അമ്മ മണമുള്ള ഓണം ഓർമകൾ
text_fieldsമന്ത്രി വി. ശിവൻകുട്ടി കുടുംബത്തിനൊപ്പം
ഓണമെത്താറായി എന്ന് അറിയുന്നത് വീട്ടിൽ അമ്മ നടത്തുന്ന മുന്നൊരുക്കങ്ങളിലൂടെയായിരുന്നു. ഓണത്തിന് മൂന്നാഴ്‌ച മുമ്പുതന്നെ അമ്മ ഓണത്തിരക്കിൽ മുഴുകിയിട്ടുണ്ടാവും. പൊടിക്കലും വറുക്കലും ഇടിക്കലും ഒക്കെയായി അമ്മ തിരക്കിലായിരിക്കും. പുതിയ നിക്കറും ഷർട്ടും കിട്ടും. വളരെ സാധാരണ കുടുംബമായതിനാൽ ഓണംപോലുള്ള വിശേഷദിവസങ്ങളിലെ എല്ലാ കാര്യങ്ങളും അമ്മ ഒരുക്കിയിരിക്കും.
വിഭവസമൃദ്ധമായ സദ്യയുണ്ടാകും. അമ്മ വെക്കുന്ന ഭക്ഷണങ്ങൾക്ക് പ്രത്യേക രുചിയാണ്. അച്ഛന് പലവ്യഞ്‌ജന കടയായതിനാൽ ഒന്നിച്ച് ഭക്ഷണം കഴിക്കാൻ കിട്ടില്ല. അമ്മയും ഞാനും സഹോദരങ്ങളുമായി ഒന്നിച്ചിരുന്ന് ഓണമുണ്ണും. തിരുവോണം കഴിഞ്ഞാൽ അടുത്ത ദിവസങ്ങളിൽ ഏതെങ്കിലും ദിവസം നോൺ വിഭവവും കിട്ടും.
ഓണത്തിന്റെ ദിവസങ്ങളിൽ ഞങ്ങൾ കുട്ടികളെ സംബന്ധിച്ചുള്ള വലിയ സന്തോഷമെന്തെന്നാൽ ഒരു നിയന്ത്രണവും ഉണ്ടാകില്ല. ഊഞ്ഞാലാടാം, പന്തു കളിക്കാം, ഓട്ടത്തിനും ചാട്ടത്തിനുമൊക്കെ പോവാം. കലാലയ രാഷ്‌ട്രീയത്തിൽ സജീവമായപ്പോഴും തിരുവോണത്തിന് ഉണ്ണാൻ വീട്ടിലെത്തുമായിരുന്നു.
എസ്.എഫ്.ഐ ഭാരവാഹിയായിരുന്ന കാലങ്ങളിൽ ഞങ്ങൾക്ക് ഓണം ഡി.സി തന്നെയുണ്ടായിരുന്നു. തിരുവോണത്തിന്റെ അടുത്ത ദിവസങ്ങളിൽ ഏതെങ്കിലും ജില്ല കമ്മിറ്റി മെംബറുടെ വീട്ടിൽ ഡി.സി ചേരും. അതിന് ഇട്ട പേരാണ് ഓണം ഡിസ്‌ട്രിക്‌ട് കമ്മിറ്റി (ഓണം ഡി.സി). ഓണശേഷം നടത്തേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച ചർച്ചയാണ് നടത്തുക. 20, 25 പേരുണ്ടാകും. അന്ന് ആ വീട്ടിൽ അവർക്കായി സദ്യയുണ്ടാക്കും.
രാവിലെത്തന്നെ എല്ലാവരും വരും. 12 മണിക്ക് മുമ്പുതന്നെ ഡി.സി ചേരും. പിന്നെ ഭക്ഷണം കഴിച്ചുകഴിഞ്ഞ് എല്ലാവരും കൂടിയിരുന്ന് വർത്തമാനവും ചർച്ചയുമൊക്കെയാണ്. നാലു മണിയോടെ ഞങ്ങൾ തിരികെ മടങ്ങും. ഓണം ഡി.സിക്കുള്ള തീയതി നേരത്തേതന്നെ നിശ്ചയിച്ചിരിക്കും. വീടുമായുള്ള അഭേദ്യമായ ബന്ധം, വീട്ടുകാരും അയൽപക്കവുമായുണ്ടാകുന്ന മാനസിക അടുപ്പം ഇതൊക്കെ ഓണം
ഡി.സിയുടെ പ്രത്യേകതകളായിരുന്നു. ഇപ്പോഴും എല്ലാവരും തമ്മിൽ കാണുമ്പോൾ ഓണം ഡി.സിയെക്കുറിച്ച് സംസാരിക്കും. ഇപ്പോൾ അങ്ങനെയൊരു ഓണം ഡി.സിയുണ്ടോയെന്ന് അറിയില്ല. വിവാഹശേഷം ആദ്യ ഓണം പാർവതിയുടെ വീട്ടിലായിരുന്നു. പാർവതിയുടെ അച്ഛന് (പി. ഗോവിന്ദപിള്ള) ഓണമൊക്കെ വലിയ ആഘോഷമാണ്. അദ്ദേഹം തിരുവോണത്തിന്റന്ന് രാവിലെത്തന്നെ കുളിച്ച് പുത്തൻ വസ്‌ത്രമണിഞ്ഞ് വീടിന് മുന്നിൽ മാവേലിയെ വരവേൽക്കാനെന്നപോലെ വരാന്തയിലിരുന്ന് വായിക്കുന്ന രംഗം ഇന്നും മനസ്സിൽ ഒട്ടും മങ്ങാതെ നിൽപുണ്ട്.
തിരുവോണത്തിന് ഉച്ചവരെ പുറത്തുപോയില്ലെങ്കിലും ഉച്ചക്ക് ശേഷം പുറത്തിറങ്ങും. പാർട്ടിയാഫിസിലേക്കാവും മിക്കവാറും യാത്ര. മകനുണ്ടായപ്പോഴും പതിവ് ഇതൊക്കെയാണ്. വീട്ടുത്തരവാദിത്തങ്ങൾ അധികം ഏറ്റെടുക്കാത്തയാളാണ് ഞാൻ. വീട്ടിലെ ഖജാൻജി പാർവതിയാണ്. എല്ലാം നോക്കുന്നതും അവർതന്നെയാണ്. മന്ത്രിയായപ്പോൾ പിന്നെ ഓണത്തിന് വീട്ടിലുണ്ടാകും.
വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ എടുക്കുന്ന കുട്ടികൾക്കായുള്ള തീരുമാനങ്ങളാണ് ഞാൻ അവർക്ക് നൽകുന്ന ഓണസമ്മാനങ്ങൾ. നാലുകിലോ അരി വീതം നൽകാനും ഓണാഘോഷത്തിന് കളർ വസ്‌ത്രമിടാനും ലഹരിക്കെതിരെ ശക്തമായി പോരാട്ടം നടത്താനുമൊക്കെയുള്ള തീരുമാനങ്ങൾ അവർക്കായുള്ളതാണ്.
കുട്ടികൾ ഓണം നന്നായി അവരവരുടെ അഭിരുചിക്കനുസരിച്ച് ആഘോഷിക്കട്ടെ. അവിടെ നിയന്ത്രണം ഏർപ്പെടുത്താതിരിക്കുക. ഇന്നത്തെ സമൂഹത്തിൽ ഏറ്റവും വേണ്ടത് അച്ചടക്കമാണ്. എല്ലാവർക്കും സ്‌നേഹവും ബഹുമാനവും നല്ലചിന്തകളുമുണ്ടാകട്ടെ. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകുന്ന കുട്ടികളാകട്ടെ സമൂഹം നിറയെ. എന്റെ കുഞ്ഞുങ്ങൾക്കെല്ലാം മന്ത്രിയപ്പൂപ്പന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ മക്കളേ...