ജനസേവനത്തിനിടയിൽ ഡോക്ടറേറ്റ് നേടി രാകേഷ്
text_fieldsപി.എച്ച്.ഡി നേടിയ പടിയൂർ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ. രാകേഷിന് പതിനഞ്ചാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ നൽകിയ അനുമോദനം
ഇരിക്കൂർ: തിരക്കുകൾ പറഞ്ഞ് എല്ലാം മാറ്റി വെക്കുന്നവർക്ക് ഒരു മാതൃകയാണ് ഇൗ ജനപ്രതിനിധി. പറഞ്ഞുതീർക്കാനാവാത്ത നൂറുകൂട്ടം ചുമതലകൾ നിർവഹിക്കുന്നതിനിടെ ഡോക്ടറേറ്റ് നേടിയാണ് പടിയൂർ-കല്യാട് പഞ്ചായത്ത് ചോലക്കരി വാർഡംഗം ബ്ലാത്തൂരിലെ കെ. രാകേഷ് താരമായത്. ഗ്രാമസഭയും കുടുംബശ്രീയും തൊഴിലുറപ്പും അടിസ്ഥാന സൗകര്യവികസനവുമെല്ലാം പരാതികളില്ലാതെ കൊണ്ടു പോകുന്നതിനിടെയാണ് ഗവേഷകനെന്നനിലയിൽ ഏറ്റെടുത്ത ഉത്തരവാദിത്തംകൂടി രാകേഷ് നിറവേറ്റിയത്.
കാലടി സംസ്കൃത സർവകലാശാല ഫിലോസഫി വിഭാഗത്തിൽ നിന്നാണ് ഡോക്ടറേറ്റ്. നവോത്ഥാനത്തെക്കുറിച്ചായിരുന്നു പഠനം. 2020ൽ ഗവേഷകനായിരിക്കെയാണ് പതിനഞ്ചാം വാർഡായ ചോലക്കരിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി നിയോഗിക്കപ്പെട്ടത്. വലിയ ഭൂരിപക്ഷംനേടി ജനപ്രതിനിധിയായി. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനും സി.പി.എം ചോലക്കരി ബ്രാഞ്ച് അംഗവുമാണ്.
യു.ജി.സി നെറ്റ്, സെറ്റ്, എംഫിൽ യോഗ്യതയും നേടി. ജെ.എൻ.യുവിൽനിന്ന് 2018ൽ ആസ്പെയർ പ്രൊജക്ട് പൂർത്തിയാക്കിയിരുന്നു. ഉത്തരാഖണ്ഡ് സംസ്കൃത സർവകലാശാല, മധ്യപ്രദേശിലെ സാഞ്ചി സർവകലാശാല, ഹൈദരാബാദ് സർവകലാശാല എന്നിവടങ്ങളിൽ വിവിധ വിഷയങ്ങളിൽ സെമിനാറിൽ പേപ്പർ അവതരിപ്പിച്ചു. ഡോ.കെ. ശ്യാമളയുടെ മാർഗനിർദേശത്തിലാണ് പി.എച്ച്.ഡി ഗവേഷണം പൂർത്തിയാക്കിയത്. പരേതനായ കെ.പി. ഗോപാലന്റെയും രാഗിണിയുടെയും മകനാണ്. ഭാര്യ: ടി.ഒ. നിമിഷ. മകൻ: ജൈൻ.