പുന്നപ്ര ജ്യോതികുമാർ നാടൻപാട്ടിലെ കുലപതി
text_fieldsജ്യോതികുമാർ
അമ്പലപ്പുഴ: പുന്നപ്ര ജ്യോതികുമാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം ജനഹൃദയങ്ങളിലേക്ക് എത്തുന്നത് നാടൻപാട്ടിലെ കുലപതിയെന്നതാണ്. അധ്യാപകനായ കാഥികനും കവിയുമായ ഇദ്ദേഹം നാടൻപാട്ടിൽ ഗവേഷകൻ കൂടിയാണ്. 30 വർഷമായി പാട്ട് പ്രചാരകനായും അവതാരകനായും പ്രവർത്തിക്കുന്നു. എൻ.എസ്.എസ്, എസ്.പി.സി, ജെ.ആർ.സി എന്നീ പ്രസ്ഥാനങ്ങളുമായി ചേർന്ന് നാട്ടറിവ് സെമിനാറുകളും നാട്ടുപാട്ടുകൂട്ടായ്മയും സംഘടിപ്പിക്കുന്നുണ്ട്.
പാട്ടന്വേഷണത്തിന്റെ ഭാഗമായി നിരവധി കുട്ടനാടൻ പാട്ടുകളും കഥാഗാനങ്ങളും അനുഷ്ഠാന പാട്ടുകളും ശേഖരിച്ചു. വിവിധ ദേശങ്ങളിലെ പാട്ടാശാന്മാരും ആശാട്ടികളും കൈമാറിയ നാടോടിപ്പാട്ടുകളും ഇതിലുണ്ട്. സംസ്ഥാന സ്കൂൾ, യൂനിവേഴ്സിറ്റി, മെഡിക്കോസ് ഫെസ്റ്റ്, കേരളോത്സവം തുടർ സാക്ഷരത - കലോത്സവങ്ങളിൽ വർഷങ്ങളായി വിധികർത്താവാണ്.
നാടോടി വിജ്ഞാനീയവും സമൂഹവും എന്ന വിഷയത്തെ അധികരിച്ച് കാമ്പസുകളിൽ മലയാള സാഹിത്യ വിഭാഗവുമായി ചേർന്ന് സെമിനാറുകൾ നടത്തുന്നുണ്ട്. സ്വന്തം ശിഷ്യരുമായി ചേർന്നുള്ള നാടൻപാട്ട് സംഘം അക്കാദമിക് നിലവാരത്തിലൂന്നി പാട്ടുകളുടെ സാഹിത്യപക്ഷം അവതരിപ്പിക്കുന്നു. കേരള യൂനിവേഴ്സിറ്റി നാഷനൽ സർവിസ് സ്കീം, ബെസ്റ്റ് ഫാക്കൽറ്റി അവാർഡ് എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. റോട്ടറി ക്ലബ് ഓഫ് ആലപ്പിയുടെ എക്സലൻസി അവാർഡ്, റോട്ടറി ക്ലബ് ഓഫ് ഹരിപ്പാട് നൽകിയ വൊക്കേഷനൽ എക്സലൻസി അവാർഡ്, നാടൻപാട്ടിനുള്ള സമഗ്ര സംഭാവനക്കുള്ള 2022-23ലെ കേരള ഫോക്ലോർ അവാർഡ്, 2024ലെ എസ്. ഭാസ്കരപിള്ള അവാർഡ്, പള്ളിക്കതയ്യിൽ ജോയ് ആന്റണിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ കലലയ പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ജ്യോതികുമാറിനെ തേടിയെത്തിയിട്ടുണ്ട്. റീസ്റ്റോർ ലൈഫ് പദ്ധതിയുടെ ഭാഗമായി അതിജീവന ഗാനരചനക്കുള്ള അവാർഡ് യുനിസെഫ് കേരള ഘടകത്തിൽനിന്നും ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ ജലമേളകളിൽ കമന്റേറ്ററായും വഞ്ചിപ്പാട്ട്, നാടൻപാട്ട് പരിശീലകനായും പ്രവർത്തിക്കുന്നു. നിരവധി നാടകങ്ങൾക്കും ഷോർട്ട് ഫിലിമുകൾക്കും ദൂരദർശൻ, റേഡിയോ മാധ്യമങ്ങൾക്കും ഗാനരചന നിർവഹിച്ചിട്ടുണ്ട്. കാവാലം നാരായണപ്പണിക്കർ, നെടുമുടി വേണു, ടി.വി. സാംബശിവൻ എന്നിവരുമായി ചേർന്ന് കുട്ടനാട്ടിൽ അവതരിപ്പിച്ച വാമൊഴിവഴക്കം എന്ന നാട്ടുപാട്ട് കൂട്ടായ്മ നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തു.
ഹാർമോണിസ്റ്റായ പുന്നപ്ര വടക്ക് പഞ്ചായത്ത് പാലപ്പറമ്പിൽ പരേതനായ മഹിപാലിന്റെ മകനായ ജ്യോതികുമാർ കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂൾ മലയാളം ഭാഷാധ്യാപകനായി ജോലി ചെയ്തുവരുകയാണ്. കുട്ടികളിൽ പൊതുവിജ്ഞാനം വളർത്താൻ സഹഅധ്യാപകരുമായി ചേർന്ന് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി മാധ്യമം ‘വെളിച്ചം’ പംക്തിയിൽ എത്തുന്ന വാർത്തകൾ ശേഖരിച്ച് കാക്കാഴം സ്കൂളിൽ പ്രദർശനം നടത്താറുണ്ട്. അതിലെ വാർത്തകൾ ഉൾക്കൊള്ളിച്ച് ആഴ്ചയിലൊരിക്കൽ കുട്ടികൾക്കായി ക്വിസ് മത്സരവും നടത്തുന്നുണ്ട്. അവിവാഹിതനാണ്. പരേതയായ മനോഹരിയാണ് മാതാവ്. ഗിത്താറിസ്റ്റായ സോണി സഹോദരനുമാണ്.