‘പത്രപ്രവര്‍ത്തനമാണ് എന്റെ മതം; എഴുതാതിരിക്കാന്‍ കഴിയില്ല’ - ടി.ജെ.എസ്. ജോർജിനെ ഓർക്കുമ്പോൾ...
text_fieldsപന്തളം: യാത്രയായത് അത്ഭുത വ്യക്തിത്വം, പത്രപ്രവർത്തനത്തെ ഹൃദയം കൊണ്ട് മനസിലാക്കിയ ബഹുമുഖ പ്രതിഭ ടി.ജെ.എസ്. ജോർജ്, കർമമണ്ഡലം ഡൽഹി ആണെങ്കിലും ടി.ജെ.എസ്. ജോർജ് പന്തളം തുമ്പമൺ സ്വദേശിയാണ്. പത്മഭൂഷൻ, സ്വദേശാഭിമാനി -കേസരി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ തടവിലാക്കപ്പെട്ട ആദ്യ പത്രാധിപരായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തനമാണ് എന്റെ മതം; എഴുതാതിരിക്കാന്‍ കഴിയില്ലെന്നും പല തവണ ടി.ജെ.എസ്. ജോർജ് ആവർത്തിച്ചിട്ടുണ്ട്.
നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ മുഖമായ ടി.ജെ.എസ്. ജോര്‍ജ് കാല്‍നൂറ്റാണ്ടായി 'ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി'ല്‍ എഴുതിയിരുന്ന 'പോയന്റ് ഓഫ് വ്യൂ' എന്ന വാരാന്ത്യകോളത്തിന് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. എഴുത്ത് തുടരാമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് അദ്ദേഹം കോളം അവസാനിപ്പിക്കുന്നത്. കോളം നിര്‍ത്തിയതിനെക്കുറിച്ചും ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം അഗാധ പാണ്ഡിത്യമായിരുന്നു അദ്ദേഹത്തിന്.
സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് ഗൾഫ് മാധ്യമം നൽകുന്ന കമല സുറയ്യ പുരസ്കാരം ദുബൈയിൽ ഏറ്റുവാങ്ങി ടി.ജെ.എസ് ജോർജ് സംസാരിക്കുന്നു (2015). മാധ്യമം ചീഫ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ്, അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ.ജയകുമാർ തുടങ്ങിയവർ സമീപം
എക്‌സ്പ്രസില്‍ ജോലി ചെയ്യുന്ന കാലത്ത് 1997ല്‍ തുടങ്ങിയതാണ് കോളം. 25 വര്‍ഷം തുടർച്ചയായി എഴുതി പൂർത്തീകരിച്ചു. ഒരു തവണ പോലും കോളം മുടങ്ങിയിട്ടില്ല. യാത്രയിലാണെങ്കിലും എഴുതിക്കൊണ്ടിരിക്കും. എഴുതാനുള്ള വിഷയം വെല്ലുവിളിയായിട്ടില്ല. വിഷയങ്ങള്‍ ഒരുപാടുണ്ടാകും. വിശ്രമ ജീവിതത്തിലും എഴുത്തിന് അവധി നൽകിയിരുന്നില്ല അദ്ദേഹം. ഒന്ന്, രണ്ട് പുസ്തകങ്ങള്‍ ഇറക്കണമെന്ന് ആഗ്രഹം അവസാനം നിമിഷം വരെ ഉണ്ടായിരുന്നു. എഴുതാതിരിക്കാന്‍ കഴിയില്ല. എന്നാല്‍, ടൈംടേബിള്‍ അനുസരിച്ച് എഴുതുമെന്ന് പറയാനൊക്കില്ല. ഇപ്പോഴും കൈകൊണ്ട് എഴുതുന്നതാണ് ശീലം.
ഒരു കാലത്ത് ടൈപ്പ് ചെയ്യുമായിരുന്നു. പക്ഷേ, എത്ര നന്നായി ടൈപ്പ് ചെയ്യുന്നയാളാണെങ്കിലും 10 ശതമാനം ശ്രദ്ധ ടൈപ്പിങ്ങില്‍ പോകും. കൈകൊണ്ട് എഴുതുമ്പോള്‍ ആ പ്രശ്‌നംവരില്ല. നൂറു ശതമാനവും ചിന്തയില്‍ കേന്ദ്രീകരിക്കാന്‍ സാധിക്കും. അത്രയേറെ എഴുത്തിനെയും സ്നേഹിച്ചിരുന്നു അദ്ദേഹം. ആധുനിക പത്രപ്രവർത്തന രീതിയിൽ വലിയ മാറ്റം പ്രകടമാകുമ്പോഴും മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം കുറഞ്ഞു. പഴയകാലത്തെ ജേണലിസമല്ല ഇപ്പോഴത്തെ ജേണലിസം. ഇപ്പോഴത്തെ ജേണലിസം കുറെയൊക്കെ ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ വേണ്ടി ചെയ്യുന്നു.
പത്മഭൂഷൺ ബഹുമതി ലഭിച്ച ശേഷം ജന്മനാട്ടിലെത്തിയ ടി.ജെ.എസ് ജോർജിനെ തുമ്പമൺ വൈ.എം.സി.എ ആദരിച്ചപ്പോൾ, മുൻ ദേശീയ പ്രസിഡൻറ് ലെബി ഫിലിപ്പ് മാത്യു ഉപഹാരം നൽകുന്നു. വൈ.എം.സി.എ നേതാക്കളായ ഷില്‍വിന്‍ കോട്ടയ്ക്കകത്ത്, വി.ടി. ഡേവിഡ്, ഷിബു കെ. ഏബ്രഹാം, വർഗീസ് തോമസ്, വി.ജി. മാത്യു, കെ.എൻ. തോമസ് എന്നിവർ സമീപം.
മാധ്യമങ്ങള്‍ നടത്തുന്നവരായാലും മാധ്യമജോലി ചെയ്യുന്നവരാണെങ്കിലും അധികാരികളുടെ അംഗീകാരം കിട്ടാനുള്ള ശ്രമമാണ് കൂടുതല്‍ നടത്തുന്നമെന്നും പലപ്പോഴും അദ്ദേഹം പറയാറുണ്ടായിരുന്നു. സ്വതന്ത്രമായി പോകുന്നവര്‍ വളരെ കുറവാണ്. അധികാരത്തിലുള്ളവരെ വെല്ലുവിളിക്കാന്‍ പലരും മടിക്കുന്നു. ഇതിനുള്ള കാരണങ്ങള്‍ പലതായിരിക്കാം. പക്ഷേ, വാസ്തവം ഇതാണ്. എന്നാല്‍, എന്റെ കാലത്ത് ഇങ്ങനെയല്ലായിരുന്നു. കുറച്ചുകൂടി പ്രഫഷണല്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇപ്പോള്‍ അതില്ലെന്നു തന്നെ പറയാം. ഇതിന് മാറ്റമുണ്ടായേക്കാം. പക്ഷേ, ഏതുതലമുറയിലാണ് സംഭവിക്കുകയെന്ന് പറയാന്‍ കഴിയില്ല.
അധികാരികളുടെ ദേഷ്യം കിട്ടാതിരിക്കാനുള്ള രീതിയിലേക്ക് മാധ്യമപ്രവര്‍ത്തനം മാറി. അതിന്റെ കാരണമെന്താണെന്ന് അറിഞ്ഞുകൂടാ. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും അതൊരു പ്രശ്‌നമായിട്ടില്ലെന്നും ഒരിക്കൽ പന്തളത്ത് നടന്ന കൂടിക്കാഴ്ചയിൽ മാധ്യമങ്ങളുമായി അദ്ദേഹം പങ്കുവെച്ചു. സ്വതന്ത്രശബ്ദം നിന്നുപോയെന്ന ഒരു വിചാരമുണ്ടായിരിക്കാം. എനിക്ക് വേണ്ടതുപോലെ എഴുതാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള സൗകര്യങ്ങള്‍ ആദ്യകാലം മുതല്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്. ഏതു പത്രത്തിലാണെങ്കിലും പൂര്‍ണ സ്വാതന്ത്ര്യം അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി അന്തരിച്ച മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജിന് ആദരാഞ്ജലി അർപ്പിക്കുന്നു. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സമീപം
എല്ലാ മതവും കച്ചവടമാണെന്നാണ് എന്റെ അഭിപ്രായം. ക്രിസ്ത്യന്‍ പേരാണെങ്കിലും എനിക്ക് മതമില്ല. ജേണലിസമാണ് എന്റെ മതമെന്നതിനാലും ജേണലിസത്തില്‍ പൂര്‍ണവിശ്വാസം അര്‍പ്പിക്കുന്നതിനാലും ഞാന്‍ എന്റെ വഴിക്ക് പോകുന്നുവെന്നേയുള്ളൂ. മതം വൈകാരികവിഷയമാണ്. മതം ശക്തമായ വികാരം കൂടിയായതിനാല്‍ നമ്മള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍, ഇതൊന്നും എന്നെ ബാധിക്കുന്നില്ല. ഇന്ത്യയുടെ ബഹുസ്വരത പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് വിചാരിക്കുന്നില്ല. ബി.ജെ.പിയും മതങ്ങളുമൊക്കെ വന്നതുകാരണം കുറെയൊക്കെ കോട്ടങ്ങള്‍ വന്നിട്ടുണ്ടാകാം.
പക്ഷേ, ഇന്ത്യയെന്ന് പറയുന്ന ആ സങ്കൽപത്തെ അല്ലെങ്കില്‍ ആ ഐഡന്റിറ്റിയെ ഇവര്‍ക്കൊന്നും തൊടാന്‍ സാധിക്കില്ല. ഇന്നുവന്ന് നാളെ പോകുന്ന രാഷ്ട്രീയക്കാര്‍ അതിനെ കാര്യമായിട്ട് ബാധിക്കാറില്ല. ഇന്ത്യയെ കുറച്ച് ചുരുക്കിക്കാണിക്കാം. അല്ലെങ്കില്‍ ഉപദ്രവിക്കാമായിരിക്കാം. പക്ഷേ, ഇന്ത്യ എന്ന മഹാപ്രസ്ഥാനം വിജയിക്കുക തന്നെ ചെയ്യും. അതില്‍ ഒരു സംശയവുമില്ല. ഇന്ത്യയില്‍ പ്രതിപക്ഷത്തിന് ശക്തിയില്ല. കേരളം പോലുള്ള സംസ്ഥാനത്ത് പ്രതിപക്ഷമുണ്ട്. അവിടെ മാധ്യമങ്ങൾ പോലും പ്രതിപക്ഷമാകുന്നുണ്ട്. എന്നാല്‍, വടക്കേ ഇന്ത്യയിലൊന്നും ഇങ്ങനെയല്ല കാര്യങ്ങള്‍ -അദ്ദേഹം ഒരിക്കൽ പറഞ്ഞുവെച്ചു.