ചലച്ചിത്രത്തെ ജനകീയമാക്കിയ പി.എം. മുരളീധരൻ ഇനി ഓർമയുടെ തിരശ്ശീലയിൽ
text_fieldsപി.എം. മുരളീധരനെ ഫിലിം സൊസൈറ്റി കൂട്ടായ്മയും നാട്ടുകാരും ചേർന്ന് വീട്ടിലെത്തി ആദരിച്ചപ്പോൾ (ഫയൽ ചിത്രം)
പയ്യന്നൂർ: ബുധനാഴ്ച വിടവാങ്ങിയ പി.എം. മുരളീധരന്റെ വിയോഗത്തിലൂടെ നഷ്ടമായത് മികച്ച സിനിമാപ്രേമിയെ. 1975 മെയിൽ കാസർകോട് ഫിലിം സൊസൈറ്റിയുടെ ഓർഗനൈസിങ് സെക്രട്ടറിയായി ചുമതലയേറ്റ പി.എം. മുരളീധരൻ കാസർകോട് ഫിലിം സൊസൈറ്റിയെ ഇന്ത്യയിലെ പ്രധാനപ്പെട്ട പയനിയർ ഫിലിം സൊസൈറ്റികളിൽ ഒന്നായി ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ഫിലിം സൊസൈറ്റിയെ അടിത്തട്ടിലെ മനുഷ്യരെ പങ്കാളികളാക്കി പ്രവർത്തിക്കാമെന്ന ആശയം രൂപവത്കരിക്കാൻ അദ്ദേഹത്തിനായി. അടിയന്തരാവസ്ഥ കാലത്ത് കാസർകോട് ഫിലിം സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായി. ഇക്കാലത്ത് ധാരാളം രാഷ്ട്രീയ സിനിമകൾ പ്രദർശിപ്പിച്ചു. 'ഫിലിം ടു വില്ലേജ്' എന്ന പദ്ധതിയുമായി ഓരോ ഗ്രാമങ്ങളിലും ചെന്ന് സാമൂഹിക പ്രാധാന്യമുള്ള സിനിമകൾ തിരഞ്ഞെടുത്ത് പ്രദർശിപ്പിച്ചു.
ഗിരീഷ് കർണാടിന്റെ ഹയവദന, എൻ.എൻ പിള്ളയുടെ ഡാം തുടങ്ങിയ നാടകങ്ങൾ പ്രദർശിപ്പിച്ചു. പിക്കാസോയുടെ ചിത്രങ്ങളുടെ പകർപ്പുകളുടെ പ്രദർശനവും ക്ലിന്റിന്റെ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. 1980ൽ പി.എം. മുരളീധരന്റെ നേതൃത്വത്തിൽ ഫോക്കസ് മാസിക ആരംഭിച്ചു. 1981ൽ സിനി റിഥം എന്ന ശ്രദ്ധേയമായ ഇംഗ്ലീഷ് മാസികയുടെ എഡിറ്ററും പ്രിന്റ് ആൻഡ് പബ്ലിഷറുമായി. മലബാർ മേഖലയിലെ ഒട്ടേറെ ഫിലിം സൊസെറ്റികളുടെ രൂപവത്കരണത്തിനും പ്രവർത്തനും ആവശ്യമായ നിർദേശങ്ങൾ നൽകി. മികച്ച ചലച്ചിത്രങ്ങൾ തെരഞ്ഞെടുക്കാനും അവ സംഘടിപ്പിക്കാനുള്ള വിലാസവും ഫോൺ നമ്പറുമെല്ലാം നൽകി.


