Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഅന്ന് പാടി...

അന്ന് പാടി പ്രവാചകറസൂലുള്ള...

text_fields
bookmark_border
അന്ന് പാടി പ്രവാചകറസൂലുള്ള...
cancel

കാളഞ്ചേരിൽ മുഹമ്മദ് ​സലിം. ആലപ്പുഴ, അമ്പലപ്പുഴ മഠത്തിൽ പറമ്പിൽ സലീം. നാല്​ പതിറ്റാണ്ട്​ പിന്നിട്ട കലാജീവിതത്തിനുടമ​. ഇതിനിടയിൽ ​തേടിയെത്തിയത്​ നിരവധി അംഗീകാരങ്ങൾ, പദവികൾ. 2023ൽ കേരള ഫോക് ലോർ അക്കാദമി അവാർഡ്. 2018ൽ മോയിൻകുട്ടി വൈദ്യർ ആദരം, 2024ൽ കേരള സർക്കാർ ഭാരത് മിഷൻ മൺസൂൺ പ്രോഗ്രാം ആദരം, ആകാശവാണി ആർട്ടിസ്റ്റ്, കേരള സാംസ്കാരിക ക്ഷേമനിധി ബോർഡ് അംഗം എന്നിങ്ങനെ കലയുടെ വഴിയിൽ സജീവമാണ്​ സലീം. ഇക്കഴിഞ്ഞ ഒക്​ടോബർ ​ഒന്നിന്​ സാമൂഹികനീതി വകുപ്പിന്‍റെ ആദരവും ഏറ്റുവാങ്ങി. ആകാശവാണിയാണ് തന്നെ കലാകാരനായി അംഗീകരിച്ച ആദ്യത്തെ വലിയ സ്ഥാപനമെന്ന് ഒരു നിമിഷം പോലും ചിന്തിക്കാരെ​ സലീം മറുപടി നൽകും. അന്നത്തെ ശബ്ദപരിശോധനയിൽ വിജയിച്ചില്ലായിരുന്നെങ്കിൽ കലാജീവിതം തന്നെ ഇല്ലാതാകുമായിരുന്നു. ജീവിതത്തിൽ ഒരിക്കലും ആകാശവാണിയെ മറക്കാൻ കഴിയില്ലെന്ന്​ സലീം ഉറപ്പിച്ചു പറയുന്നത്​ അതുകൊണ്ടാണ്​. കലാജീവിതത്തിന്‍റെ വഴിതെളിയുന്നത്​ എവിടെനിന്നാണെന്ന്​ പറയാൻ കഴിയില്ല. തന്‍റെ ഇന്നലകളെക്കുറിച്ച്​ മനസ്സ് തുറക്കുന്നു...

കേട്ട ശബ്​ദത്തിന്​ പിന്നിലെ കഥ

ആകാ​ശവാണി ചേർത്തുപിടിച്ചില്ലായിരു​ന്നെങ്കിൽ കാളഞ്ചേരിൽ മുഹമ്മദ് ​സലിം എന്ന കലാകാരനില്ല. 40 വർഷമായി തിരുവനന്തപുരം, ആലപ്പുഴ നിലയങ്ങളിൽ പരിപാടി അവതരിപ്പിക്കുന്നു. 1987 കാലഘട്ടത്തിൽ ആകാശവാണി പ്രതിഫലമായി ആറുപേർക്ക് നൽകിയിരുന്നത് 1600 രൂപ. അതിപ്പോൾ 20,000 രൂപയായി. ഇപ്പോഴിതാ, ആകാശവാണി കൊച്ചി എഫ്.എം 102.3ലും പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു.

1980ൽ വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോഴാണ് കലാജീവിതം തുടങ്ങുന്നത്. സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിന് പേര് കൊടുത്തു. അധ്യാപകരായിരുന്ന വെറ്റക്കാരൻ പറമ്പിൽ മൊയ്തു മാസ്റ്ററും, പാണാവള്ളി രവീന്ദ്രൻ മാസ്റ്ററും വലിയ പ്രോത്സാഹനം നൽകി. അന്ന് പാടിയത് വടുതലയിലെ അറിയപ്പെടുന്ന ഗായകനും രചയിതാവുമായ പി.കെ.കെ. സമീർ മൗലവിയുടെ ‘പ്രവാചക റസൂലുള്ള...’ എന്ന ഗാനമായിരുന്നു. പാടി ഫസ്റ്റ് കിട്ടി. അതേ വർഷം തന്നെ അരൂക്കുറ്റി പാട്ടത്തിൽചിറയിൽ കൊച്ചുമുഹമ്മദിന്റെ വസതിയിൽ കോൽക്കളി പഠിക്കാൻ ചേർന്നു. അതോടെ സ്കൂൾ വിദ്യാഭ്യാസം നിലച്ചു.

പരേതനായ തമ്മനത്ത് അലി ആശാന്‍റെ ശിക്ഷണത്തിലായിരുന്നു ആദ്യ കോൽക്കളി പരിശീലനം. ‘റഹ്മത്തുൽ ഇസ്‍ലാം അറബിക് ഗായകസംഘം’ എന്ന പേരിലാണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. പിന്നീടാണ് നൂറുൽ ഇസ്‍ലാം അറബിക് ഗായകസംഘം എന്ന സംഘം നിലവിൽ വന്നത്. അതിന്‍റെ ആദ്യകാല പ്രവർത്തകർ എ. മാമ്മു പള്ളിവെളി, മക്കാർ കൊച്ചുകിഴക്കേവെളി, സിദ്ദീഖ് നക്കഞ്ചേരി, കുട്ടിമൂസ കളത്തിപീടിക എന്നിവരാണ്. സംഘത്തിലെ പല അംഗങ്ങളും വിദേശത്ത് ജോലി തേടിപ്പോയതോടെ പലർക്കും കലയോടുള്ള താൽപര്യം നഷ്ടപ്പെട്ടു. പിന്നീടാണ്​ ആകാശവാണി തിരുവനന്തപുരം നിലയത്തിലേക്ക് അപേക്ഷ അയക്കുന്നത്​. തുടർന്ന് ആകാശവാണിയിൽ തനതുകല നാട്ടുചിന്ത്, കൈമുട്ട്, മാപ്പിളപ്പാട്ട് എന്നിവ അവതരിപ്പിക്കാൻ തുടങ്ങി. അത്​ ഇന്നും തുടരുന്നു. തുടക്കത്തിൽ ഒപ്പമുണ്ടായിരുന്ന തൈക്കാട്ടുശ്ശേരി പത്മകുമാരി മരണപ്പെട്ടു.

ഇത്​, പുതിയ കാലമല്ലേ, ഒരു വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി, അതിന് ‘ഇശൽ എഫ്.എം ആലപ്പി മാപ്പിളകലാ സാംസ്കാരിക കേന്ദ്രം’ എന്ന് പേരുനൽകി. പിന്നീട് ​കെ.കെ. നാസി, കളത്തിപീടിക ഷംസുദ്ദീൻ, പി.എം. പുല്ലൂറ്റ്ശ്ശേരി, ഇബ്രാഹീംകുട്ടി അരേശ്ശേരി, ടി.കെ. അഷ്റഫ് ഗുരുക്കൾ അരൂക്കുറ്റി എന്നിവരടങ്ങുന്ന കലാ-സാംസ്കാരിക സംഘം തന്നെ നിലവിൽ വന്നു. തുടർന്ന് ഇബ്രാഹീംകുട്ടി അരേശ്ശേരി രക്ഷാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കമ്മിറ്റികൾ മാറിമാറി വന്നു. ഇപ്പോൾ സംഘത്തിന്റെ പ്രസിഡന്റ് ഷംസുദ്ദീൻ പാണാവള്ളിയും, സെക്രട്ടറി നാസി കെ.കെ വടുതലയും, പ്രോഗ്രാം എക്സിക്യൂട്ടിവ് ടി.കെ. അഷ്റഫ് അരൂക്കുറ്റിയുമാണ്. പാണാവള്ളി പോലൊര​ു തീരദേശ ഗ്രാമത്തിൽ മാപ്പിളകലകൾ നശിച്ചുപോകുന്നത് കണ്ടപ്പോൾ പിടിച്ചുനിർത്തണം എന്ന ചിന്തയിൽ നിന്നാണ്​ ഇതെല്ലാമുണ്ടായത്​.

ഖൽബിൽ കോൽക്കളി

ദൈവത്തിന്റെ അനുഗ്രഹത്താൽ മാപ്പിളപ്പാട്ട്, കോൽക്കളി, അറബനമുട്ട്, ഒപ്പന, കൈമുട്ട് എന്നീ അഞ്ച് കലാരൂപങ്ങളിലും പ്രവർത്തിക്കാൻ കഴിഞ്ഞു. അതിൽ എനിക്ക് ഏറ്റവും പ്രിയം കോൽക്കളി തന്നെയാണ്. കാരണം അത് ഗുരുവിൽ നിന്ന് നേരിട്ട് പഠിച്ച ആദ്യത്തെ കലയാണ്. പിന്നെ മാപ്പിളപ്പാട്ടാണ്​.

ആദ്യഗുരു പരേതനായ തമ്മനത്ത് അലി ആശാനാണ്​. ആകാശവാണിയിൽ ഓഡിഷന് പോവാൻ ഒരു രൂപ പോലും കൈയിൽ ഇല്ലാതിരുന്ന കാലം. ഞങ്ങളുടെ ടീമി​ന്‍റെ തിരുവനന്തപുരത്തേക്കുള്ള എല്ലാ ചെലവും സ്വന്തം കൈയിൽ നിന്നും മുടക്കിയ പ്രിയ കലാകാരൻ ഷംസുദ്ദീൻ പാണാവള്ളിയെ ഒരിക്കലും മറക്കാൻ കഴിയില്ല. ചേർത്തുനിർത്തിയ നിരവധി കലാസ്​നേഹികൾ മനസ്സിൽ മായാതെ കിടക്കുന്നു​. ഇതിനിടയിൽ, കുടുംബം നൽകിയ പിന്തുണ വളരെ വലുതാണ്​. ഈ യാത്രക്കിടയിൽ മറക്കാനാവാത്ത അനുഭവങ്ങൾ ഏറെയാണ്​. 2018ൽ വിനോദസഞ്ചാര വകുപ്പ് നടത്തിയ, അന്യം നിന്നുപോകുന്ന തനത് കലാരൂപങ്ങളുടെ അവതരണത്തിന് കേരളത്തിലെ ഒമ്പത്​ ജില്ലകളിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചത് മറക്കാനാവാത്ത അനുഭവമാണ്. ഒരു ദിവസം നാല്​ പ്രോഗ്രാമുകൾ വീതം തിരുവനന്തപുരം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിൽ അരങ്ങേറി.

വഴിയിലെ വെല്ലുവിളികൾ

മൂന്ന് വെല്ലുവിളികൾ പാരമ്പര്യ കലകൾക്ക്​ മുന്നിലുണ്ട്​. ഒന്ന്, പുതിയ തലമുറയുടെ താൽപര്യക്കുറവാണ്, അവർ റീൽസിന്റെയും സിനിമാ പാട്ടിന്‍റെയും പിന്നാലെയാണ്. രണ്ട്, കോൽക്കളി സംഘത്തെ കൊണ്ടുപോകാൻ ചെലവ് കൂടുതലാണ്, പ്രതിഫലം കുറവാണ്. മൂന്ന്, യഥാർഥ മാപ്പിളകലയുടെ ഈണവും താളവും പുതിയ ആളുകൾ പഠിക്കാതെ വേഗത്തിൽ പാടിത്തീർക്കുന്നു, അതിന്റെ ആത്മാവ് നഷ്ടപ്പെടുന്നു. ഇതൊരു വല്ലാത്ത വേദന തന്നെയാണ്​.

ഇതിനിടയിൽ 2022ൽ ഏറ്റവും വലിയ പ്രയാസമായി ഹൃദയസംബന്ധമായ അസുഖം പിടികൂടി. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ ചികിത്സ തേടി. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണമെന്ന് പറഞ്ഞപ്പോഴും തളർന്നില്ല. ഭാര്യയുടെയും മക്കളുടെയും സുഹൃത്തുക്കളുടെയും പ്രാർഥനയും, കേരള സാംസ്കാരിക ക്ഷേമനിധി ബോർഡിൽ നിന്നും ലഭിച്ച ചികിത്സാ സഹായവും കൊണ്ടാണ് വീണ്ടും വേദികളിൽ സജീവമായത്​.

പുതിയ കാലത്തിനോട്​...

ഈ കലകൾ മുസ്‍ലിം സമുദായത്തിന്‍റെ മാത്രമല്ല, കേരളത്തിന്‍റെ മതസൗഹാർദത്തിന്‍റെ കൂടി അടയാളമാണ്. ഇവ നിലനിർത്തണം. പുതിയ കലാകാരന്മാരോട് പറയാനുള്ളത്​, കലയെ പണത്തിനുവേണ്ടി മാത്രം കാണരുത്. പുതിയ ടെക്നോളജിയെ കലക്കുവേണ്ടി ഉപയോഗിക്കണം. ചേർത്തുപിടിക്കാൻ തീരുമാനിച്ചാൽ കല ഒരിക്കലും കൈവിടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:mappila pattu kolkkali Kerala Folklore Academy Award 
News Summary - peace be upon him sang that day
Next Story