പ്രവാസത്തെ ‘ഓർമ’കൾക്ക് നൽകി റഷീദും യാത്ര പറയുന്നു
text_fieldsപി.ടി. റഷീദും കുടുംബവും
ഗൃഹാതുരത നിറഞ്ഞ ഓർമകളെ പാതിവഴിയിലിട്ട് പ്രതീക്ഷയുടെ കടൽ ദൂരം താണ്ടിയെത്തുന്നവരാണ് പ്രവാസികൾ. ജീവിത സാഹചര്യം മൂലമാണ് പലർക്കും പിറന്ന നാടിനെയും വീടിനെയും ത്യജിക്കേണ്ടിവരുന്നത്. വർഷങ്ങളും മാസങ്ങളും ദിവസങ്ങളും പരാതി പറയാതെയാണ് പ്രവാസ ലോകത്ത് കടന്നുപോവുക.
എന്നാൽ പ്രതീക്ഷക്കൊത്ത് എല്ലാം നൽകിയ പ്രവാസത്തോട് യാത്ര പറയുന്നതും ചിലർക്ക് ഗൃഹാതുരതയാവും. 47 വർഷം മുമ്പ് 1978ലാണ് കണ്ണൂരുകാരനായ പി.ടി റഷീദ് പവിഴദ്വീപിലെത്തുന്നത്. ഇന്ന് ഇതേ നാടിനോട് മനസ്സില്ലാ മനസ്സോടെ യാത്ര പറയാനൊരുങ്ങുകയാണ് അദ്ദേഹം. ബി.എസ്.സി കെമിസ്ട്രിയിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ടൈപ്പ് റൈറ്റിങ്ങിലെ പ്രാവീണ്യവുണ്ടായിരുന്ന റഷീദിനെ അക്കാലത്ത് കടൽ കടക്കാൻ പ്രേരിപ്പിച്ചതിന് പിന്നിലും ജീവിത സാഹചര്യമാണ്.
ഉപ്പയും ഉമ്മയും നാലു പെങ്ങന്മാരും ഒരു സഹോദരനുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. പെങ്ങളുടെ ഭർത്താവ് അയച്ചു കൊടുത്ത വിസയിലാണ് ബഹ്റൈനിലെത്തുന്നത്. മൂന്ന് വർഷക്കാലം ബഹ്റൈൻ ബാങ്കേഴ്സ് ക്ലബിലായിരുന്നു ജോലി. പിന്നീട് അബ്ദുല്ലത്തീഫ് അൽ ഔജാൻ കമ്പനിയിലേക്ക് ഓഫിസ് മാനേജറായും കൂടെ അബ്ദുല്ലത്തീഫ് അൽ ഔജാന്റെ പ്രൈവറ്റ് സെക്രട്ടറിയായും ജോലി കിട്ടി.
ശേഷം നീണ്ട 44 വർഷക്കാലം അവിടെയാണ് ജോലി ചെയ്തത്. എന്നും അഭിമാനത്തോടെയും ബഹുമാനത്തോടെയും ഓർക്കാൻ പാകത്തിൽ തന്നെ സ്വീകരിച്ച, പരിപാലിച്ച നല്ല തൊഴിലുടമയും തൊഴിലിടവുമായിരുന്നു അബ്ദുല്ലത്തീഫ് അൽ ഔജാനും അദ്ദേഹത്തിന്റെ കമ്പനിയുമെന്നും ബഹ്റൈൻ ഓർമകളിലെ മറക്കാൻ പറ്റാത്ത ഏടായി റഷീദ് പറഞ്ഞുവെക്കുന്നു.
ശേഷം കുടുംബത്തേയും അദ്ദേഹം ബഹ്റൈനിലേക്ക് കൂട്ടി. അതിനിടയിലാണ് ബഹ്റൈനിൽ തന്നെ പ്രാവാസിയായിരുന്ന സഹോദരൻ മഹ്മൂദ് അസുഖ ബാധിതനായി മരിക്കുന്നത്. ഉപ്പയുടെയും ഉമ്മയുടെ മരണത്തിന് ശേഷം സഹോദരനെയും നഷ്ടപ്പെട്ട റഷീദ് പിന്നീട് ആ കുടുംബത്തിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കുകയായിരുന്നു.
ബഹ്റൈന്റെ വളർച്ച നേരിട്ടുകണ്ട വ്യക്തികളിലൊരാൾ കൂടിയാണദ്ദേഹം. വന്നിറങ്ങിയ കാലത്തെ നാടും മനുഷ്യരും സാഹചര്യവും മാറുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ബഹ്റൈനെന്നും അഭിമാനവും സന്തോഷവും മാത്രമേ പ്രവാസിയെന്ന നിലക്ക് തനിക്ക് തന്നിട്ടുള്ളുവെന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. സാമൂഹിക സേവന രംഗത്തും റഷീദ് നിറസാന്നിധ്യമായിരുന്നു.
നാട്ടുകാരായ പ്രവാസികളെ ഒത്തൊരുമിപ്പിച്ച് ഗോൾഡൻ ഹാൻഡ്സ് എന്ന സഹായ സഹകരണ ഒത്തൊരുമക്ക് തുടക്കമിട്ടതും രക്ഷാധികാരിയെന്ന നിലയിൽ മുന്നിൽ നിന്ന് നയിച്ചതും അദ്ദേഹമാണ്. പരസഹായിയായും മുതിർന്ന കാരണവരായും വീട്ടുകാർക്കെന്ന പോലെ തന്നെ സഹപ്രവർത്തകർക്കും ബന്ധപ്പെട്ടവർക്കും എന്നും വിശേഷപ്പെട്ട മനുഷ്യനായിരുന്നു റഷീദ്. ഭാര്യയും രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമടങ്ങുന്നതാണ് കുടുംബം. കുട്ടികൾ വളർന്നതും പഠിച്ചതും ഇവിടെ തന്നെയാണ്. ആൺകുട്ടികൾ രണ്ടുപേരും കുടുംബത്തോടൊപ്പം ബഹ്റൈനിലും മകൾ ഭർത്താവിന്റെ കൂടെ യു.എ.ഇയിലുമാണ് താമസിക്കുന്നത്.
ഭാര്യയോടൊപ്പം ശിഷ്ടകാലം നാട്ടിൽ കഴിയാനാണ് റഷീദിന്റെ തീരുമാനം. നാലു പതിറ്റാണ്ടുകാലം തന്നെ താനാക്കിയ പവിഴദ്വീപിനോടും ഇവിടത്തെ ബന്ധങ്ങളോടും യാത്ര പറയാൻ റഷീദിന് പ്രയാസമുണ്ട്. സ്വന്തം വീട് വിട്ടിറങ്ങുന്ന അതേ വ്യഥ. പ്രവാസിയാകാനൊരുങ്ങിയപ്പോൾ എങ്ങനെയാണോ നാടൊരു ഗൃഹാതുരത്വത്തിന്റെ നോവായി തീർന്നത് അതേ അനുഭവ പരിസരത്തേക്ക് പ്രവാസം കയറി നിൽക്കുന്ന അവസ്ഥ.