അജീഷിന്റെ അതിജീവനം
text_fieldsകൊറോണക്കാലം പല ബിസിനസ്സുകാർക്കും ഉയർച്ചകളും താഴ്ച്ചകളും സമ്മാനിച്ചിരുന്നു. എന്നാൽ നേരിടേണ്ടി വന്ന ബിസിനസ് തകർച്ചയെ സോഷ്യൽ മീഡിയ കൊണ്ട് നേരിട്ടൊരു മലയാളിയുണ്ട്. അജീഷ് പൂമാസ്. ഏതു സാഹചര്യത്തിലും മനക്കരുത്തുണ്ടെങ്കിൽ വന്ന വിധിയെ മാറ്റിയെഴുതാൻ പറ്റുമെന്ന് തെളിയിക്കുക കൂടിയാണ് അജീഷ്. ഒരു പക്ഷെ സോഷ്യൽ മീഡിയ റീലുകൾ സ്ക്രോൾ ചെയ്യുമ്പോൾ അജീഷിന്റെ വീഡിയോ നമ്മൾ കണ്ടിട്ടുണ്ടാകാം. പ്രോപ്പർട്ടി ഫോർ സെയിൽ, ലാൻഡ് ഫോർ സെയിൽ, കാർ ഫോർ സെയിൽ തുടങ്ങിയ തലക്കെട്ടോടെ. ഈ കാലത്ത് സത്യസന്ധമായ എന്തും സോഷ്യൽ മീഡിയ വഴി വിറ്റഴിക്കാൻ കഴിയും എന്ന് തെളിയിക്കുക കൂടിയാണ് അജീഷ്.
ജനിച്ചതും വളർന്നതും മലപ്പുറം ജില്ലയിലെ താനൂരിലുള്ള പുത്തൻതെരു എന്ന നാട്ടിൻപുറത്താണ്. ചെറുപ്പത്തിൽ സ്കൂൾ അവധിയുള്ള മാസങ്ങളിൽ വീടിനുമുന്നിൽ മിഠായികൾ വിൽക്കുന്ന ഒരു കുഞ്ഞു പീടികയൊരുക്കുമായിരുന്നു അജീഷ്. പത്താം തരം കഴിഞ്ഞുള്ള അവധിക്കാലത്ത് തിരൂർ ടൗണിൽ കോർട്ട് റോഡിനടുത്ത് ക്രോക്കറി ഐറ്റംസ് വിൽക്കുന്ന ഒരു കട തുടങ്ങിയാണ് ബിസിനസ് ലോകത്തേക്കുള്ള ചുവടുവെപ്പ്. ശേഷം 2010ൽ പൂമാസ് ലൈറ്റ്സ് എന്നപേരിൽ സ്ഥാപനം തുടങ്ങി. പിന്നീട് ദുബൈയിലും കച്ചവടം വ്യാപിച്ചു. പക്ഷെ 2020ൽ കൊവിഡ് മഹാമാരിയും ലോക്ക്ഡൗണുമൊക്കെ വന്നതോടെ കച്ചവടം നഷ്ടത്തിലായി. കട അടച്ചുപൂട്ടേണ്ട അവസ്ഥ വരെയെത്തി. പല ഷോപ്പുകളും അടച്ചു പൂട്ടുകയും ചെയ്തു.
താൻ കെട്ടിപ്പടുത്ത കൊച്ചു ബിസിനസ്സ് സാമ്രാജ്യം നഷ്ടപ്പെട്ടു തുടങ്ങി. പക്ഷെ അവിടെയും അജീഷ് തളർന്നിരുന്നില്ല, ബാക്കി വന്ന സാധനങ്ങൾ ഗോഡൗണിൽ കിടക്കുകയാണ്. അവ എങ്ങനെയെങ്കിലും വിറ്റഴിക്കണം. അതിനായി സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്താൻ തന്നെ തീരുമാനിച്ചു. സോഷ്യൽ മീഡിയയിൽ അന്നുവരെ ഒരു വീഡിയോ പോലും ചെയ്തിട്ടില്ലാത്ത അജീഷ് അങ്ങനെ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഒരു കണ്ടന്റ് ക്രിയേറ്ററായി മാറി. കുറെ അധികം സാധനങ്ങൾ അങ്ങനെ വിറ്റഴിക്കാനും സാധിച്ചു. ജീവിതത്തിൽ ആദ്യമായി ചെയ്ത വീഡിയോ തനിക്കൊരിക്കലും മറക്കാൻ സാധിക്കില്ലെന്ന് അജീഷ് പറയുന്നു.
കോവവിഡിന് ശേഷം പിന്നീട് 2023ലാണ് അജീഷ് യു.എ.ഇയിലെത്തുന്നത്. ചെറുപ്പം മുതൽ കൂടെയുള്ള തന്റെ കച്ചവടം ചെയ്യാനുള്ള കഴിവുമായി തന്നെ. ദെയ്റ മാർക്കറ്റിൽ കയറി ഇറങ്ങി സാധങ്ങളെടുത്തു. അവ സോഷ്യൽ മീഡിയ വഴി വിൽക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് തന്റെ ഒരു സുഹൃത്ത് യൂസ്ഡ് കാറുകൾ സോഷ്യൽ മീഡിയ വഴി വിൽക്കാൻ സഹായിക്കാമോ എന്ന് ചോദിച്ചത്. അജീഷിന്റെ വീഡിയോ കണ്ട് കാറുകൾ വാങ്ങാൻ ആളുകളെത്തി. ഒരു വർഷം കൊണ്ട് നിരവധി കാറുകളാണ് അജീഷ് സോഷ്യൽ മീഡിയ വഴി മാത്രം വിറ്റത്.
അങ്ങനെയിരിക്കെയാണ് സ്ഥാപനങ്ങൾ വിൽക്കാനായി ആളുകൾ അജീഷിനെ സമീപിച്ചു തുടങ്ങിയത്. പണ്ട് താൻ അനുഭവിച്ചിരുന്ന അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന അവർക്ക് വേണ്ടി സ്ഥാപനം വിൽക്കാൻ വിഡിയോകൾ ചെയ്തു. അവർ സങ്കൽപ്പിച്ചു തുകക്ക് പല സ്ഥാപനങ്ങളും വിൽക്കാനും സാധിച്ചു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ടിക്ടോക് തുടങ്ങി എല്ലാ പ്ലാറ്റുഫോമുകളിലും സജ്ജീവമാണ് അജീഷ്. സ്ഥിരമായി പോസ്റ്റുകളും വീഡിയോകളും ചെയ്യുക എന്നത് തന്നെയാണ് സോഷ്യൽ മീഡിയയിൽ റീച്ച് കൂടാനുള്ള ഒരു വഴിയെന്ന് അജീഷ് പറയുന്നു. ദിവസവും എല്ലാ പ്ലാറ്റുഫോമുകളിലും ഒരു പോസ്റ്റെങ്കിലും ഉറപ്പ് വരുത്താറുണ്ടെന്നും അജീഷ് പറയുന്നു. ഇപ്പോൾ ചൈനയിൽ നിന്ന് ലോകമെമ്പാടും ഇമ്പോർട്ടിങ് എക്സ്പോർട്ടിങ് ബിസിനസ്സുമുണ്ട്. പൂമാസ് ഓൺലൈൻ റീറ്റെയ്ൽ ഷോപ് www.poomas.shop എന്ന എല്ലാ ഉത്പന്നങ്ങളും റീറ്റെയ്ലായി ലഭിക്കുന്ന വെബ്സൈറ്റ് ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണിപ്പോൾ.