കെൽവിൻ ഓടിപ്പിടിച്ച ലോകം
text_fieldsകെൽവിൻ കിപ്റ്റം
മുന്നിലോടാൻ കരുത്തരേറെയുണ്ടായിട്ടും അങ്കം കുറിച്ച ആദ്യനാളിൽ റെക്കോഡിലേക്കും പിറകെ സമാനതകളില്ലാത്ത ചരിത്രത്തിലേക്കും പറന്നുകയറിയ കൊലുന്നനെയുള്ള ആ അതിവേഗക്കാരനെ ലോകം കണ്ണുംനട്ട് കാത്തിരിക്കുകയായിരുന്നു. ഇനിയൊരിക്കൽക്കൂടി ബൂട്ടണിഞ്ഞാൽ വീഴാനുള്ള റെക്കോഡുകളുടെ പെരുമക്കൊപ്പമായിരുന്നു അവന്റെയും കായിക കുതുകികളുടെയും സ്വപ്നങ്ങൾ. മോ ഫറയും കിപ്ചോഗെയും പോലെ മഹാപ്രതിഭകൾ വാഴുന്നിടത്തെ അരങ്ങേറ്റം നൽകിയ ആവേശം നീണ്ടുനിൽക്കുംമുമ്പ് പക്ഷേ, കെൽവിൻ കിപ്റ്റം എന്ന 24കാരൻ ആരോടും പറയാതെ പോയി. ആഴ്ചകൾ കഴിഞ്ഞ്, രണ്ടു മണിക്കൂറിൽ താഴെ സമയമെടുത്ത് റോട്ടർഡാം മാരത്തണും ശേഷം പാരിസ് ഒളിമ്പിക്സിൽ സ്വർണവും മാറോടു ചേർക്കാമെന്ന അവന്റെ വലിയ സ്വപ്നങ്ങൾ ബാക്കി.
നിരത്തുകളിലെ അത്ഭുതം
ദാരിദ്ര്യവും പട്ടിണിയും അടയാളപ്പെട്ടുകിടന്ന, കാലികളെ മേയ്ച്ചും ചെറു തൊഴിലുകളെടുത്തും ഉപജീവനം കണ്ടെത്തുന്ന മനുഷ്യരേറെയുള്ള കെനിയയിലെ ചെപ്കോറിയോ ഗ്രാമം. ദീർഘദൂര ഓട്ടത്തിൽ ലോകം ജയിച്ചുനിൽക്കുന്ന കിപ്ചോഗെയെപ്പോലെ എണ്ണമറ്റ ഇതിഹാസങ്ങളെ ലോകത്തിന് നൽകിയ റിഫ്റ്റ് വാലി പ്രവിശ്യയുടെ ഭാഗമാണ് അതും. 10 വർഷം മുമ്പ് കിപ്ചോഗെ യൂറോപ്പിലെയും മറ്റിടങ്ങളിലെയും നിരത്തുകളിൽ ചരിത്രം കുറിക്കുമ്പോൾ പ്രായമെത്താതെ കാലികളെ മേച്ചുനടക്കുകയായിരുന്നു കെൽവിൻ. ഓർക്കാപ്പുറത്ത് കണ്ടുമുട്ടിയ ഹകീസിമാനയെന്ന മുൻ ഓട്ടക്കാരൻ അവനോട് വലിയ ഓട്ടങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. ഇപ്പുറത്ത് പിതാവ്, കുടുംബം നോക്കാൻ ഒരു ഇലക്ട്രീഷ്യൻ ആകാനും.
ആവേശം കയറി പിതാവിന്റെ നിർബന്ധങ്ങളെ അരികിൽ നിർത്തി ഓട്ടം തുടങ്ങിയ അവൻ വൈകാതെ സ്വന്തം നാട്ടിലെ നിരത്തുകളിൽ അത്ഭുതം തീർത്തുതുടങ്ങി. 2018ലെത്തുമ്പോൾ 21 കിലോമീറ്റർ ദൂരം വരുന്ന ഹാഫ് മാരത്തണിൽ ആദ്യ ജയം. അതും സ്വന്തമായി വാങ്ങാൻ പണമില്ലാത്തതിനാൽ വായ്പ വാങ്ങിയ ബൂട്ടുകളുമായി. വരാനിരിക്കുന്നതിന്റെ വലിയ സൂചനമാത്രമായിരുന്നു ഇത്. ഒരു വർഷം കഴിയുമ്പോൾ ഫ്രാൻസിലും നെതർലൻഡ്സിലും ഹാഫ് മാരത്തൺ മത്സരവേദികളിൽ അവനുമുണ്ടായിരുന്നു.
ആരോരുമറിയാത്തൊരുത്തനായി എത്തി നെഞ്ചിൽ പതക്കങ്ങൾ ഏറ്റുവാങ്ങി അവൻ പടവുകൾ പലത് കയറിക്കൊണ്ടിരുന്നു. പ്രായം 21ലെത്തുമ്പോൾ കെൽവിൻ 42.2 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തണിൽ വലതുകാൽ വെച്ചിറങ്ങി. പിന്നീടുണ്ടായതത്രയും ചരിത്രം. 2022 ഡിസംബറിൽ വലൻസിയ മാരത്തണിൽ മാറ്റുരച്ച കെൽവിൻ അരങ്ങേറ്റത്തിൽതന്നെ ഒന്നാമനായി. അന്ന് കുറിച്ച 2:01:53 എന്ന സമയം ചരിത്രത്തിലെ വേഗമേറിയ മൂന്നാമത്തേതായിരുന്നു. ഇതിന്റെ കഥ അവൻതന്നെ പറയും: ‘‘എന്റെ മാരത്തൺ യാത്രക്ക് ഇവിടെ നാന്ദിയാകുകയായിരുന്നു. വല്ലാതെ സന്തോഷം തോന്നിയ നിമിഷങ്ങൾ. വലൻസിയയിൽ രണ്ടു മണിക്കൂറും നാലോ അഞ്ചോ മിനിറ്റുമെടുത്ത് ഓടാനാകുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, രണ്ടു മണിക്കൂറും ഒരു മിനിറ്റുംകൊണ്ട് അത് ഞാൻ പിന്നിട്ടു.’’
പിറകെ ലണ്ടൻ മാരത്തണിനെത്തിയ കെൽവിൻ അവിടെ പിന്നെയും സമയം കുറച്ചു. ഷികാഗോയിലേക്ക് വണ്ടികയറാനൊരുങ്ങുമ്പോൾ ചരിത്രത്തിൽ ആരും പിന്നിട്ടിട്ടില്ലാത്ത രണ്ടുമണിക്കൂറിൽ താഴെ സമയമെടുത്ത് ഈ ദൂരം ഓടി പൂർത്തിയാക്കാമെന്ന് മനസ്സ് മന്ത്രിച്ചുതുടങ്ങി. വലിയ ഒരുക്കങ്ങൾക്കായി 2023ലെ ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ് പോലും അവൻ വേണ്ടെന്നുവെച്ചു. കോവിഡ് കാലത്ത് നാട്ടിലേക്ക് പോകാനാകാതെ കെൽവിനൊപ്പം കൂടി. ഹകീസിമാനയെന്ന കോച്ചും ചേർന്നപ്പോൾ എല്ലാം വേഗത്തിലായി. തന്റെ 23ാം വയസ്സിൽ ഷികാഗോയിൽ അവൻ ഓട്ടം പൂർത്തിയാക്കുമ്പോൾ ക്ലോക്കിൽ രണ്ടു മണിക്കൂറും 35 സെക്കൻഡുമായിരുന്നു സമയം.
ഗബ്രിസെലാസി മുതൽ എലിയഡ് കിപ്ചോഗെ വരെ വലിയ ഓട്ടക്കാർ പലരും കളംവാണ നിരത്തിൽ ഇളമുറക്കാരനൊരുത്തൻ ഇതെങ്ങനെ സാധ്യമാക്കിയെന്ന് ലോകം കുതൂഹലപ്പെട്ടുനിന്ന നാളുകൾ. അവൻ പക്ഷേ, അതിലും വലിയത് കുറിക്കാൻ ഒരുങ്ങുകയായിരുന്നു. മൈക്കുകൾക്ക് മുന്നിൽ വാചാലനാകാതെ, പതിയെ സംസാരിക്കുന്ന കെൽവിൻ ഓടി ജയിക്കാൻ എത്ര വേണേലും ത്യാഗത്തിന് ഒരുക്കമായിരുന്നു. ‘‘അത്യാഗ്രഹമാകുമെന്ന് തോന്നിയേക്കാം. എന്നാലും, ഇത്തരം ലക്ഷ്യങ്ങൾ മുന്നിൽവെക്കാൻ എനിക്ക് പേടിയില്ല. മനുഷ്യന് നൽകിയ ഊർജത്തിന് പരിമിതികളില്ലല്ലോ’’ എന്നായിരുന്നു വാക്കുകൾ.
1968ലെ മെക്സികോ ഒളിമ്പിക്സിൽ അന്നത്തെ ലോക റെക്കോഡ് ജേതാവ് ജിം റിയനെ ബഹുദൂരം പിറകിലാക്കി കിപ്ചോഗെ കീനോ എന്ന കെനിയക്കാരൻ 1500 മീറ്ററിൽ സ്വർണം നേടി തുടക്കമിട്ട ദീർഘദൂര ഓട്ടത്തിന്റെ അവസാനത്തെ അവകാശിയായിരുന്നു അവൻ.
ഓടി ജയിക്കുന്നവരുടെ റിഫ്റ്റ് വാലി
കെനിയയിൽ കടൽനിരപ്പിൽനിന്ന് 8000ലേറെ അടി ഉയരത്തിൽ, കാടും മേടും സമൃദ്ധമായുള്ള റിഫ്റ്റ്‍വാലിയെന്ന പ്രദേശം കായിക ലോകത്തെ വിസ്മയിപ്പിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പോൾ തെർഗോട്ടും മോസസ് തനൂയിയും വിൽസൺ കിപ്സാങ്ങും തുടങ്ങി ഡെന്നിസ് കിമെറ്റോയും കിപ്ചോഗെയും ഏറ്റവുമൊടുവിൽ കെൽവിൻ കിപ്റ്റമും വരെ എത്രയെത്ര പേർ. മഹാഭൂരിപക്ഷവും കലെഞ്ജിൻ ഗോത്രക്കാർ.
മാരത്തൺ ചരിത്രത്തിൽ മൊത്തം 17 അമേരിക്കക്കാരാണ് രണ്ടു മണിക്കൂർ 10 മിനിറ്റിനുള്ളിൽ ഓട്ടം പൂർത്തിയാക്കിയവരെങ്കിൽ കെനിയയിലെ കലെഞ്ജിൻ ഗോത്രക്കാർ 2011ൽ മാത്രം 32 പേർ അത് പിന്നിട്ടവരാണ്. ശരീര പ്രകൃതിയും ഒപ്പം ചിട്ടയായ പരിശീലനവും കൊണ്ട് അവർ നേടിയെടുക്കുന്ന അത്ഭുതങ്ങൾക്കു പിന്നാലെയാണ് ഗവേഷകർ. ഈ സമയം പക്ഷേ, കെൽവിൻ എല്ലാം മറന്ന് ഓട്ടത്തിലായിരുന്നു. ‘ഓടും ഭക്ഷണം കഴിക്കും ഉറങ്ങും.’ ഇതല്ലാത്ത ഒന്നിനും നിൽക്കാത്ത ജീവിതംകൊണ്ട് നേടിയെടുത്തതാണ് ഇതത്രയുമെന്ന് ഒരിക്കൽ അവൻ പറയുന്നുണ്ട്.
റിഫ്റ്റ് വാലിയിൽ എൽഡോറെറ്റ് മലനിരകളിലായിരുന്നു അവന്റെ പരിശീലനം. മത്സരങ്ങളിലെത്തുമ്പോൾ ആദ്യ 30 കിലോമീറ്റർ എല്ലാവർക്കുമൊപ്പം ഓടിയും പിന്നീട് അതിവേഗത്തിൽ ഏവരെയും പിറകിലാക്കുകയും ചെയ്യുന്നതായിരുന്നു അവന്റെ രീതി. കൂടെ ഓടിയവർ ഇതത്രയും മനസ്സിലാക്കിയെടുക്കുംമുമ്പ് അവൻ ജയിച്ച് ആഘോഷം തുടങ്ങുന്നതായിരുന്നു കാഴ്ച. കാമറക്കണ്ണുകൾ കൂടുതൽ നേരം കൂടെ നിൽക്കുന്ന ചെറിയ ദൂരങ്ങൾ ഓടാൻ ഒരിക്കലും താനില്ലെന്നും അവൻ ഉറപ്പുപറഞ്ഞു.
എല്ലാവരും തളർച്ചയും ക്ഷീണവുമറിഞ്ഞ് അവധിയെടുക്കാറുള്ളപ്പോഴും ഒരിക്കലും അവധിയെടുക്കാത്തവൻ പക്ഷേ, എല്ലാം നേരത്തേ നിർത്തി മടങ്ങി. കോച്ചിനൊപ്പം സഞ്ചരിക്കവെ സ്വന്തം ജന്മനാടിന് ഏറെ അടുത്തുവെച്ചുണ്ടായ കാർ അപകടത്തിൽ അവൻ മരണത്തിന് കീഴടങ്ങുമ്പോൾ മാരത്തൺ നിരത്തുകൾ അവനെ പ്പോലൊരാൾക്കായി കാത്തിരിക്കുകയാണ്.