ജ്യേഷ്ഠനെതിരെ മത്സരിച്ച ഓർമയിൽ പരപ്പിൽ പി. ഉപ്പേരൻ
text_fieldsപി. ഉപ്പേരൻ
കൊടിയത്തൂർ: 1963ൽ ജ്യേഷ്ഠനെതിരെ പഞ്ചായത്തിൽ മത്സരിച്ചതും 1988 മുതൽ 1995 വരെ വാർഡ് മെംബറും 1991 മുതൽ 1995 വരെ പഞ്ചായത്ത് പ്രസിഡന്റുമായി പ്രവർത്തിച്ചതിന്റെയും ഓർമകളുടെ കൊടി പാറിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവും 87കാരനുമായ പന്നിക്കോട് പരപ്പിൽ പി. ഉപ്പേരൻ. പന്നിക്കോട് പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത് 1963ലാണ്. അന്ന് അപേക്ഷ നൽകിയതിനു പിന്നാലെ ഇടതു സ്ഥാനാർഥിയായി ജ്യേഷ്ഠസഹോദരനെ നിർത്തിയതോടെ പ്രചാരണങ്ങൾ തകിടം മറിയുകയും പരാജയപ്പെടുകയും ചെയ്തു. പിന്നീട് അഖിലേന്ത്യ ലീഗും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗും ലയിച്ച് കോൺഗ്രസിനൊപ്പം ഐക്യമുന്നണിയായി മത്സരിച്ച 1988ലെ തെരഞ്ഞെടുപ്പിലാണ് കൊടിയത്തൂർ പഞ്ചായത്തിൽനിന്ന് വിജയിക്കുന്നത്.
ഇന്നത്തെ രീതിയിലുള്ള വാഹന പ്രചാരണങ്ങളോ ശബ്ദസംവിധാനങ്ങളോ ഇല്ല. ചുവരെഴുത്തുകളും ജാഥകളും മാത്രമായിരുന്നു. 40-50 മീറ്റർ അകലെയായിരുന്നു ഓരോ വീടും. ഒറ്റക്കോ സംഘമായോ കയറിയിറങ്ങുമായിരുന്നു.
കൊടിയത്തൂർ പഞ്ചായത്തിലാണ് ആദ്യമായി പതിനൊന്നിന പരിപാടി കേരളത്തിൽ നടപ്പാക്കിയത്. അത് താൻ മെംബറായ കാലത്താണ്. അന്ന് പഞ്ചായത്തിന്റെ വികസനത്തിന് ലഭിക്കുന്നത് 5000 രൂപയായിരുന്നു. നാട്ടുകാരുടെ വിഹിതത്തിലൂടെയാണ് അധിക വികസനവും നടത്തിയത്. തന്റെ ഭരണ കാലത്ത് ചെയ്യാൻ കഴിയുന്നത് ചെയ്തുതീർത്തു എന്ന സംതൃപ്തിയുണ്ടെങ്കിലും കളക്കുടിക്കുന്ന് കോളനിയിൽ വെള്ളമെത്തിക്കാനുള്ള ശ്രമം ഇടതുപക്ഷ ഇടപെടൽ കാരണം നിന്നുപോയത് ഇപ്പോഴും ഓർമയിൽ വിങ്ങലായി പരപ്പിൽ ഉപ്പേരേട്ടൻ ഓർക്കുന്നു.


