ആറു തലമുറകളുടെ ജീവിതം കണ്ടറിഞ്ഞ കൊച്ചേട്ടൻ 105 ന്റെ നിറവിൽ
text_fieldsകട്ടപ്പന: ആറു തലമുറകളുടെ ജീവിതം കണ്ടറിഞ്ഞ കൊച്ചേട്ടൻ 105 ന്റെ നിറവിൽ.കുടിയേറ്റ കർഷകൻ ഇടുക്കി പാണ്ടിപ്പാറ കൊള്ളിക്കുളവിൽ തോമസ് വർക്കിയാണ് ആറു തലമുറകളുടെ ജീവിതങ്ങളെ കണ്ടറിഞ്ഞ സന്തോഷത്തിൽകഴിയുന്നത്.
തന്റെ 105-ാം ജന്മദിനം ആഘോഷമാക്കിയത് മക്കളും കൊച്ചുമക്കളും അവരുടെ മക്കളോടും ഒപ്പമാണ്. കേക്ക് മുറിച്ച് ആഘോഷിച്ച ജന്മദിന ചടങ്ങിൽ ആദ്യവസാനം വരെ കൊച്ചേട്ടൻ പങ്കെടുത്തത് കൊച്ചു മക്കൾക്ക് ആവേശമായി. നടക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടെന്നൊഴിച്ചാൽ ഇപ്പോഴും ഇദ്ദേഹം പൂർണ ആരോഗ്യവനാണ്.
105ന്റെ തികവിലും യാതൊരു വിധ ജീവിതശൈലീ രോഗങ്ങളും തൊട്ടിട്ടില്ലെന്നതാണ് തലമുറകളുടെ പിതാവിന്റെ ആരോഗ്യ രഹസ്യം. കാഞ്ഞിരപ്പള്ളി പിണ്ണാക്കനാട് കൊള്ളിക്കുളവിൽ വർക്കിയുടെയും മറിയത്തിന്റെയും മകനായി 1920 നവംബർ ഒന്നിനാണ് ജനനം. ജീവിതമാർഗം തേടിയാണ് ഇടുക്കിയിലെത്തിയത്. ആ കാലത്തെ ഹൈറേഞ്ചിലെ ജീവിതം ദുരിത പൂരിതമായിരുന്നു. കാട്ടാനയോടും മലമ്പാമ്പിനോടും മലമ്പനിയോടും പടവെട്ടി ജീവിതമാർഗം തെളിച്ച് മറ്റുള്ളവർക്ക് മാതൃകയും തണലുമാകാൻ കഴിഞ്ഞതോടെയാണ് തോമസ് വർക്കി നാട്ടുകാരുടെ പ്രിയപ്പെട്ട കൊച്ചേട്ടനായി മാറുന്നത്.
ഭാര്യ ത്രേസ്യാമ്മ 2018 ഒക്ടോബർ അഞ്ചിന് രോഗബാധിതയായി വിടപറയുമ്പോഴും കൊച്ചേട്ടൻ തളർന്നില്ല.12 മക്കളും, മരുമക്കളും, കൊച്ചുമക്കളും ഇന്ന് കരുത്തായി കൂടെയുണ്ട്. പാണ്ടിപ്പാറ ഈട്ടിക്കവലയിലെ തറവാട് വീട്ടിൽ ഇളയ മകനും പൊതു പ്രവർത്തകനുമായ സന്തോഷിന്റെയും മരുമകൾ ഷിനോ മോളുടെയും സംരക്ഷണത്തിലാണ് ഇപ്പോൾ കഴിയുന്നത്.ആറു തലമുറകളുടെ ജീവിതങ്ങളെ കണ്ടറിഞ്ഞ കൊച്ചേട്ടൻ അന്നും ഇന്നും നാട്ടുകാർക്കും കുടുംബക്കാർക്കും പ്രിയപ്പെട്ടവനാണ്.


