ഒരിടത്തൊരു ‘ഫയൽവാൻ’
text_fieldsജെ. ജോബിൻസൺ കുടുംബത്തോടൊപ്പം
കോട്ടയം: ഏഴാം വയസ്സിൽ നാട്ടുവളപ്പിലെ മെയ്‌വഴക്കത്തിൽ എതിരാളിയെ മലർത്തിയടിച്ച കുഞ്ഞുപയ്യൻ, പിന്നീട് ദേശീയ വേദികളിൽ തിളങ്ങി. കേരള ഗുസ്തി ടീമിന്‍റെ ക്യാപ്റ്റൻ, സൗത്ത് ഇന്ത്യൻ മത്സരങ്ങളിൽ വെള്ളി മെഡൽ ജേതാവ്, സിവിൽ സർവീസ് ടൂർണമെന്‍റിൽ ചാമ്പ്യൻ. ഇന്ന്, റവന്യൂ ഓഫിസിലെ ഡെസ്കിന് പിന്നിൽ ഫയലുകളോട് ഗുസ്തിപിടിക്കുന്നത് അതേ കുഞ്ഞുപയ്യനാണ് പാറമ്പുഴ സ്വദേശി ജെ. ജോബിൻസൺ എന്ന 43കാരൻ.
1988ൽ ഹരിയാനയിൽ നടന്ന മിനി നാഷണൽ ഗുസ്തിയിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് ജോബിൻസന്‍റെ അരങ്ങേറ്റം. മാതാപിതാക്കൾ അറിയാതെയായിരുന്നു 25 കിലോ വിഭാഗത്തിലെ ആ യാത്ര. തുടർന്ന് മിനി, സബ് ജൂനിയർ, ജൂനിയർ, സീനിയർ തലങ്ങളിലും സംസ്ഥാന ചാമ്പ്യൻ.
കേരള ടീമിന്‍റെ സ്ഥിരം ക്യാപ്റ്റൻ. ആന്ധ്രാപ്രദേശിൽ നടന്ന സൗത്ത് ഇന്ത്യൻ മത്സരത്തിൽ വെള്ളി മെഡൽ. ദേശീയതലത്തിൽ വെങ്കലമെഡൽ. ഗുസ്തിയുടെ മൂന്ന് ഫോർമാറ്റുകളായ ഗാട്ട ഗുസ്തി (ഇന്ത്യൻ സ്റ്റൈൽ), ഫ്രീസ്റ്റൈൽ, ഗ്രീകോ-റോമൻ, ഒരു വർഷം തന്നെ മൂന്നു വിഭാഗങ്ങളിലും ജേതാവായി കേരളത്തിന് അപൂർവനേട്ടം സമ്മാനിച്ച റെക്കോഡും ജോബിൻസന്‍റേത്.
2009ൽ റവന്യൂ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. തുടർച്ചയായി ചാമ്പ്യൻ. കഴിഞ്ഞ വർഷം തിരുവനന്തപുരം സിവിൽ സർവീസ് മീറ്റിലാണ് ഗോദയിൽ അവസാനമായി ഇറങ്ങിയത്. നിലവിൽ സിവിൽ സർവീസ് മീറ്റുകളിലാണ് ജോബിൻസൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ജൂബി റാണി ജോസഫ് ആണ് ഭാര്യ. ഇവാഞ്ചലിൻ ജോബിൻസൺ, ഇവാനിയ ജോബിൻസൺ, എഡ്വിന ജോബിൻസൺ എന്നിവരാണ് മക്കൾ. ഗോദയിലെ പൊടിപടലങ്ങളിൽ നിന്നും ഫയലുകളുടെ കൂമ്പാരത്തിലേക്ക് എത്തിയെങ്കിലും ജോബിൻസൺ ഇന്നും മനസിൽ ഒരേ തിരിച്ചറിയൽ സൂക്ഷിക്കുന്നു... ‘ഒരിടത്തൊരു ഫയൽവാൻ’.