മൂന്നരപ്പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിന് വിട; മധുരമുള്ള ഓർമകളുമായി പി.വി.കെ അബ്ദുല്ല നാട്ടിലേക്ക്
text_fieldsമനാമ: ജീവിതവിജയം സ്വപ്നം കണ്ട് പ്രവാസത്തിന്റെ മണലാരണ്യത്തിലേക്ക് വിമാനം കയറിയ ആയിരക്കണക്കിന് പ്രവാസികളിൽ ഒരാളായിരുന്നു പയ്യോളി സ്വദേശി പി.വി.കെ അബ്ദുല്ല. 36 വർഷങ്ങൾക്ക് മുൻപ്, 1991 സെപ്റ്റംബറിൽ ബോംബെ വഴി ബഹ്‌റൈനിലെത്തിയപ്പോൾ ആ 25-കാരന്റെ ഉള്ളിൽ നിറയെ സ്വപ്നങ്ങളായിരുന്നു. ഒരു ബന്ധു വഴി ലഭിച്ച വിസ അദ്ദേഹത്തെ എത്തിച്ചത് അന്നത്തെ ഭരണാധികാരി ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫയുടെ കൊട്ടാരത്തിലെ തോട്ടം തൊഴിലാളിയുടെ വേഷത്തിലേക്കായിരുന്നു.
വലിയ കൊട്ടാരങ്ങളും രാജകീയ കാഴ്ചകളും ആദ്യമായി കണ്ട ആ കൗമാരക്കാരന്റെ കൗതുകം ഇന്നും അബ്ദുല്ലയുടെ ഓർമ്മകളിൽ മായാതെ കിടക്കുന്നുണ്ട്. 18 വർഷക്കാലം ടൂബ്ലിയിലെ ശൈഖ് ഈസയുടെ കൊട്ടാരത്തിൽ അദ്ദേഹം വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ചു. തുടർന്ന് ശൈഖ് ഈസയുടെ വിയോഗശേഷം, ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ സല്ലാഖിലെ കൊട്ടാരത്തിലേക്ക് ജോലി മാറി. രാജകുടുംബത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ കാണാനും സലാം പറയാനുമുള്ള അവസരം തനിക്ക് ലഭിച്ചതിൽ ഏറെ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറയുന്നു.
ജീവിതത്തിന്റെ വലിയൊരു ഭാഗം കൊട്ടാരത്തിലെ ജോലിയിൽ ചിലവഴിച്ച അബ്ദുല്ല, ഇന്ന് വിരമിക്കുമ്പോൾ ദുഃഖത്തോടെയാണ് ബഹ്‌റൈനോട് യാത്ര പറയുന്നത്. പ്രവാസ ജീവിതത്തിനിടെ 1994ലാണ് മുംതാസ് അദ്ദേഹത്തിന്റെ ജീവിതസഖിയായി എത്തുന്നത്. മുഹമ്മദ് സിനാൻ, സന ഫാത്തിമ, നഴ്സിങ് വിദ്യാർഥിനിയായ സജ ഫാത്തിമ എന്നിവരാണ് മക്കൾ. സർവീസ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് മനസ്സില്ലാ മനസ്സോടെയാണെങ്കിലും നാട്ടിലേക്ക് മടങ്ങാൻ അദ്ദേഹം തീരുമാനിച്ചത്. നാട്ടിലെത്തി വീണ്ടും ജോലികളുമായി മുന്നോട്ട് പോകണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവെക്കുന്നു. നീണ്ട 36 വർഷത്തെ സേവനത്തിന് ശേഷം തിരികെ നാട്ടിലെത്തുമ്പോൾ, മനസ്സ് നിറയെ മധുരമുള്ള ഓർമകളും സംതൃപ്തിയുമാണ് പി.വി.കെ അബ്ദുല്ല കൂടെക്കൂട്ടുന്നത്.


