അതിജീവനത്തിന്റെ എഴുത്തുവഴിയിൽ കാട്ടുകണ്ടി കുഞ്ഞബ്ദുല്ല
text_fieldsമത്ര സൂഖ് സന്ദർശിക്കാനെത്തിയ കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയും ഭാര്യ റുഖിയ്യയും
മത്ര: 30 വര്‍ഷം മുമ്പ് ഒരു മഴക്കാലത്തുണ്ടായ വാഹനാപകടത്തില്‍ സ്പൈനല്‍ കോഡ് ഇഞ്ചുറി സംഭവിച്ച് മൃതപ്രാണനായി കഴുത്തിന് കീഴെ തളര്‍ന്ന് ശയ്യാവലംബിയായിക്കഴിയവെ എഴുത്തുകളിലൂടെ മാറിമറിഞ്ഞ ജീവിതമാണ് കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയുടേത്. മരണക്കിടക്കയില്‍ നിന്നാണ് തന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ആത്മകഥയായ ‘പ്രത്യാശയുടെ അത്ഭുത ഗോപുരം' എന്ന പുസ്തകം കുഞ്ഞബ്ദുല്ല രചിക്കുന്നത്.
ചലനശേഷിയില്ലാത്ത കൈ വിരലുകള്‍ക്കിടയില്‍ പേന തിരുകി ഏറെ പ്രയാസപ്പെട്ട് വര്‍ഷങ്ങളെടുത്താണ് ഈ പയ്യോളിക്കാരന് തന്റെ ആത്മകഥ പൂര്‍ത്തിയാക്കിയത്. ഇതോടെ അനേകായിരങ്ങള്‍ക്ക് മാതൃകയാകും വിധം പ്രത്യാശയുടെ മോട്ടിവേഷനല്‍ റോള്‍ മോഡലായി അദ്ദേഹം മാറി.
സമാന സ്വഭാവത്തില്‍ കിടപ്പിലായവരുടെ ക്ഷേമം മുന്നില്‍ക്കണ്ട് വിവിധ പദ്ധതികള്‍ മനസ്സില്‍ക്കണ്ടാണ് കുഞ്ഞബ്ദുല്ല സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം മസ്കത്തിലെത്തിയ അദ്ദേഹം മത്ര സൂഖ് സന്ദർശിക്കാനെത്തി. വാഹനാപകടത്തെ തുടര്‍ന്ന് പരിമിത ചലനശേഷിയിലേക്ക് നയിക്കപ്പെട്ട അദ്ദേഹത്തിന്റെ സ്വജീവിതത്തോടുള്ള പോരാട്ടവും വിജയവും സാക്ഷ്യപ്പെടുത്തുന്ന കൃതിയാണ് ‘പ്രത്യാശയുടെ അത്ഭുത ഗോപുരം’.
അപകടത്തെ തുടര്‍ന്ന് കിടപ്പിലായതോടെയാണ് താൻ നല്ലൊരു വായനക്കാരനായി മാറിയതെന്ന് കുഞ്ഞബ്ദുല്ല ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വായിച്ച് വായിച്ചാണ് എഴുത്ത് വഴിയിലും ഗ്രന്ഥരചനയിലേക്കുമൊക്കെ എത്തിയത്. മാധ്യമത്തിന്റെ സ്ഥിരവായനക്കാരനാണ് കുഞ്ഞബ്ദുല്ല. വാരാദ്യമാധ്യമത്തില്‍ അക്കാലത്ത് വരാറുണ്ടായിരുന്ന ‘പ്രകാശരേഖ’ എന്ന എസ്.എം.കെയുടെ പംക്തി ഏറെ സ്വാധീനം ചെലുത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു.
ആ പംക്തിയുടെ രചയിതാവായ ശൈഖ് മുഹമ്മദ് കാരകുന്നുമായി നിരന്തരം ബന്ധപ്പെടുകയും അടുത്തിടപഴകാന്‍ അത് വഴിവെക്കുകയും ചെയ്തതായി കുഞ്ഞബ്ദുല്ല പറഞ്ഞു.
മരണത്തിന്റെയും ജീവിതത്തിന്റെയും നൂല്പാലത്തിലൂടെ ഒച്ചിനെ പോലെ സഞ്ചരിച്ച് അത്ഭുത മനുഷ്യനായി മാറിയ കഥ കുഞ്ഞബ്ദുല്ലയുടെ പുസ്തകം എഡിറ്റ് ചെയ്ത പ്രശസ്ത സാഹിത്യകാരന് എന്‍.പി. ഹാഫിസ് മുഹമ്മദ് വരച്ചുവെക്കുന്നത് ഇങ്ങനെയാണ്: ‘വാഹനാപകടങ്ങളില്‍ നൂലിഴ ഭാഗ്യത്തിന് മരണത്തില്‍നിന്ന് രക്ഷപ്പെട്ട പലരുമുണ്ടാകും. എന്നാല്‍, ആ തിരിച്ചുവരവ് മറ്റനേകം പേർക്ക് പ്രത്യാശയുടെ തിരിനാളമാകാന്‍ സാധിച്ച അപൂർവം പേരിലൊരാളാണ് കുഞ്ഞബ്ദുല്ല.’
1993ൽ 33ാം വയസ്സിലാണ് കുഞ്ഞബ്ദുല്ലയുടെ ജീവിതത്തിൽ വഴിത്തിരിവായ ആ അപകടം സംഭവിക്കുന്നത്. പയ്യോളിയിൽ കൊപ്ര കച്ചവടക്കാരനായിരുന്നു അന്ന്. കച്ചവടം കഴിഞ്ഞ് ജീപ്പിൽ മടങ്ങവെ, ഒരു വൻ മരം ജീപ്പിനു മുകളിലേക്ക് കടപുഴകുകയായിരുന്നു. അപകടം സംഭവിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ വെറും 25 ദിവസം മാത്രം ആയുസ്സ് പറഞ്ഞ കുഞ്ഞബ്ദുല്ലക്കിപ്പോൾ വയസ്സ് അറുപതിലെത്തിനില്ക്കുന്നു.
അനേകം പേരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ തിരിനാളം തെളിയിച്ച അദ്ദേഹത്തിന്റെ ആത്മകഥ പുസ്തകം മലയാളത്തില്‍ ഇതിനകം നാല് പതിപ്പുകള്‍ ഇറങ്ങി. അറബി, ഇംഗ്ലീഷ് ഭാഷകളിലേക്കും പുസ്തകത്തിന്റെ തർജമ ഇറങ്ങി. ഇക്കഴിഞ്ഞ ഷാർജ പുസ്തകോത്സവത്തിലായിരുന്നു നാലാം പതിപ്പിന്റെ പ്രകാശനം.
ഹ്രസ്വസന്ദർശനാർഥം മസ്കത്തില് എത്തിയ കുഞ്ഞബ്ദുല്ലയോടൊപ്പം തന്റെ അതിജീവന വഴിയിൽ തുണയായിനിന്ന് ജീവിതം സമര്‍പ്പിച്ച സഹധർമിണി റുഖിയ്യയും കൂടെയുണ്ടായിരുന്നു.


