മൈക്രോസോഫ്റ്റ് എം.വി.പി അംഗീകാരം സ്വന്തമാക്കി മലയാളി പ്രവാസി
text_fieldsശ്രീജിത്ത് രഘുനാഥ് പിള്ള
മനാമ: മൈക്രോസോഫ്റ്റിന്റെ ആഗോള ബഹുമതിയായ മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്വബ്ൾ പ്രഫഷനൽ (എം.വി.പി) അവാർഡ് സ്വന്തമാക്കി മലയാളി പ്രവാസി ശ്രീജിത്ത് രഘുനാഥ് പിള്ള. ഐഡന്റിറ്റി ആൻഡ് ആക്സസ് മാനേജ്മെന്റ് (ഐ.എ.എം) സാങ്കേതിക മേഖലയിലാണ് അംഗീകാരം. ബഹ്റൈനിൽനിന്നുള്ള മൂന്നാമത്തെ മൈക്രോസോഫ്റ്റ് എം.വി.പിയാണ് ശ്രീജിത്.
എന്നാൽ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി വിഭാഗത്തിൽ ബഹ്റൈനിൽനിന്നുള്ള ആദ്യ എം.വി.പി കൂടിയാണ് അദ്ദേഹം. അന്താരാഷ്ട്ര തലത്തിൽ സാങ്കേതിക സമൂഹത്തിന് നൽകിയ സവിശേഷ സംഭാവനകളെ മാനിച്ചാണ് മൈക്രോസോഫ്റ്റ് ഈ ബഹുമതി നൽകുന്നത്. 14 വർഷത്തിലേറെ ഐ.ടി. രംഗത്തെ അനുഭവസമ്പത്തുള്ള അദ്ദേഹം, നിലവിൽ ബഹ്റൈനിലെ പ്രമുഖ സിസ്റ്റം ഇന്റഗ്രേറ്റർ സ്ഥാപനത്തിൽ ക്ലൗഡ് സൊല്യുഷൻ ആർകിടെക്ട് ആയി സേവനം ചെയ്യുകയാണ്. കൊല്ലം പരവൂർ സ്വദേശിയാണ് ശ്രീജിത്ത്. തന്റെ വിജയത്തിന് പിന്നിൽ കുടുംബത്തിന്റെ ശക്തമായ പിന്തുണയാണെന്ന് ശ്രീജിത് പറഞ്ഞു. ഡോ. ശരണ്യ മോഹൻ ആണ് ഭാര്യ. ശ്രീരുദ്ര ശ്രീജിത്ത് പിള്ള മകളാണ്.


