അമേരിക്കൻ മണ്ണിൽ ത്രിവർണ പതാക പാറിച്ച് വിനീതിന്റെ ജൈത്രയാത്ര
text_fieldsഅമേരിക്കയിൽ നടന്ന ലോക പൊലീസ് മീറ്റിൽ മെഡലുകൾ നേടിയ വിനീത് ശശീന്ദ്രൻ ദേശീയപതാകയുമായി സ്റ്റേഡിയത്തിൽ
പൊൻകുന്നം: ചിറക്കടവിൽനിന്ന് തുടങ്ങിയ കായികപ്രയാണം അമേരിക്കയിലെത്തിയപ്പോൾ സുവർണ തിളക്കം. അമേരിക്കയിൽ നടന്ന ലോക പൊലീസ് മീറ്റിൽ സ്വർണവും വെള്ളിയും നേടി കോട്ടയത്തിന്റെ പെരുമ വിളിച്ചോതിയത് ചിറക്കടവ് സ്വദേശി വിനീത് ശശീന്ദ്രൻ. ചിറക്കടവ് തെക്കേത്തുകവല മംഗലത്ത് ശശീന്ദ്രന്റെയും ഉഷയുടെയും മകനായ വിനീത് ഗ്വാളിയോറിൽ ബി.എസ്.എഫിൽ ഹെഡ്കോൺസ്റ്റബിളാണ്.
അടുത്തിടെ ഇന്ത്യയിൽ നടന്ന പൊലീസ് മീറ്റിൽ വിജയിച്ചാണ് യു.എസിലെ അലബാമയിൽ ബെർമിങ്ഹാം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ലോക പോലീസ് മീറ്റിൽ വിജയചരിതമെഴുതിയത്. 4X100 റിലേയിൽ സ്വർണവും 4 X 400 മീറ്റർ റിലേയിൽ വെള്ളിയുമാണ് നേടിയത്. മലയാളികളായ ബി.എസ്.എഫ് ഉദ്യോഗസ്ഥർ അനീഷ്, ജിഷ്ണു എന്നിവരെക്കൂടാതെ സൗരവ് സാഹയുമായിരുന്നു ടീമിൽ.
ചിറക്കടവ് തെക്കേത്തുകവല എൻ.എസ്.എൽ.പി സ്കൂളിലെ ചെറിയമുറ്റത്തുനിന്ന് ആരംഭിച്ചതാണു വിനീതിന്റെ ഓട്ടം. അന്ന് എൽ.പി. സ്കൂളിൽ ത്രേസ്യാമ്മ ടീച്ചറിൽനിന്നാണ് കായികബാലപാഠങ്ങൾ പഠിച്ചത്. ചിറക്കടവ് സനാതനം സ്കൂളിലായിരുന്നു യു.പി. പഠനം. തുടർന്ന് തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂൾ വിദ്യാർഥിയായി.
ബി.എസ്.എഫ് ഹെഡ്കോൺസ്റ്റബിളായ ഭാര്യ ആതിരയും ലോക പൊലീസ് മീറ്റിനു യോഗ്യത നേടിയിരുന്നു. ശാരീരികപ്രശ്നങ്ങൾ മൂലം പങ്കെടുക്കാനായില്ല. കോഴിക്കോട് ബാലുശ്ശേരി ചെമ്പോട്ട് മോഹനന്റെയും രമയുടെയും മകളായ ആതിര ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളിൽ വിജയിയാണ്. 2019ൽ ചൈനയിൽ നടന്ന ലോക പൊലീസ് മീറ്റിൽ മെഡൽ നേടിയിരുന്നു.