കനിതർ യാദവ് ഇതാ ഇവിടെയുണ്ട്; വേഷപ്പകർച്ചയുടെ ഓർമകളുമായി
text_fieldsകനിതർ യാദവ്
കൊടുങ്ങല്ലൂർ: നാടകജീവിതത്തിന്റെ അപ്രതീക്ഷിത വഴിത്തിരിവിൽ ജീവിതം ദുരന്തകാവ്യമായി മാറിയ കെ.പി.എ.സി കനിതർ യാദവ് ഇതാ ഇവിടെയുണ്ട്. നാടകവേദികളിൽ നിറഞ്ഞുനിന്ന വേഷപകർച്ചയുടെ ഓർമ്മകളുമായി വീടിന്റെ അകത്തളങ്ങളിലാണ് ഈ കലാകാരനിപ്പോൾ. കൊടുങ്ങല്ലൂർ ആനാപ്പുഴയിൽ നിന്ന് കെ.പി.എ.സിയിലെത്തിയ ഈ നാടക പ്രതിഭയുടെ ജീവിതം വീൽചെയറിലേക്ക് വഴിമാറിയതിന് നിമിത്തമായത് 2018ലെ പ്രളയമാണ്. നാല് ചുമരുകൾക്കുള്ളിൽ കഴിയുന്ന ഈ കലാകാരനെ സഹപ്രവർത്തകരിൽ പലരും തിരിഞ്ഞുനോക്കാറില്ല. ശ്രീമൂലനഗരം വിജയൻ എന്ന അഭിനേതാവിന്റെ ശിക്ഷണത്തിൽ പ്രതിഭയെ മിനുക്കിയെടുത്ത കനിതർ യാദവ് കരകുളം ചന്ദ്രൻ, കഴിമ്പ്രം വിജയൻ തുടങ്ങിയ പ്രതിഭാശാലികളിലൂടെ കൂടുതൽ തിളങ്ങി.
250ലധികം വേദികളിൽ കളിച്ച മഹാഭാരതത്തിലെ ശിഖണ്ഡി എന്ന കഥാപാത്രത്തിന് പുതിയ ഭാഷ്യം നൽകിയ ‘ശിഖണ്ഡി’ എന്ന നാടകത്തിലെ വേഷം കനിതർ യാദവിന്റെ ജീവിതത്തിൽ വഴിത്തിരിവായി. കെ.പി.എ.സിയുടെ അരങ്ങിലേക്ക് രംഗപ്രവേശം ചെയ്യാൻ കഴിഞ്ഞത് വളർച്ചയുടെ മറ്റൊരു ഘട്ടമായി. മുടിയനായ പുത്രൻ, ഈഡിപസ് രാജകുമാരൻ എന്നീ നാടകങ്ങളിൽ നായകതുല്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. അതിനിടെ കെ.എസ് കമ്മ്യൂണിക്കേഷൻ എന്ന നാടകസമിതി രൂപീകരിച്ചിരുന്നു. 2011 -2012 വർഷങ്ങളിൽ തകർത്താടിയ ‘ശിഖണ്ഡി’ നാടകം ഈ നാടകസമിതിയാണ് അവതരിപ്പിച്ചത്. അതിനുശേഷമാണ് കെ.പി.എ.സിലേക്ക് ചേക്കേറിയത്.
എന്നാൽ, 2018ലെ പ്രളയകാലത്ത് ചെറിയ മുറിവ് വകവെക്കാതെ ചെളിയും വെള്ളവും ചവിട്ടി, നാടിനെ വീണ്ടെടുക്കാൻ സന്നദ്ധ പ്രവർത്തകർക്കൊപ്പം കൂടിയത് ദുരന്തത്തിൽ കലാശിച്ചു. മുറിവിൽക്കയറിയ മാലിന്യം പഴുപ്പായത് വേദികളിൽ നിന്ന് വേദികളിലേക്കുളള യാത്രക്കിടെ അത്ര ശ്രദ്ധിച്ചില്ല. പ്രമേഹം കൂടി ബാധിച്ചതോടെ വലതുകാൽ മുട്ടിന് താഴെ മുറിച്ചുകളയേണ്ടി വന്നു.
ഈ കലാകാരൻ ഇന്ന് വേദനയുടെ ഇരുളാഴങ്ങളിൽ ദുഃഖത്തിന്റെ കൂട്ടുകാരനായി ജീവിതം വീൽചെയറിൽ തള്ളിനീക്കുന്നു. പൊയ്യ കളിയരങ്ങ് നാട്യകല അക്കാദമി അധ്യാപകനും നാടക കലാകാരനുമായിരുന്ന എ.കെ. ശശിധരൻ മാസ്റ്ററുടെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം നിതർ യാദവിന് സമ്മാനിക്കും.


