മത്തായി മാഷ് ഖത്തറിലേക്ക്
text_fieldsമത്തായി
മാഷ്
ചാലക്കുടി: ചാലക്കുടിയിലെ ആദ്യകാല ഫുട്ബാൾ താരവും സംഘാടകനുമായ ചെങ്ങിനിമറ്റം മത്തായി മാഷ് ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലേക്ക് പുറപ്പെടുന്നു. ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നേരിട്ട് കാണണമെന്നത് കാലങ്ങളായുള്ള മോഹമാണ്. ജോലിയായി ബന്ധപ്പെട്ട് മകൻ കുറച്ചു കാലമായി ഖത്തറിലുള്ളതാണ് തുണയായത്. കുറച്ചു കാലമായി മകൻ ഖത്തറിലേക്ക് ക്ഷണിക്കുന്നുണ്ട്. ഖത്തറിൽ ലോകകപ്പ് വന്നതോടെ മകൻ സൗകര്യമൊരുക്കുകയായിരുന്നു.
ഒരു വർഷം മുമ്പ് സ്ട്രോക്ക് വന്ന് തളർച്ചയെ തുടർന്ന് വാക്കറിലാണ് നടത്തമെങ്കിലും ലോകകപ്പ് കാണണമെന്ന മോഹം കൈവിട്ടില്ല. മത്തായി മാഷുടെ ഫുട്ബാൾ കമ്പത്തിന് ഏറെ പഴക്കമുണ്ട്. ക്രൈസ്റ്റ് കോളജിൽ പഠിക്കുമ്പോൾ അവിടത്തെ ടീമിൽ അംഗമായിരുന്നു. ഫുട്ബാൾ രംഗത്ത് ഉയർന്നു വരുമ്പോഴാണ് ഗില്ലൻബാരി സിൻഡ്രം എന്ന രോഗം കാലുകളെ തളർത്തിയത്.
ഒരു വിധം ചികിത്സിച്ച് ഭേദപ്പെട്ടെങ്കിലും വിചാരിച്ച പോലെ പിന്നീട് ഫുട്ബാളിൽ മുന്നേറാൻ ആയില്ല. എങ്കിലും ഫുട്ബാൾ പ്രേമം കൈവിടാൻ തയാറായില്ല. ഫുട്ബാളില്ലാതെ മത്തായി മാഷിന് ഒരു കാലത്തും ജീവിക്കാനാവില്ല.
ഇതിനിടയിൽ ചാലക്കുടി ഗവ. ഐ.ടി.ഐയിലെ അധ്യാപകനായി ജോലിക്ക് കയറി. പിന്നീട് ചാലക്കുടിയിലെ ഫുട്ബാൾ സംഘാടന രംഗത്ത് കളം മാറി ചവിട്ടുകയായിരുന്നു. ചാലക്കുടി ഹൈസ്കൂൾ കളിസ്ഥലത്ത് 10 വർഷക്കാലം അരങ്ങേറിയ ഐക്കഫ് ഫുട്ബാൾ ടൂർണമെന്റിന്റെ പ്രധാന സംഘാടകൻ മത്തായി മാഷായിരുന്നു.
ദേശീയപാതയുടെ ബൈപാസിന് വേണ്ടി ഹൈസ്കൂൾ കളിസ്ഥലം അക്വയർ ചെയ്യപ്പെട്ടതോടെ ഐക്കഫ് ടൂർണമെന്റും ചാലക്കുടിയിലെ ഫുട്ബാളിന്റെ സുവർണ കാലവും അസ്തമിച്ചു. ഫുട്ബാളിനെ പ്രോത്സാഹിപ്പിക്കുന്ന വിവിധ സംഘടനകളുടെ സംഘാടകനായ അദ്ദേഹം ഒടുവിൽ ഇപ്പോൾ മഹാത്മാ കളരി സോക്കർ ക്ലബിന്റെ മുഖ്യ അമരക്കാരനാണ്.
ഫുട്ബാൾ പ്രേമിയായ പിതാവിന് യു.കെ.യിലുള്ള മകൾ ചെൽസിയുടെ ഫുട്ബാൾ സമ്മാനമായി അയച്ചു കൊടുത്തിരുന്നു. മത്തായി മാഷ് മാത്രമല്ല, ചാലക്കുടിയിലെ ഫുട്ബാൾ പ്രേമികളിൽ ഒരു വലിയ വിഭാഗം ലോകകപ്പ് നേരിട്ട് കാണാൻ ഖത്തറിലേക്ക് പോകുന്നുണ്ട്. ലോകകപ്പ് നേരിട്ട് കാണുകയെന്നത് അവരുടെ എക്കാലത്തെയും ജീവിത അഭിലാഷമാണ്.