76 ൽ മൊയ്തുവിന്റെ ആദ്യ പുസ്തകം; ആഘോഷമാക്കാൻ നാട്
text_fieldsപാറമ്മൽ മൊയ്തുവിന്റെ പുസ്തകം, പാറമ്മൽ മൊയ്തു
കണ്ണൂർ: വാർധക്യത്തിൽ കാലൂന്നിയാൽ നിത്യജീവിതപ്പെരുക്കങ്ങളിൽ തറഞ്ഞുപോകലാണ് നാട്ടുനടപ്പ്. എന്നാൽ, അങ്ങനെ നിന്നുപോവാനുള്ളതല്ല ജീവിതമെന്നാണ് മാഹി ഒളവിലത്തെ പാറമ്മൽ മൊയ്തു എന്ന 76കാരൻ വിശ്വസിക്കുന്നത്. പലകാലങ്ങളിൽ എഴുതിയ കുറിപ്പുകളും കഥകളും കൂട്ടിവെച്ച് ഗംഭീരമായൊരു പുസ്തകം പുറത്തിറക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. അവിടെ തീരുന്നില്ല മൊയ്തുവിന്റെ കർമപദ്ധതികൾ. നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങൾക്കൊപ്പം നോവലും ആത്മകഥയും കഥാസമാഹാരങ്ങളുംകൂടി പുറത്തിറക്കുകയാണ് അടുത്തത്.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ചുമരിൽ ഏതാനും വരികൾ കുത്തിക്കുറിച്ചു. എല്ലാംകൊണ്ടും ഒരു കുട്ടിക്കവിത. ഏഴാം ക്ലാസിലെത്തിയപ്പോൾ നാടകമെഴുതി. പത്താം ക്ലാസ് കഴിഞ്ഞ് നേരെ പോയത് കടലിനക്കരയിലേക്ക്. പതിറ്റാണ്ടുകൾ നീണ്ട പ്രവാസത്തിനിടയിലും എഴുത്തുകൾക്ക് മുടക്കം വന്നില്ല. ‘മറുഭൂമി: പുറപ്പാടുകളുടെയും അതിജീവനങ്ങളുടെയും പുസ്തകം’ എന്ന പുസ്തകം നാളെ പുറത്തിറങ്ങുമ്പോൾ എഴുത്തുകാരനിത് ജീവിത സാഫല്യം. ഞായറാഴ്ച വൈകീട്ട് 3.30ന് മയ്യഴി എം. മുകുന്ദൻ പാർക്കിലാണ് പ്രകാശനം. ഒളവിലം പള്ളിക്കുനി സ്വദേശിയാണ് മൊയ്തു പാറമ്മൽ. പാടത്തും പറമ്പിലും ഓടിനടക്കേണ്ട പ്രായത്തിൽ പ്രവാസിയാകാൻ നിർബന്ധിക്കപ്പെട്ട ജീവിതം.
കടലാസിൽ ആദ്യം കോറിയിട്ടത് ചെറുകഥയാണെന്ന് മൊയ്തു ഓർക്കുന്നു. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോഴാണത്. സഹപാഠിക്ക് അധ്യാപകന്റെ അടികിട്ടിയപ്പോഴുണ്ടായ കരച്ചിലാണ് ആ കഥക്കു പിന്നിൽ. അച്ഛൻ മരിക്കുന്നതിനു തലേന്ന് വാങ്ങിക്കൊടുത്ത പേന അധ്യാപകന്റെ അടിയിൽ പൊട്ടിയതിലുള്ള വേദന കഥയായപ്പോൾ യൂത്ത് ഫെസ്റ്റിവലിൽ സമ്മാനം നേടി.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോൾ നാടകമെഴുതി. അതും സംഭവകഥ. എട്ടാം ക്ലാസില്‍ നാടക നടനായി. ചൊക്ലി വേട്ടക്കൊരു മകന് ക്ഷേത്രത്തില്‍ ഉത്സവത്തിന് നാടകത്തിൽ അഭിനയിച്ചു. ‘കളിയൽപം കൂടുന്നതായി’ കുടുംബങ്ങളിൽ അടക്കംപറച്ചിൽ തുടങ്ങി. അങ്ങനെയാണ് പത്തുകഴിഞ്ഞ് ഖത്തറിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചതെന്ന് മൊയ്തു പറയുന്നു. 16 വയസ്സാണ്. പാസ്പോര്‍ട്ടുപോലും കിട്ടില്ല. 23 ‘വയസ്സു’കാരനാക്കി ബോംബെയിലേക്ക്. പിന്നെ കപ്പൽ വഴി ഖത്തറിലേക്ക്.
നാടകവുമായി നടന്ന 16കാരന്റെ ചുമലിൽ ജോലി ചെയ്ത് സമ്പാദിക്കുകയെന്ന വലിയ ഉത്തരവാദിത്തമായി. ദോഹയിൽ എരിപിരി കൊള്ളുന്ന ചൂടിൽ ജീവിക്കാൻ തുടങ്ങി. നാടും വീടും ചിന്തിക്കുമ്പോൾ മനസ്സ് നിയന്ത്രണം വിട്ട നിമിഷങ്ങളേറെ. വായനപോലും മുടങ്ങി. എണ്‍പതുകളിൽ വായന തിരിച്ചുകിട്ടി. അത്യാവശ്യം സുഹൃത്തുക്കളായി. ഒരു ചെറിയ സാംസ്കാരിക സംഘടനയുണ്ടാക്കി.
2014 മുതൽ ഫേസ്ബുക്കില്‍ എഴുതാൻ തുടങ്ങി. കമന്റുകൾ വലിയ പ്രോത്സാഹനമായി. അങ്ങനെയാണ് പുസ്തകം ഇറക്കണമെന്ന തോന്നൽ പോലുമുണ്ടായതെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഭാര്യ ഫാത്തിമ. മക്കൾ: നൂരിയ, നുസ്രിയ, നുഫൈസ, നുഫൈൽ, അമീൻ.