‘മിസ്റ്റർ ഇന്ത്യ’ മുഹമ്മദലി കൃഷിയിലേക്ക്
text_fieldsമുഹമ്മദലി തന്റെ ജിം പാലസിലെ കൃഷിയിടത്തിൽ
പരപ്പനങ്ങാടി: തീരവാസികളുടെ സാമ്പത്തിക നിലയുയർത്താൻ മണ്ണിലിറങ്ങുകയാണ് ‘മിസ്റ്റർ ഇന്ത്യ’മുഹമ്മദലി. ജൂലൈ 28ന് ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ തുടക്കമിട്ട ‘ഓല’പദ്ധതിയിലൂടെയാണ് തീരവാസികളുടെ കാർഷിക സാമ്പത്തിക ശാക്തീകരണത്തിന് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി രണ്ട് ഏക്കർ ഭൂമി അദ്ദേഹം പാട്ടത്തിനെടുത്തിട്ടുണ്ട്.
പൊന്നാനിക്കാരനായ മുഹമ്മദലി മിസ്റ്റർ പൊന്നാനിയിൽനിന്ന്, മിസ്റ്റർ മലപ്പുറം, മിസ്റ്റർ കേരള, സ്റ്റർ ഇന്ത്യ എന്നീ പട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 1991ൽ സ്പെയിനിൽ നടന്ന ലോക ബോഡി ബിൽഡിങ്ങ് മത്സരത്തിൽ ആറാമാനായിരുന്നു.
സ്പോട്സ് ക്വാട്ടയിൽ റെയിൽവെയിൽ ജോലി ചെയ്തു കൊണ്ടിരിക്കെ ജിദ്ദയിൽ ആദ്യ ബോഡി ബിൽഡിങ്ങ് വിദ്യാലയത്തിന് തുടക്കമിട്ടു. നാട്ടിൽ തിരിച്ചെത്തിയ മുഹമ്മദലിയോടുള്ള ആദര സൂചകമായി പൊന്നാനിയിലെ പ്രാദേശിക ഭരണകൂടം ജിം അലി റോഡ് പണിതു നൽകി.
1993ൽ ഭാര്യയുടെ നാട്ടിൽ പരപ്പനങ്ങാടിയിൽ ബോഡി ബിൽഡിങ്ങ് വിദ്യാലയം തുറക്കുകയും ഇവിടെ ജിം പാലസ് തീർത്ത് താമസമാക്കുകയും ചെയ്തു. സന്ദേശം, താളവട്ടം ഉൾപ്പെടെ ഒമ്പത് മലയാള സിനിമകളിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. വീടിനോട് ചേർന്ന് നേരത്തെ തുടക്കമിട്ട ആട്, കോഴി, മത്സ്യ കൃഷി തുടങ്ങിയവ തീരദേശത്തെ സാധാരണക്കാരിൽനിന്ന് സാമ്പത്തിക വിഹിതം വാങ്ങാതെ ജനകീയവത്കരിക്കുകയാണ് ‘ഓല’പദ്ധതി ലക്ഷ്യം വെക്കുന്നത്.