ആണികളല്ല; നജീമിനിത് പട്ടുമെത്ത
text_fieldsആണികൾക്കുമുകളിൽ കിടക്കുന്ന നജീം കെ. സുൽത്താൻ
കൊട്ടിയം: ശരീരത്തിന് ഒരു പോറലുപോലും ഏൽക്കാതെ, പലകകൾക്കു മുകളിൽ തറച്ച കൂർത്ത ആണികൾക്കു മുകളിൽ പത്തുമണിക്കൂർ കിടന്ന് ശാസ്ത്ര പ്രചാരകൻ. കൊട്ടിയം റഹുമത്ത് മൻസിലിൽ നജീം കെ. സുൽത്താൻ എന്ന 63 കാരനാണ് ആണികൾക്ക് മുകളിൽ കിടന്ന് കൗതുക കാഴ്ചയൊരുക്കുന്നത്. മൂവായിരത്തോളം ആണികളാണ് പലകക്ക് മുകളിൽ തറച്ചിരുന്നത്. പട്ടുമെത്ത പോലെയാണ് ഇദ്ദേഹം ആണികൾക്ക് മുകളിൽ കിടന്നത്. മാസങ്ങളോളം നടത്തിയ നിരന്തര പരിശീലനത്തിലൂടെയാണ് തനിക്ക് ഇതിന് കഴിഞ്ഞതെന്ന് ഇദ്ദേഹം പറയുന്നു.
കൊട്ടിയത്ത് സമരവേദിയിൽ ആണിക്ക് മുകളിൽ കിടന്ന് ഇദ്ദേഹം നടത്തിയ പ്രകടനം കാണാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. പലകമേൽ തറച്ചിരുന്ന മൂവായിരത്തോളം ആണികളിൽ ഒന്നു പോലും പുറത്തു കയറാതെ കൂർത്ത ആണികൾക്കു മുകളിൽ ഇദ്ദേഹം കിടന്നത് വേറിട്ട കാഴ്ചയായിരുന്നു. പലരും മൂക്കത്ത് വിരൽ വച്ചെങ്കിലും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ പട്ടു മെത്തയിൽ കിടക്കുന്നതുപോലെയാണ് ഇദ്ദേഹം കിടന്നത്. ശാസ്ത്ര പ്രചാരകനായ നജീം കെ. സുൽത്താൻ കുട്ടിക്കാലം മുതൽ പല കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുണ്ട്.
ശാസ്ത്ര രംഗത്ത് അധ്യാപകരെയും വിദ്യാർഥികളെയും പരിശീലിപ്പിക്കുന്നുമുണ്ട്. വർഷങ്ങൾക്കു മുമ്പ് ഇദ്ദേഹം കണ്ടുപിടിച്ച, ഡ്രൈവറെ വിളിച്ചുണർത്തുന്ന കണ്ണാടി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പാമ്പുകളെ കൈ കൊണ്ട് തൊടാതെ ചാക്കിലാക്കാൻ പറ്റുന്ന ഉപകരണവും ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. വാഹനങ്ങൾ ബ്രേക്ക് പിടിക്കുമ്പോൾ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വിദ്യയും കണ്ടുപിടുത്തങ്ങളിലുണ്ട്. ഇങ്ങനെ അഞ്ചുപതിറ്റാണ്ടിനിടയിൽ നിരവധി കണ്ടുപിടിത്തങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ശാസ്ത്ര പ്രദർശനങ്ങളിലും മത്സരങ്ങളിലും വിധികർത്താവായും സേവനം അനുഷ്ഠിക്കുന്നു. പൊതുജനങ്ങളിൽ ശാസ്ത്ര അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്.


