും 64ാം കലോത്സവത്തെയും സൂചിപ്പിക്കുന്ന കൊടിമരം ഒരുക്കിയത്.
25 ദിവസത്തോളമെടുത്താണ് 22 അടിയോളം ഉയരമുള്ള കൊടിമരം പൂർത്തിയാക്കിയതെന്ന് യദുകൃഷ്ണൻ പറഞ്ഞു. ബ്രഷിന്റേതായ ആകൃതിയാണ് കൊടിമരത്തിന്. അതിനോട് ചേർന്ന് വീണ എന്നുതോന്നിപ്പിക്കുന്ന തരത്തിൽ 6 എന്ന സംഖ്യ ചേർത്തിരിക്കുന്നു. വീണക്ക് മുകളിലേക്ക് സംഗീതത്തിൽ നോട്ടെഴുതുന്ന ലൈനുകൾ ഒരു കൈ പോലെ ചേർത്തുവച്ചിരിക്കുന്നു. ഈ ലൈനും ബ്രഷും വീണയും ചേർത്ത് നാല് എന്ന സംഖ്യയായി മാറുന്നു അങ്ങിനെ 64ാമത് കലോത്സവത്തെ ഇത് സൂചിപ്പിക്കുന്നു.
സംഗീതത്തിന്റെ ലൈനുകൾ കൈകൾ ആയി മാറുന്നുണ്ട്. അവ വീണയുടെ മുകളിൽ നിന്നാണ് ആരംഭിക്കുന്നത്. ഈ ലൈനുകൾ അതിന്റെ അവസാനത്തിൽ ചിലങ്കയുടെ സ്വഭാവം കൈവരുന്നു. അതിൽ 64 കലകളെ സൂചിപ്പിച്ച് 64 ചിലങ്കമണികൾ ഉണ്ടായിരിക്കും ബ്രഷിന് മുകൾവശത്തായി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ അമൂർത്ത രൂപം നൽകിയിട്ടുണ്ട്. ആനയുടെ തുമ്പിക്കൈ താഴോട്ടിറങ്ങി വരുമ്പോൾ സംഗീതത്തിലെ ട്രബിൾ ക്ലിഫ് എന്ന മ്യൂസിക് സിമ്പലായി രൂപമാറ്റം വരുന്നു.
ട്രെബിൾ ക്ലഫ് സംഗീതത്തിൽ ഉച്ചസ്ഥായിയിൽ വായിക്കുമ്പോഴോ, ആലപിക്കുമ്പോഴോ ഉപയോഗിക്കുന്ന സിംബലാണ്. തൃശൂർ എന്നും എന്തിലും ഉച്ചസ്ഥായിയിൽ നിൽക്കുന്ന നാടാണ്. ചെണ്ട, വെടിക്കെട്ട് തുടങ്ങി എല്ലാത്തിന്റെയും ഉച്ചസ്ഥായിയായ നാടിനെ ഇതിലൂടെ പ്രതിനിധീകരിക്കാൻ ശ്രമിക്കുന്നുണ്ട്. അവസാനം അതിലൊരു പെയിന്റിങ് പാലറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.


