ചരിത്രം ഈ ഫ്രെയിം; ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം
text_fieldsസി.എം.വി. നമ്പീശൻ പകർത്തിയ പി. കൃഷ്ണപിള്ളയുടെ ചിത്രം
പയ്യന്നൂർ: പയ്യന്നൂരിനടുത്ത് കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ മാത്തിൽ ആലപ്പടമ്പിലെ സി.എം.വി. നമ്പീശൻ എന്ന ഫോട്ടോഗ്രാഫറുടെ പഴയ റോളീകോർഡ് കാമറയും 120 എം.എം ഫിലിമും ചരിത്രത്തിന്റെ ഭാഗമായത് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലൂടെയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറ പാകിയ പി. കൃഷ്ണപിള്ളയുടേതാണ് നമ്പീശന്റെ പ്രശസ്തമായ ആ ചരിത്രചിത്രം.
ലോക ഫോട്ടോഗ്രഫി ദിനവും കൃഷ്ണപിള്ളയുടെ ഓർമദിനവും പിന്നീടെന്നോ ഒരു ദിവസമായത് യാദൃച്ഛികമാണെങ്കിലും ആ ഫോട്ടോ ഇന്നും ചരിത്രത്തോടൊപ്പം തന്നെ സഞ്ചരിക്കുന്നു. കോഴിക്കോട് പുതിയറയിൽ ഉണ്ടായിരുന്ന പൂർണിമ സ്റ്റുഡിയോയിലെ ഇരുട്ടുമുറിയിലായിരുന്നു ആ പടത്തിന്റെ പിറവി. അതുവരെ ഇല്ലാത്ത സഖാവിന്റെ ഫോട്ടോയാണ് ആ ഇരുട്ടുമുറിയിൽ അന്നവിടെ പിറന്നത്.
നെറ്റിയിൽ അരിവാൾ വരച്ചിട്ടപോലെ വീണ മുടിയും മൃദുമന്ദഹാസവും നിറഞ്ഞ ആ ഫോട്ടോയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് ആചാര്യന്റെ ഇന്നും ജീവിച്ചിരിക്കുന്ന ഏക അടയാളം. സഖാവിനെക്കുറിച്ച് പിറന്ന ജീവിത കഥകളുടെയും വരകളുടെയും മുഖചിത്രമായതും ഈ പടം തന്നെ.
സി.എം.വി എന്ന സി.എം. വിഷ്ണുനമ്പീശനും ഓർമയായിട്ട് വർഷങ്ങളായി. കേരളത്തിന് പുറത്ത് മാറിമാറിക്കഴിഞ്ഞ അദ്ദേഹം അപൂർവമായി മാത്രമായിരുന്നു ആലപ്പടമ്പിൽ എത്തിയിരുന്നത്. അതുകൊണ്ടുതന്നെ സഖാവിന്റെ ചിത്രമെടുത്തയാളുടെ പേര് പലർക്കും അറിയില്ല. തലക്ക് വില പറഞ്ഞ് ഒളിവിൽ കഴിയുമ്പോഴാണ് ഫോട്ടോയുടെ പിറവി. ഫോട്ടോഗ്രാഫറും ഒളിവിലായിരുന്നു എന്നതും മറ്റൊരു പ്രത്യേകത. കറുപ്പും വെളുപ്പും പോയി ചായമടിച്ച് പടത്തിന്റെ നിറം മാറി വരുന്നുണ്ടെങ്കിലും ആ ഫ്രെയിം അതുപോലെ നിലനിൽക്കുകയാണ് പതിറ്റാണ്ടുകൾക്കിപ്പുറവും.