ആലിലയിൽ ഉമ്മൻ ചാണ്ടിയും; വിസ്മയ ചിത്രങ്ങളൊരുക്കി സജീഷ് പന്തളം
text_fieldsഉമ്മൻ ചാണ്ടിക്ക് സ്മരണാഞ്ജലിയായി സജീഷ് വരച്ചത്
മനാമ: ആലിലയിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഒരുക്കി വിസ്മയിപ്പിക്കുകയാണ് ബഹ്റൈൻ പ്രവാസിയായ പത്തനംതിട്ട സ്വദേശി സജീഷ് പന്തളം. കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയുടെ ഓർമ ദിനത്തിൽ ആലിലയിൽ ചിത്രം വരച്ച് സജീഷ് ഉമ്മൻ ചാണ്ടിക്ക് സ്മരണാഞ്ജലി അർപ്പിച്ചു. കഴിഞ്ഞ ഇരുപത് വർഷമായി സൽമാബാദിൽ വാല ഇലക്ട്രിക് വർക്ക്ഷോപ്പിൽ എ.സി ടെക്നീഷ്യനായി ജോലി ചെയ്യുന്ന സജീഷ് കുട്ടിക്കാലം മുതൽ ചിത്രരചനയിൽ തൽപ്പരനായിരുന്നെങ്കിലും ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കലാരംഗത്തുനിന്ന് മാറി നിൽക്കുകയായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് എങ്ങും ലോക്ക്ഡൗൺ ആയപ്പോൾ വിരസത അകറ്റാൻ സജീഷ് മാറ്റിവെച്ച കലാപരമായ കഴിവുകൾ പുറത്തെടുത്തു. ബോട്ട്ൽ ആർട്ട്, ലീഫ് ആർട്ട്, മിനിയേച്ചർ ആർട്ട് എന്നിവയിൽ പ്രതിഭ തെളിയിച്ചു. ചെറിയ ശ്രമങ്ങളിൽ തുടങ്ങി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോൾ ഒരുപാട് പ്രോത്സാഹനങ്ങൾ കിട്ടിയത് പ്രചോദനമായി. വേസ്റ്റ് മെറ്റീരിയലുകൾകൊണ്ട് വിവിധതരം കലാരൂപങ്ങൾ ഉണ്ടാക്കുന്നതിലും സജീഷ് നിപുണനാണ്.
സജീഷ് പന്തളവും മകൻ ആദിദേവും ആലിലയിൽ വരച്ച ചിത്രങ്ങളുമായി
ബഹ്റൈൻ പ്രവാസികൾക്ക് സുപരിചിതമായ പബ്ലിക് ട്രാൻസ്പോർട്ടിന്റെ മിനിയേച്ചർ നിർമിച്ചത് ഏറെ ശ്രദ്ധിക്കപ്പെടുകയും ബഹ്റൈനിൽ ചർച്ചയാവുകയും ചെയ്തു. തുടർന്ന് ട്രാൻസ്പോർട്ട് അധികാരികൾ അവരുടെ ഓഫിസിലേക്ക് വിളിപ്പിച്ച് അഭിനന്ദിച്ചു. തുടർന്ന് എയർ ഇന്ത്യ വിമാനത്തിന്റേയും കേരളത്തിന്റെ സ്വന്തം കെ.എസ്.ആർ.ടി.സിയുടെയും മിനിയേച്ചറുകൾ ഉണ്ടാക്കി. അതോടൊപ്പം വിവിധതരം ഇലകളിൽ ചിത്രങ്ങൾ ചെയ്തുതുടങ്ങി. ബഹ്റൈൻ ഭരണാധികാരികളുടെയും കേരളത്തിലെ മുഖ്യമന്ത്രിയും സ്പീക്കറും ഉൾപ്പെടെ ഭരണാധികാരികളുടെയും ചിത്രങ്ങൾ ആലിലയിൽ കട്ട് ചെയ്ത് ജീവൻ തുടിക്കുന്ന ചിത്രങ്ങളാക്കി. ബഹ്റൈനിലെ വിവിധ ക്ഷേത്രങ്ങളിലെ ആൽമരങ്ങളിൽനിന്നും മറ്റുമാണ് ചിത്രമൊരുക്കുന്നതിനുള്ള ആലിലകൾ സംഘടിപ്പിക്കുന്നത്. ഇപ്പോൾ ബഹ്റൈനിൽ ജന്മദിന - വിവാഹ വാർഷിക ആഘോഷങ്ങൾക്ക് ആലിലയിൽ വരക്കുന്ന ചിത്രം, വരക്കുന്ന വിഡിയോ സഹിതം ഫ്രെയിം ചെയ്ത് ഗിഫ്റ്റ് ആക്കി കൊടുക്കുന്നു. ആലിൽനിന്നും ശേഖരിക്കുന്ന ഇലകൾ ബുക്കുകളിൽ വെച്ച് ഉണക്കിയെടുത്ത് ചിത്രങ്ങൾ കട്ട് ചെയ്യുകയും അതിനുശേഷം വാർണിഷ് ചെയ്ത് ഫ്രെയിം ചെയ്താൽ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുമെന്ന് സജീഷ് പന്തളം പറഞ്ഞു. ബഹ്റൈനികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നും ആലില ചിത്രങ്ങൾക്ക് ആവശ്യക്കാർ ഇപ്പോൾ ഏറെയാണ്.
പനയോലയിൽ ബഹ്റൈൻ ഭരണാധികാരികളുടേയും രാഷ്ട്രപിതാവ് ഗാന്ധിജിയുടെയും ചിത്രങ്ങൾ വരച്ചതും ശ്രദ്ധേയമായി. ബഹ്റൈൻ കേരളീയ സമാജം ഇൻറർനാഷനൽ ബുക്ക് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ചിത്രകല ക്ലബ് നടത്തിയ ചിത്രപ്രദർശനത്തിൽ സജീഷിന്റെ ആലില ചിത്രങ്ങളും മിനിയേച്ചറുകളും സന്ദർശകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. കേരളത്തിലെ മിനിയേച്ചർ കലാകാരന്മാരുടെ കൂട്ടായ്മയായ ടീം എം @ മിനിയേച്ചർ അംഗം കൂടിയായ സജീഷ് എൻജിനീയറിങ് കോളജുകളിൽ മിനിയേച്ചർ ഗ്രൂപ് നടത്തുന്ന ടെക് ഫെസ്റ്റുകളിൽ എല്ലാവർഷവും പങ്കെടുക്കാറുണ്ട്. മുസ്ലിം ലീഗ് നേതാക്കൾ ആയ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുടെ ചിത്രങ്ങൾ ആലിലയിൽ ചെയ്തതിന് മുസ്ലിം ലീഗ് നാട്ടിൽ നടത്തിയ ചടങ്ങിൽ സജീഷിനെ ആദരിച്ചിരുന്നു.
ഇതുവരെ നൂറു കണക്കിന് ആലില ചിത്രങ്ങൾ ചെയ്തു. പ്രമുഖ വ്യവസായി എം.എ.യൂസുഫലി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ, ശ്രീകുമാരൻ തമ്പി, നവ്യ നായർ തുടങ്ങി ഒട്ടനവധി പ്രമുഖർക്ക് ആലില ചിത്രങ്ങൾ നേരിട്ട് കൈമാറുകയും ചെയ്തു. ആലപ്പുഴ ഡോ.അംബേദ്കർ മെമ്മോറിയൽ സ്കൂൾ ജീവനക്കാരി രാഖി യാണ് ഭാര്യ. ചുനക്കര എൻ.എസ്.എസ്.യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ മകൻ ആദിദേവും അച്ഛനെ പോലെ ആലില ചിത്രങ്ങളും മിനിയേച്ചറുകളും ഉണ്ടാക്കുന്നുണ്ട്. നാണയ ശേഖരണം കൂടി ഹോബിയാക്കിയ സജീഷിന്റെ ശേഖരത്തിൽ 75ൽ അധികം രാജ്യങ്ങളുടെ നാണയങ്ങളുമുണ്ട്.