രാജകീയം ഷാഫി കാമിയോ ചിത്രങ്ങൾ
text_fieldsഷാഫി കാമിയോ
ഓരോ മനുഷ്യന്റെ ഉള്ളിലും സ്വതസിദ്ധമെന്നും സഹജമെന്നും വിളിക്കപ്പെടുന്ന ചില കഴിവുകളുണ്ടാകും. അവ അവഗണിച്ചാൽ നശിക്കും. എന്നാൽ വളർത്താനിത്തിരി സമയം കണ്ടെത്തിയാൽ അൽഭുതങ്ങൾ സൃഷ്ടിക്കാനാകും. അക്കാര്യത്തിൽ മികച്ചൊരു ഉദാഹരണമാണ് യു.എ.ഇയിൽ ഒരു പതിറ്റാണ്ടുകാലമായി പ്രവാസിയായ മലപ്പുറം തിരൂർ ബീരാൻചിറ സ്വദേശി ഷാഫി കാമിയോ. ഷാഫിക്ക് ചെറുപ്പം മുതലേ ഡ്രോയിങിനോട് അഭിനിവേശമുണ്ടായിരുന്നു. നാട്ടിലെ ഡ്രോയിങ് സ്കൂളിൽ രണ്ട് വർഷത്തെ ചിത്രകല പരിശീലനവും നേടിയുട്ടുണ്ട്. എന്നാൽ ഒരു ഘട്ടത്തിൽ വരകൾക്കൊന്നും വലിയ പ്രോൽസാഹനം കിട്ടാതെ വന്നപ്പോൾ ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞു. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ അതിനിടയിൽ പ്രവാസലോകത്തുമെത്തി. എന്നാൽ താനേതന്നെ വന്നുചേർന്ന കഴിവിനെ ഉപേക്ഷിക്കരുതെന്ന ചിന്തയിൽ വീണ്ടും വരച്ചു തുടങ്ങി.
2014 കാലം മുതലാണ് വരയിലേക്ക് വീണ്ടും പ്രവേശിച്ചത്. ദിവസവും രാവിലെ ഒരുമണിക്കൂർ ഡ്രോയിങിന് നീക്കിവെച്ചു. അതൊരു വഴിത്തിരിവാകുകയായിരുന്നു. പരമ്പരാഗത രീതിയിൽ നിന്നും മാറി ഇലക്ട്രോണിക് മീഡിയ ഉപയോഗിച്ചാണ് ചിത്രങ്ങൾ വരക്കുന്നത് വീണ്ടും പരിശീലിച്ചത്. പെൻ ഉപയോഗിക്കാവുന്ന മൊബൈൽ ഫോൺ, ഡ്രോയിങ്ങ് പാഡുകൾ, വാക്വം ടാബ് തുടങ്ങിയവ ചിത്രരചനക്കായി ഉപയോഗിച്ചു. പതിയെപ്പതിയെ മികവുറ്റ പോട്രെയ്റ്റുകൾ ആ വിരലുകളിൽ നിന്ന് പിറക്കാൻ തുടങ്ങി. യു.എ.ഇ ഭരണാധികാരികളുടെ നിരവധിയായ ചിത്രങ്ങൾ അറബ് പ്രമുഖരെപ്പോലും ആകർഷിച്ചു. പത്രമാധ്യമങ്ങൾ ചിത്രങ്ങൾ തേടി വിളിക്കാൻ തുടങ്ങി. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിച്ചവരെല്ലാം അഭിനന്ദിക്കാൻ തുടങ്ങി. അങ്ങനെ വഴിയിൽ ഉപേക്ഷിക്കപ്പെടുമായിരുന്ന തന്റെ മികവിനെ ഷാഫി തിരിച്ചുപിടിച്ചു.
ചിത്രകലയിൽ സ്വന്തം രീതികൾ
ചിത്രരചനയിൽ തന്റേറതായ പുതിയ രീതികൾ വികസിപ്പിക്കാനും ഇക്കാലയളിൽ സാധിച്ചു. കലിഗ്രാഫി, ഡൂഡിൽ, ഫ്ലോറൽ ഡ്രോയിങ് തുടങ്ങിയവ വളരെ മനോഹരമായി, ലോകത്തെവിടെയും കാണാത്ത രീതിയിൽ പോട്രെയ്റ്റ് പെയ്ൻറിങ്ങുകളിൽ ഇഴചേർക്കുന്ന ശൈലിയാണ് നിരന്തര വരകളിലൂടെ സ്വയം വികസിപ്പിച്ചെടുത്തത്. ഇത്തരം വ്യത്യസ്തമായ കൂടുതൽ പോട്രെയ്റ്റ് പെയ്റ്റിങ്ങുകൾ കണ്ടെത്തലാണ് ചിത്രകലയിലെ ലക്ഷ്യമായി ഷാഫി കാണുന്നത്. അറബിക് കലിഗ്രാഫിയുടെ സൗന്ദര്യം പോട്രെയ്റ്റുകളിൽ സമന്വയിപ്പിക്കുന്ന അതിനൂതനമായ രീതിയിൽ ധാരാളം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. അത്തരം ചിത്രങ്ങൾ കണ്ടപ്പോൾ യു.എ.ഇ മുൻ മന്ത്രി സുൽത്താൻ സായിദ് അൽ മൻസൂരി ഒരു പോട്രെയ്റ്റ് തയ്യാറാക്കി നൽകുവാൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ചിത്രകലയിൽ സജീവമായ ശേഷം ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളത് യു.എ.ഇ ഭരണാധികാരികളുടെ ചിത്രങ്ങളാണ്. മുന്നൂറിലേറെ ചിത്രങ്ങൾ ആ രൂപത്തിൽ തന്നെയുള്ളതുണ്ട്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ 200ൽ പരം പോർട്രൈറ്റുകൾ വ്യത്യസ്ത രചനാരീതികളിൽ ഇതിനോടകം ചെയ്തു. വ്യത്യസ്ത ശൈലികളിലെ ഏറ്റവും കൂടുതൽ രേഖാചിത്രങ്ങളിലൂടെ ശൈഖ് ഹംദാന്റെ ഒരു ലൈഫ് സീരീസ് ഒരുക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ. ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പുസ്തകങ്ങളുടെ പരിഭാഷകളുടെ പതിപ്പിൽ കവറായി ഷാഫിയുടെ ചിത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. മലയാളത്തിലിറങ്ങിയ പുസ്തകങ്ങളുടെ കവർ ചിത്രമായും ഇദ്ദേഹത്തിന്റെ വരകൾ ഉപയോഗപ്പെടുത്തി. മലയാളികളായ പ്രമുഖരുടെയും പോട്രെയ്റ്റുകൾ തയാറാക്കിയിട്ടുണ്ട്.
റോയൽ പോട്രെയ്റ്റ് എക്സിബിഷൻ സ്വപ്നം
ഇലക്ട്രോണിക് മീഡിയ ഉപയോഗിച്ച് വരക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ടെന്നാണ് ഷാഫിയുടെ അഭിപ്രായം. ഇതിലൂടെ യാത്രയിലും ജോലിക്കിടക്ക് വീണുകിട്ടുന്ന വിരസമായ കാത്തിരിപ്പുകളിലും ഗെയിം കളിക്കുന്നത് പോലെ മറ്റാർക്കും ശല്യമാകാതെ ഡ്രോയിങ് തുടരാനാവും. ടെക്നോളജി സഹായത്തിനുണ്ടെങ്കിലും എവിടെയും മുഖ്യം അർപ്പണബോധവും ടാലൻറും തന്നെയാണെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ 8 വർഷമായി യു.എ.ഇ മിനിസ്ട്രി ഓഫ് എകോണമിയിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്ന ഷാഫിയുടെ സ്വപ്നം, ദുബൈയിൽ ഒരു റോയൽ പോട്രെയ്റ്റ് എക്സിബിഷൻ ഒരുക്കുക എന്നതാണ്.