മതമൈത്രിയുടെ മണിനാദം ഓർമയാക്കി നാസർ യാത്രയായി
text_fieldsനാസറിന് ആദരാഞ്ജലി അർപ്പിച്ച് സെന്‍റ് മേരീസ് യാക്കോബായ പള്ളി പുറത്തിറക്കിയ ഫ്ലക്സ്
തൊടുപുഴ: മൂന്ന് പതിറ്റാണ്ടോളം മതമൈത്രിയുടെ പളളി മണി മുഴക്കിയ ഉണ്ടപ്ലാവ് കിഴക്കുംപറമ്പിൽ നാസർ(60) ഓർമയായി. മൂന്ന് പതിറ്റാണ്ടായി തൊടുപുഴ ടൗണിലെ സെന്‍റ് മേരീസ് യാക്കോബായ പള്ളിയുടെ പരിപാലകനായിരുന്നു ഇദ്ദേഹം. പുലർച്ചെ പള്ളിയിലെത്തി വിളക്ക് തെളിയിച്ച് മണിയടിച്ചായിരുന്നു ഇദ്ദേഹത്തിന്‍റെ ദിവസം ആരംഭിച്ചിരുന്നത്. പിന്നീട് കാരിക്കോട് നൈനാർ പള്ളിയിലെത്തി പ്രഭാത നിസ്കാരം നിർവ്വഹിച്ച് മടങ്ങും. പള്ളിയും പരിസരവുമെല്ലാം വൃത്തിയാക്കലാണ് അടുത്ത ഘട്ടം.
മൂന്ന് പതിറ്റാണ്ടായി ദിവസേന തുടരുന്ന പ്രവർത്തനമായതുകൊണ്ട് തന്നെ ഇടവകയിലെത്തുന്ന ഓരോരുത്തർക്കും ഇദ്ദേഹം സുപരിചിതനായിരുന്നു. മാർക്കറ്റിൽ പച്ചക്കറി വിൽപന നടത്തിയിരുന്ന നാസറിന് ഇവിടുത്തെ കുരിശ് പള്ളിയുമായാണ് ആദ്യം ബന്ധം തുടങ്ങിയത്. ഈ ബന്ധമാണ് ഇടവക പള്ളിയിലേക്കെത്തിച്ചത്. ഇടവകയിലെ ഏത് കാര്യത്തിനും നാസറിന്‍റെ സാന്നിധ്യമുണ്ടായിരുന്നു.
ഞായറാഴ്ച വിശ്വാസികൾക്കായി കഞ്ഞിയും പയറും തയാർ ചെയ്തിരുന്നതും ഇദ്ദേഹം തന്നെ. പള്ളിയുമായുളള ഇഴയടുപ്പം മൂലം ഇടവകയുടെ സ്ഥിരം ജീവനക്കാരനായി ഭരണ സമിതി ഇദ്ദേഹത്തെ അംഗീകരിച്ചിരുന്നു. നാസറിന് അന്തിമോപചാരമർപ്പിക്കാൻ ഇടവക വികാരി ഫാ.അബി ഉലഹന്നാൻ, ട്രസ്റ്റി ജോയി കൊറ്റംകോട്ടിൽ, സെക്രട്ടറി കെ.എ.അബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇടവക വിശ്വാസികളൊന്നടങ്കമാണ് ഒഴുകിയെത്തിയത്. ഖബറടക്കം നടന്ന കാരിക്കോട് നൈനാർ പള്ളിയിലും നിരവധി വിശ്വാസികളെത്തി.


