വേദികൾക്ക് ശബ്ദം നൽകി കുഞ്ഞിക്ക യാത്ര തുടരുന്നു
text_fieldsകുഞ്ഞിക്ക ജോലിക്കിടയിൽ
കൽപകഞ്ചേരി: അഞ്ച് പതിറ്റാണ്ടോളമായി മലപ്പുറത്തുകാരുടെ ആഘോഷങ്ങൾക്ക് ശബ്ദവും വെളിച്ചവുമേകി യാത്ര തുടരുകയാണ് കൽപകഞ്ചേരി തേക്കിലക്കാട് സ്വദേശി 63 കാരനായ ചോലപ്പറമ്പിൽ കുഞ്ഞിമുഹമ്മദ് എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞിക്ക. ചെറുപ്പത്തിലേ സംഗീതത്തോടും ശബ്ദ നിയന്ത്രണത്തോടും തോന്നിയ ആഗ്രഹമാണ് കുഞ്ഞിക്കയെ ഈ മേഖലയിൽ എത്തിച്ചത്.
വിവാഹ വീടുകളിൽ തലേദിവസം നടക്കുന്ന കുറിക്കല്യാണങ്ങളിൽ ഗ്രാമഫോൺ മുഴക്കിയാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. അക്കാലത്ത് കല്യാണവീടുകളിൽ മരത്തിനു മുകളിൽ കോളാമ്പി മൈക്കുകൾ കെട്ടി ഉറക്കെ പാട്ട് െവക്കുന്നത് ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു. അതുകൊണ്ടുതന്നെ കുഞ്ഞിക്ക ഇല്ലാത്ത ആഘോഷങ്ങൾ അന്ന് നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്നില്ല.
സാങ്കേതികവിദ്യ എത്രത്തോളം വളർന്നിട്ടും പിന്മാറാൻ തയാറാവാതെ ഇന്നും കൽപകഞ്ചേരിയിലും സമീപപ്രദേശങ്ങളിലുമുള്ള ഒട്ടുമിക്ക ആഘോഷ പരിപാടികളിലും വേദിക്ക് മുമ്പിലിരുന്ന് വിരലുകൾകൊണ്ട് ശബ്ദം നിയന്ത്രിക്കുന്ന കുഞ്ഞിക്കയെ കാണാനാകും.
മലബാറിലെ ഒട്ടനവധി പ്രശസ്തരായ കലാകാരന്മാർക്കും കുഞ്ഞിക്ക ശബ്ദവും വെളിച്ചവുമേകിയിട്ടുണ്ട്. വിവിധ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങളിൽ ജോലി ചെയ്തു.