കളംവാഴുന്ന രാഗേഷ്
text_fieldsശരീരം വഴങ്ങിയില്ലെങ്കിലും നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൈമുതലാക്കി സിനിമ സംവിധായകനെന്ന കുപ്പായം അണിയുകയാണ് രാഗേഷ്
നേടിയെടുക്കാൻ ഒരു സ്വപ്നമുണ്ടെങ്കിൽ മറ്റൊന്നും അതിന് തടസ്സമാകില്ലെന്ന് തെളിയിക്കുന്ന ഒരു സിനിമ സംവിധായകൻ, പേര് രാഗേഷ് കൃഷ്ണൻ. ജന്മനാ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോഗത്തോട് പൊരുതിയായിരുന്നു രാഗേഷ് കൃഷ്ണന്റെ ജീവിതം. വ്യത്യസ്ത ഭാഷകളിലെ സിനിമകൾ കണ്ടുകണ്ട് കുഞ്ഞുനാളിലെ ഒരു സ്വപ്നം രാഗേഷ് കൃഷ്ണന്റെ മനസ്സിൽ കയറിക്കൂടി. പഠനത്തിനുശേഷം ആ ആഗ്രഹം പൂർത്തീകരിക്കാനുള്ള നെട്ടോട്ടമായിരുന്നു പിന്നീട്. മനസ്സിനൊപ്പം ശരീരം വഴങ്ങിയില്ലെങ്കിലും നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൈമുതലാക്കി സിനിമ സംവിധായകനെന്ന കുപ്പായം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് രാഗേഷ്.
കളം@24
33കാരനായ രാഗേഷ് കൃഷ്ണൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കളം@24. സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപെടുന്നതാണ് ചിത്രം. നാട്ടിലെതന്നെ പുതുമുഖങ്ങളായ ഒമ്പതു പേരാണ് അഭിനേതാക്കൾ. നാട്ടിലും പരിസരത്തുമായി പന്തളം, കുളനട, കൊല്ലം എന്നിവിടങ്ങളിൽ 26 ദിവസംകൊണ്ടായിരുന്നു ചിത്രീകരണം.
പന്തളം, കുളനടയിൽ സിനി ഹൗസ് എന്ന പേരിൽ ഫിലിം പ്രൊഡക്ഷൻ കാമറ യൂനിറ്റ് തുടങ്ങി. ചെറുപ്പംമുതൽ കണ്ടുശീലിച്ച സിനിമകളിൽനിന്ന് സംവിധാനത്തിന്റെ ബാലപാഠങ്ങൾ രാഗേഷ് പഠിച്ചു. ‘ജ’ലം, ഓർമയിലെ മണിമുത്തുകൾ’, ‘ജീവിതമാണ് സന്ദേശം’, ‘എ ലൈഫ് എ മെസേജ്’ എന്നീ ടെലിഫിലിമുകളും നിരവധി സംഗീത ആൽബങ്ങളും രാഗേഷ് പൂർത്തിയാക്കിയിരുന്നു. പിന്നീടായിരുന്നു സിനിമക്കുവേണ്ടി രാഗേഷ് തയാറെടുപ്പുകൾ ആരംഭിച്ചത്.
പഠനം, ജീവിതം
കേൾവിക്കുറവ്, സംസാരിക്കാൻ പ്രയാസം, നടക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവ രാഗേഷിനുണ്ട്. എന്നാൽ, ഇതിനെയെല്ലാം അവഗണിച്ച് മുന്നോട്ടുപോകാനാണ് രാഗേഷിന് ഇഷ്ടം. അതുകൊണ്ടുതന്നെ പഠനവും മുന്നോട്ടുകൊണ്ടുപോയി. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും 80 മാർക്ക് നേടി വിജയിച്ചതിനുശേഷം ബി.എയും കമ്പ്യൂട്ടർ ഡിപ്ലോമയും പൂർത്തിയാക്കി. അതിനുശേഷമാണ് സിനിമാമോഹം രാഗേഷിന്റെ മനസ്സിൽ കയറിക്കൂടിയത്. പന്തളം, കുരമ്പാല തെക്ക്, കാർത്തിക ഭവനിൽ രാധാകൃഷ്ണക്കുറുപ്പിന്റെയും മുൻ പന്തളം ഗ്രാമപഞ്ചായത്ത് അംഗം രമ ആർ. കുറുപ്പിന്റെയും മകനാണ് രാഗേഷ്.
സിനിമക്കാരൻ
ഒരു സിനിമക്കാരനാകുക എന്നത് രാഗേഷിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. എന്നാൽ, ഈ ആഗ്രഹം തുറന്നുപറയുമ്പോൾ പരിഹാസവും നിന്ദയുമായിരുന്നു മറുപടി. അവർക്കുള്ള മറുപടിയാണ് രാഗേഷിന്റെ ആദ്യ ചിത്രം. ആത്മവിശ്വാസം കൂടാനും മറ്റുള്ളവർക്കുകൂടി അത് ബോധ്യപ്പെടുത്താനുമാണ് ആദ്യം ആൽബങ്ങളും ചെറു സിനിമകളും നിർമിച്ചത്. അതിന് പുരസ്കാരങ്ങളും ലഭിച്ചു. പരിഹസിച്ചവർക്കും നിന്ദിച്ചവർക്കുമുള്ള മറുപടിയാണ് ഈ ചിത്രം –രാഗേഷ് പറയുന്നു. പ്രിയദർശനും മെൽ ഗിബ്സണുമാണ് ഇഷ്ട സംവിധായകർ. പ്രിയദർശനെ നേരിട്ടു കാണണമെന്ന ആഗ്രഹമുണ്ട്. പത്മരാജൻ, ഭരതൻ, ലോഹിതദാസ് തുടങ്ങിയവരുടെ സിനിമകൾ വളരെധികം സ്വാധീനിച്ചിട്ടുണ്ടെന്നും രാഗേഷ് പറയുന്നു. സഹോദരി ഭർത്താവായ രഞ്ജിത് പനയ്ക്കൽ, സുഹൃത്തുക്കളായ അങ്കിത് ജോർജ് അലക്സ്, കാർത്തിക്, ഹരിശങ്കർ എന്നിവരാണ് സിനിമാരംഗത്ത് രാഗേഷ് കൃഷ്ണന് കൂട്ട്.