പതിറ്റാണ്ടിന്റെ കാരുണ്യമായി ‘സ്നേഹസാഗരം’
text_fieldsകടയ്ക്കൽ: 10 വർഷത്തോളമായി കാരുണ്യത്തിന്റെ കൈത്താങ്ങാകുകയാണ് ‘സ്നേഹസാഗരം’. ആരോരുമില്ലാത്തവർക്ക് ആശ്രയമൊരുക്കുക എന്ന ലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കാതെ പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിൽ ഇന്ന് ആയിരങ്ങളാണ് ആഹ്ലാദനിമിഷങ്ങൾ പങ്കിടുന്നത്.
ആ പുഞ്ചിരികൾക്ക് കാവലൊരുക്കാൻ ചിറയിൻകീഴ് എ.എം. നൗഷാദ് ബാഖവിയാണ് ‘സ്നേഹസാഗര’ത്തിന് 10 വർഷങ്ങൾക്ക് മുമ്പ് തുടക്കമിട്ടത്. മകന്റെ വിയോഗത്തെ തുടർന്നാണ് നിരാലംബർക്ക് സംരക്ഷണമേകാൻ എ.എം. നൗഷാദ് ബാഖവി ‘സ്നേഹസാഗരം ഫൗണ്ടേഷൻ’ ആരംഭിച്ചത്.
10 വർഷം മുമ്പാണ് മകൻ മുഷ്ത്വാഖ് അഹ്മ്മദിന്റെ പെട്ടെന്നുള്ള വിയോഗമുണ്ടായത്. ആ ദുഃഖാവസ്ഥയിൽ മനസ്സിൽ ഉയർന്നുവന്നതായിരുന്നു നിരാലംബരായി വഴിയരികിൽ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കൾക്ക് മകനായി മാറുക എന്ന ആഗ്രഹം. അതാണ് 10 വർഷത്തിനുള്ളിൽ ആയിരങ്ങൾക്ക് അഭയമൊരുക്കിയതിലൂടെ സഫലീകരിച്ചത്.
കടയ്ക്കലിലെ വാടകക്കെട്ടിടത്തിൽ 20 പേരുടെ സംരക്ഷണം ഏറ്റെടുത്താണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. ഇപ്പോൾ, ചിതറ വളവുപച്ചയിലെ വാടക കെട്ടിടത്തിലും ചിറയിൻകീഴ് നൈനാംകോണത്തുള്ള സ്വന്തം കെട്ടിടത്തിലുമായി നൂറോളം പേർ താമസിക്കുന്നു.
പ്രസംഗവേദികളിൽനിന്ന് കിട്ടുന്ന തുകകൾ കൊണ്ടും നല്ലവരായ സുഹൃത്തുക്കളുടെ സഹായം കൊണ്ടുമാണ് ഒരുമാസം ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന അഭയകേന്ദ്രം നടത്തിപ്പെന്ന് ഇദ്ദേഹം പറയുന്നു. സുഹൃത്തും ജീവകാരുണ്യപ്രവർത്തകനായ പനവൂർ സഫീർഖാൻ മന്നാനിയും സഹായവുമായി കൂടെയുണ്ട്. ഇനിയും നിരവധി പാവങ്ങൾക്ക് സഹായമൊരുക്കാനുള്ള ലക്ഷ്യവുമായി നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോവുകയാണ് സ്നേഹസാഗരവും ചിറയിൻകീഴ് എ.എം. നൗഷാദ് ബാഖവിയും.