Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightമുറ്റത്തെ ചക്കരമാവിൻ...

മുറ്റത്തെ ചക്കരമാവിൻ ചുവട്ടിലെ ഓർമകളുമായി നൈന മണ്ണഞ്ചേരി

text_fields
bookmark_border
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിലെ ഓർമകളുമായി നൈന മണ്ണഞ്ചേരി
cancel
camera_alt

നൈ​ന മ​ണ്ണ​ഞ്ചേ​രി

അരൂർ: വായന വാരത്തോട് അനുബന്ധിച്ച് എഴുത്തുകാരൻ നൈന മണ്ണഞ്ചേരിയുടെ ഓർമക്കുറിപ്പുകളുടെ സമാഹാരം തിരുവനന്തപുരം പരിധി ബുക്സ് പ്രസിദ്ധീകരിക്കുന്നു. ബാല്യകാലം മുതലുള്ള ഓർമകളും എഴുത്തിന്റെ വഴികളിൽ കണ്ടുമുട്ടിയ സൗഹൃദങ്ങളും ആകാശവാണിയിലെ പ്രക്ഷേപണ അനുഭവങ്ങളും പ്രവാസ ജീവിതത്തിലെ ഓർമകളും ഉൾപ്പെടെ വൈവിധ്യം നിറഞ്ഞ സമാഹാരമാണ് ‘മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ.’

മണ്ണഞ്ചേരി വൈ.എം.എ ഗ്രന്ഥശാലയുടെ ലൈബ്രേറിയനും പ്രസിഡന്റുമായി തുടങ്ങിയ അക്ഷരങ്ങളുമായുള്ള ബന്ധം ഇപ്പോൾ എരമല്ലൂർ ഗാന്ധിജി സ്മാരക ഗ്രന്ഥശാലയുമായുള്ള ബന്ധത്തിലൂടെ തുടരുന്നു. ഹാസ്യ സാഹിത്യത്തിന് ‘പങ്കൻസ് ഓൺ കൺട്രി’ എന്ന പുസ്തകത്തിന് ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം, ‘ശുനകനും ഒരു ദിവസം’ എന്ന കഥക്ക് എസ്.എൻ.ജി നർമകഥാ പുരസ്കാരം എന്നിവയും ബാലസാഹിത്യത്തിൽ ‘അപ്പുവിന്റെ കഥ അമ്മയുടെയും’ എന്ന പുസ്തകത്തിന് കുറിച്ചിത്താനം പി. ശിവരാമ പിള്ള സ്മാരക പുരസ്ക്കാരവും ബാലസാഹിത്യത്തിലെ സമഗ്ര സംഭാവനക്ക് ചിക്കൂസ് കളിയരങ്ങ് പുരസ്കാരവും ലഭിച്ചു.

ഈ വർഷത്തെ ഭരതൻ സ്മാരക പ്രതിഭ പുരസ്കാരവും മലയാള കാവ്യ സാഹിതിയുടെ കഥാപുരസ്കാരവും അകപ്പൊരുൾ കഥാപുരസ്കാരവും ലഭിച്ചു. ‘സ്നേഹതീരങ്ങളിൽ’ എന്ന കൃതിക്ക് പാലാ കെ.എം. മാത്യൂ ബാല സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഈ നോവൽ 'സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ' എന്ന പേരിൽ ചലചിത്രമായപ്പോൾ അതിന്റെ തിരക്കഥ, സംഭാഷണം, ഗാനങ്ങൾ, സംവിധാനം നിർവഹിച്ചു. 'നന്ദിത’ എന്ന ചിത്രമുൾപ്പെടെ മൂന്ന് സിനിമകളിൽ ഗാനങ്ങളെഴുതി. ഹാസ്യ ബാലസാഹിത്യ രംഗത്ത് ഇപ്പോൾ സജീവം.

കഥ, കവിത, ലേഖന വിഭാഗങ്ങളിലായി വിവിധ പ്രസിദ്ധീകരണങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും സൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിൽ വർഷങ്ങളായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. തൊഴിൽ വകുപ്പിലെ ജീവനക്കാരനായി ആലപ്പുഴ ജില്ലാ ലേബർ ഓഫിസിൽ നിന്നും വിരമിച്ചു. ഇപ്പോൾ എഴുത്തിന്റെയും വായനയുടെയും ലോകത്ത് സജീവമാണ്. വിവിധ വിഭാഗങ്ങളിലായി 20 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഓർമക്കുറിപ്പുകളോടൊപ്പം 'പെയ്തു തീരാത്ത കിനാവുകൾ' എന്നൊരു നോവൽ ഈ മാസം തന്നെ നീമാ ബുക്സ് പ്രസിദ്ധീകരിക്കും. ഭാര്യ: ബീന ജെ. നൈന, മക്കൾ: ഡോ. മാരി ജെ. നൈന, മിറാസ് ജെ. നൈന, മരുമകൻ ഡോ. സൈദലി എന്നിവരുൾപ്പെടെയുള്ള കുടുംബത്തിന്റെ പിന്തുണ എഴുത്തിന്റെ വഴികളിൽ സജീവമായുണ്ട്.

Show Full Article
TAGS:writer autobiography reading day 
News Summary - Naina Mannancheri memories Childhood and His reading Journey
Next Story