ഇടതുപക്ഷത്തെ നെഞ്ചേറ്റിയ കെ.കെ. ദിവാകരൻ
text_fieldsകെ.കെ.
ദിവാകരൻ
തിരുവമ്പാടി: 11 തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനായി പ്രചാരണത്തിന് ചുക്കാൻ പിടിച്ച മലയോരത്തെ മുതിർന്ന സി.പി.എം പ്രവർത്തകനാണ് കെ.കെ. ദിവാകരൻ. നാലുതവണ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് സി.പി.എം പ്രതിനിധിയായി മത്സരിച്ചു. 2000, 2005 വർഷങ്ങളിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 2010, 2015 വർഷങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പൊന്നാങ്കയം, ആനക്കാംപൊയിൽ വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം നിർമാണം, ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതി, തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥലമേറ്റെടുക്കൽ തുടങ്ങിയ വികസന പ്രവർത്തനങ്ങളിൽ പങ്കുവഹിക്കാനായെന്ന് കെ.കെ. ദിവാകരൻ പറഞ്ഞു.
1971ൽ ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് പൊതുരംഗത്തെത്തിയത്. ശേഷം കെ.എസ്.വൈ.എഫ് പൊന്നാങ്കയം യൂനിറ്റ് സെക്രട്ടറിയായി. 1982ൽ തിരുവമ്പാടിയിൽ നടന്ന ചുമട്ട് തൊഴിലാളി സമരത്തിലും പൊന്നാങ്കയം ഭൂസമരത്തിലും കെ.കെ. ദിവാകരൻ നേതൃപരമായ പങ്ക് വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗം, കെ.എസ്.ടി.യു പഞ്ചായത്ത് സെക്രട്ടറി, തിരുവമ്പാടി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങളും തേടിയെത്തി. രാഷ്ട്രീയത്തിൽനിന്ന് ഒന്നും സമ്പാദിക്കാത്ത ഇദ്ദേഹത്തിന് നിലവിൽ സ്വന്തമായി ഭൂമിയില്ല. 71ാം വയസ്സിലും ഗ്രാമപഞ്ചായത്തിലെ തൊണ്ടിമ്മൽ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണരംഗത്ത് സജീവമാണ് ഇദ്ദേഹം.


