അടിയന്തരാവസ്ഥ: ഭീതിയും നടുക്കവും മാറാതെ മൊയ്തീൻ കുട്ടിയും ഹരിദാസനും
text_fieldsമൊയ്തീൻ കുട്ടി മൗലവി,ഹരിദാസൻ
ഓമശ്ശേരി: അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന്റെ സുവർണ ജൂബിലിയിലെത്തുമ്പോൾ അന്നത്തെ ഭീതിജനകമായ അനുഭവങ്ങൾ ഓർമിക്കുകയാണ് ഓമശ്ശേരിക്കാരായ എ. മൊയ്തീൻകുട്ടി മൗലവിയും ഇളമന ഹരിദാസും. 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം രാത്രി പതിവുപോലെ ഓമശ്ശേരിയിലെ ആമ്പ്ര തറവാടു വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു മൊയ്തീൻ കുട്ടി മൗലവി.
രാത്രി പതിനൊന്നോടെ രണ്ട് പൊലീസുകാർ വന്നു കോലായിൽ കിടന്നുറങ്ങുന്ന പിതാവിനെ വിളിച്ചുണർത്തി. മൊയ്തീൻ കുട്ടി മൗലവിയെ എസ്.ഐക്കു കാണണമെന്നും അതിനു താമരശ്ശേരി സ്റ്റേഷൻ വരെ വരണമെന്നും ആവശ്യപ്പെട്ടു.
പുറത്തിറങ്ങിയപ്പോൾ വീടിന്റെ പിൻവാതിലിലും വഴികളിലുമെല്ലാം തോക്ക് ധാരികളായ പൊലീസുകാരായിരുന്നു. ടൗണിൽ നിർത്തിയിട്ട പൊലീസ് ബസിൽ കയറ്റി താമരശ്ശേരിയിലേക്കാണ് പിന്നീട് കൊണ്ടുപോയത്. കൊടുവള്ളിയിലെ ആർ.സി. മൊയ്തീനും സ്റ്റേഷനിൽ ഉണ്ടായിരുന്നു.
സൗഹാർദ്ദത്തിലാണ് പൊലീസുകാർ പെരുമാറിയത്. മുകളിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിളിപ്പെച്ചതെന്നായിരുന്നു എസ്.ഐ പറഞ്ഞത്. പിറ്റേ ദിവസം ഇരുവരെയും കോഴിക്കോട് മാനാഞ്ചിറക്കടുത്ത സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെ എത്തിയപ്പോഴാണ് അറസ്റ്റിന്റെ കാരണമറിഞ്ഞത്. അന്ന് നിരോധിത സംഘടനയായിരുന്ന ജമാഅത്തെ ഇസ്ലാമിയിൽ പ്രവർത്തിക്കുന്നു എന്നതായിരുന്നു അറസ്റ്റിനു കാരണമായ കുറ്റം.
കോഴിക്കോട് സ്റ്റേഷനിൽ അന്നത്തെ ജമാഅത്ത് ഇസ്ലാമി അമീർ കെ.സി. അബ്ദുല്ല മൗലവി, നേതാക്കളായ ടി.കെ. അബ്ദുല്ല മൗലവി, കെ.എൻ. അബ്ദുല്ല മൗലവി, ഭൂപതി അബൂബക്കർ ഹാജി, ലക്കി ഹാജി തുടങ്ങി 28 ഓളം പേർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ സംഘത്തെ കോടതി രണ്ടു തവണകളിലായി നാലാഴ്ചത്തേക്കു റിമാൻഡ് ചെയ്തു.
അങ്ങനെ ഒരു മാസത്തോളം കോഴിക്കോട് ജയിലിൽ കഴിഞ്ഞു. രാഷ്ട്രീയ തടവായതിനാൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുവാദമുണ്ടായിരുന്നു. ആറു പേരുടെ സെല്ലിൽ എല്ലാവരും അറിയുന്നവരായിരുന്നു. നിലത്തു കട്ടിയുള്ള തുണിയിലായിരുന്നു കിടത്തം.
രാവിലെ കുടിക്കാൻ മല്ലി വെള്ളം, ചപ്പാത്തി, ചമ്മന്തി, ഉച്ചക്ക് മുമ്പ് കഞ്ഞി വെള്ളം, ചോറ്, പച്ചക്കറി, മീൻ, ഇറച്ചി തുടങ്ങിയ കറികൾ അടങ്ങിയവയായിരുന്നു ഭക്ഷണം. ഓരോരുത്തർക്കും പ്ലെയ്റ്റ്, വെള്ളം കുടിക്കാൻ മോന്ത എന്നിവ ഉണ്ടായിരുന്നു. ജയിലിൽ ഖുർആൻ ക്ലാസ് ഉൾപ്പടെ നടന്നിരുന്നു. പ്രാർഥനാ സൗകര്യം ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഇമാമെത്തി ജുമാ പ്രാർഥന നടക്കും.
എന്നാൽ, രണ്ടു പേരെ ചേർത്ത് വിലങ്ങണിയിച്ചായിരുന്നു കോടതിയിലും മറ്റും ഹാജരാക്കിയത്. രണ്ടു തവണ ജാമ്യാപേക്ഷ തള്ളി. മൂന്നാം തവണയാണ് ജാമ്യം അനുവദിച്ചത്. സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞ നാളുകളായിരുന്നു ജയിൽ വാസമെന്നും മൊയ്തീൻ കുട്ടി മൗലവി പറഞ്ഞു.
..............................................................................................
20-ാം വയസ്സിൽ പ്രീഡിഗ്രി പഠനം കഴിഞ്ഞിരിക്കുമ്പോഴാണ് സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായ കാതിയോട് എളമന ഹരിദാസൻ അടിയന്തരാവസ്ഥ ക്കെതിരെ പ്രതിഷേധിക്കാൻ കുന്ദമംഗലം പോസ്റ്റ് ഓഫിസിനു മുന്നിൽ നേതാക്കൾക്കൊപ്പം എത്തിയത്. കല്ലുരുട്ടിയിലെ കോക്കാപ്പള്ളി പാപ്പച്ചൻ, ചാത്തമംഗലത്തെ ശങ്കരൻ നായർ, സുന്ദരൻ, സദാനന്ദൻ, മാവൂരിലെ കെ.ജി. ബാബു എന്നീ മുതിർന്ന പ്രവർത്തകരോടൊപ്പമായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.
സമരക്കാർക്കു സ്റ്റേഷനിൽ കൊടിയ മർദനമാണ് ഏറ്റത്. ആരോഗ്യവാനായ പാപ്പച്ചനെ എട്ടോളം പൊലീസുകാർ ചേർന്നു മർദ്ദിച്ചത് ഓർക്കുമ്പോൾ ഇപ്പോഴും നടുക്കം തോന്നുന്നു. റിമാൻഡ് ചെയ്തതിനെ തുടർന്ന് കോഴിക്കോട് ജയിലിൽ കിടന്നു. 1975 ആഗസ്റ്റ് എട്ടിനായിരുന്നു അറസ്റ്റ്. തിരുവോണ ദിവസം ജയിലിലായിരുന്നു.
ജയിലിൽ രാഷ്ട്രീയ തടവുകാരായി എത്തിയവരിൽ പലരുമായും ആ ബന്ധം ഇപ്പോഴും നിലനിൽക്കുന്നു. പിന്നീടുള്ള പൊതു ജീവിതത്തിനു തുണയായത് അന്നത്തെ ജയിലനുഭവമാണെന്നു ഹരിദാസൻ പറഞ്ഞു.