നാട്ടുകാർ തുണയായി, അശോക് രാജാറാം ജന്മനാട്ടിലേക്ക്...
text_fieldsമഹാരാഷ്ട്ര സ്വദേശി അശോക് രാജാറാം ഗൗഡയെ ബന്ധുക്കൾ ഏറ്റുവാങ്ങിയപ്പോൾ
പൊൻകുന്നം: ട്രെയിൻ മാറിക്കയറി പൊൻകുന്നത്ത് എത്തിയ മഹാരാഷ്ട്ര സ്വദേശിക്ക് രക്ഷകരായി നാട്ടുകാരും ജനപ്രതിനിധികളും. ഒടുവിൽ ബന്ധുക്കളെ കണ്ടെത്തി അശോക് രാജാറാം ഗൗഡയെ അവർക്കൊപ്പം നാട്ടിലേക്ക് മടക്കി അയച്ചു. പത്ത് മാസങ്ങൾക്ക് മുമ്പ് സിന്ധുർദുർഗ്ഗ ജില്ലയിൽനിന്നും മുംബൈക്ക് പോകാൻ യാത്രതിരിച്ച അശോക് രാജാറാം ഗൗഡ ട്രെയിൻ മാറികയറിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽനിന്നും കാണാതാകുകയായിരുന്നു. അവിവാഹിതനായ ഇയാൾക്ക് ഓർമ്മക്കുറവും മാനസികപ്രശ്നവുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഇയാൾ വഴിതെറ്റി പൊൻകുന്നം കെ.എസ്.ഇ.ബിക്ക് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ എത്തി. സംശയം തോന്നിയ ഹോട്ടലുടമ വേണുധരൻ പിള്ള ഇദ്ദേഹത്തോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ആളെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് മഹാരാഷ്ട്രയിലെ സിന്ധുർദുർഗയിലെ പൊലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ ഇയാളെ കാണാതായത് സംബന്ധിച്ച് കേസ് ഉണ്ടെന്നറിഞ്ഞു.
വേണുധരൻ പിള്ള ചിറക്കടവ് പഞ്ചായത്തംഗങ്ങളായ അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ എന്നിവരെ വിവരമറിയിച്ചു. ഇവർ മുഖാന്തരം അശോക് രാജാറാമിനെ പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. പിന്നീട് കൂവപ്പള്ളി ഹോളിക്രോസ് ആശുപത്രിയിലേക്ക് മാറ്റി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് അശോകിന്റെ മൂത്ത ജേഷ്ഠൻ രമേശ് രാജാറാം ഗൗഡ, മകൻ രമേശ് രാജാറാം ഗൗഡ എന്നിവർ സ്ഥലത്തെത്തി ഇയാളെ ഒപ്പംകൂട്ടി നാട്ടിലേക്ക് മടങ്ങി. എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും അറിയിച്ചാണ് കുടുംബം മടങ്ങിയത്. അശോക് രാജാറാമിനെ നാട്ടിലേക്ക് യാത്രയാക്കുന്ന ചടങ്ങിൽ അഡ്വ. സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ഡോ. സിസ്റ്റർ ഷിൻസി എബ്രഹാം, വേണുധരൻ പിള്ള, കൗൺസിലർ ലിയോ ആന്റണി, റിജോ തോമസ്, അഭിലാഷ് പി.ജോസഫ് എന്നിവർ പങ്കെടുത്തു.