Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightമാപ്പിളപ്പാട്ടീരടിയുടെ...

മാപ്പിളപ്പാട്ടീരടിയുടെ നാട്ടിൽ നിന്നുദിച്ച സർഗ്ഗവൈഭവം; പ്രവാസത്തിലും മായാത്ത സാജിദിന്റെ ഗാനവസന്തം

text_fields
bookmark_border
മാപ്പിളപ്പാട്ടീരടിയുടെ നാട്ടിൽ നിന്നുദിച്ച സർഗ്ഗവൈഭവം; പ്രവാസത്തിലും മായാത്ത സാജിദിന്റെ ഗാനവസന്തം
cancel
camera_alt

സാജിത് കടമേരി


സുഗന്ധം പരത്തുന്ന മാപ്പിളപ്പാട്ടീരടികളും സർഗ്ഗാത്മകതയുടെ നിറവസന്തങ്ങളും കൊണ്ട് അനുഗ്രഹീതമായ നാടാണ് കടമേരി. തലമുറകളായി കൈമാറിവന്ന സാംസ്കാരിക ബോധവും സാമൂഹിക ഐക്യവും ഇവിടുത്തെ മനുഷ്യരുടെ ആത്മാവിൽ ലയിച്ചുചേർന്നതാണ്. കൂട്ടായ്മകൾ എവിടെയുണർന്നാലും അവിടെ കലയുടെയും കായികവീര്യത്തിന്റെയും പുതിയൊരു പ്രഭാതം സൃഷ്ടിക്കുക എന്നത് കടമേരിക്കാരുടെ വേറിട്ട ശൈലിയാണ്. തങ്ങളുടെ മതപരവും സാമൂഹികവുമായ വ്യക്തിത്വം നെഞ്ചോടു ചേർത്തുപിടിക്കുമ്പോൾ തന്നെ, നാടിന്റെ ഐക്യത്തിനായി ആ വൈവിധ്യങ്ങളെ മാറ്റു കൂട്ടാൻ അവർക്ക് കഴിഞ്ഞു. ജാതിമത വ്യത്യാസങ്ങൾക്കതീതമായി ഒത്തുചേർന്ന ആ ഗ്രാമീണ സദസ്സുകളിൽ പാട്ടും നൃത്തവും നാടകവും ഒരുപോലെ പൂത്തുലഞ്ഞു.

സായാഹ്നത്തിൽ സജീവമാകുന്ന വോളിബോൾ മൈതാനങ്ങളും, സന്ധ്യാകാശത്തിന് കീഴിൽ താളപ്പൊലിമയോടെ ഉണരുന്ന കോൽക്കളി സംഘങ്ങളും, കളരിത്തറകളും കടമേരിയുടെ ഗൃഹാതുരമായ മുഖശ്രീയായിരുന്നു."

കലയുടെ ഈ സഫലമണ്ണിൽ നിന്നാണ് മാപ്പിളപ്പാട്ട് ശാഖയ്ക്ക് തനതായ ഈണങ്ങളും മനോഹര രചനകളും സമ്മാനിച്ച സർഗ്ഗധനനായ ഗാനരചയിതാവും സംഗീത സംവിധായകനുമായ സാജിത് കടമേരിയുടെ ജനനം.

പണ്ടുകാലത്തെ പ്രൗഢമായ "വഅള്' വേദികളും, കല്യാണത്തലേന്നുകളിലെ 'അത്തായൂട്ട്' സദസ്സുകളിൽ മുഴങ്ങിയ കോൽക്കളിപ്പാട്ടുകളും, കടമേരി മിഫ്താഹുൽ ഉലൂം മദ്രസയിലെ നബിദിനാഘോഷങ്ങളുമാണ് അദ്ദേഹത്തിലെ കലാകാരന് എന്നും ഊർജ്ജം പകർന്നത്.

1991-ൽ ഇ.ടി. മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളി മത്സരയിനമായി ഉൾപ്പെടുത്തുന്നത്. അന്ന് കടമേരി ആർ. എ. സി. ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് കോഴിക്കോട് ജില്ല ടീമിനെ നയിച്ചതും സാജിദ് കടമേരിയായിരുന്നു. ജീവിത വഴികളിലെ പ്രതിസന്ധികൾ കാരണം 2022-ൽ ബഹ്റൈനിലേക്ക് പ്രവാസിയായി പറക്കേണ്ടിവന്നെങ്കിലും, ഉള്ളിൽ കത്തുന്ന കലാജ്വാലയെ അണയ്ക്കാൻ ആ പ്രവാസത്തിന് കഴിഞ്ഞില്ല. അസ്കറിലെ റസ്റ്റാറന്റിൽ 13 മണിക്കൂർ നീളുന്ന കഠിനാധ്വാനത്തിനിടയിലും അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് മനോഹരമായ ഈരടികൾ പിറവിയെടുത്തുകൊണ്ടേയിരുന്നു.

കണ്ണൂർ ശരീഫ് ആലപിച്ച 'ആരാലും വാഴ്ത്തിടുന്ന പുണ്യ നബി സലാം', ഫാരിഷാ ഹുസൈന്റെ ശബ്ദമാധുര്യത്തിൽ പിറന്ന 'മുത്തുനബി', നവാസ് പാലരിയുടെ സ്വരങ്ങൾ മിഴിവേകിയ 'പ്രിയപ്പെട്ട നബി' എന്നീ ഗാനങ്ങളിൽ നിഴലിക്കുന്ന പ്രവാചക സ്നേഹത്തിന്റെ സൗന്ദര്യം സാജിദിന്റെ രചനാവൈഭവത്തിന്റെ ഉത്തമ തെളിവാണ്.

കഴിഞ്ഞ റബീഉൽ അവ്വലിൽ ആറു ലക്ഷത്തിലധികം സംഗീതാസ്വാദകരുടെ മനംകവർന്ന് തരംഗമായി മാറിയ 'ഇതാണ് ഫാത്വിമ', മുൻപ് പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ 'മായുന്ന ഓർമ്മ' എന്നീ ഗാനങ്ങൾക്ക് ജനപ്രിയ ഗായകൻ ഷാ നാദാപുരം ശബ്ദം പകർന്നു നൽകിയപ്പോൾ, ആ മനോഹര വരികൾക്കും ഈണങ്ങൾക്കും പിന്നിൽ സാജിദ് കടമേരിയുടെ സർഗ്ഗവൈഭവം തന്നെയാണ് തിളങ്ങിനിന്നത്.

ഫിറോസ് നാദാപുരം, ഹാരിസ് കണ്ണൂർ തുടങ്ങിയ ഗായകരും സാജിദിന്റെ വരികൾക്ക് മനോഹരമായ ശബ്ദമേകി. പ്രാദേശിക കലാകാരന്മാരെ എപ്പോഴും നെഞ്ചോടു ചേർത്തുപിടിച്ച അദ്ദേഹം, ഇസ്രായേൽ അധിനിവേശത്തിന്റെ നോവുകൾക്കെതിരെ കടമേരി സ്വദേശി ഷെഫീഖ് ആലപിച്ച 'നൊമ്പരമാണ് ഫലസ്തീൻ' എന്ന ഗാനത്തിലൂടെ പ്രതിരോധത്തിന്റെ സാമൂഹിക ജാഗ്രതയും ഉയർത്തിപ്പിടിച്ചു. കടമേരി പള്ളിയുടെ മഖ്ബറയിൽ നിദ്രകൊള്ളുന്ന മഹാത്മാക്കളുടെ ഓർമ്മകൾ കോർത്തുവെച്ച് തസ്നീം മുടിയല്ലൂർ ആലപിച്ച 'കടമേരി പള്ളിയുടെ ചാരത്ത്' എന്ന ആൽബം നാടിന്റെ മിഴികളെ ഈറനണിയിച്ച വികാരനിർഭരമായ സൃഷ്ടിയായിരുന്നു. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും തന്നിലെ സർഗ്ഗച്ചെപ്പ് തുറന്ന് സംഗീതവും വരികളും സമന്വയിപ്പിക്കുന്ന സാജിദ് കടമേരി, തന്റെ നാടിനും മാപ്പിളപ്പാട്ട് ശാഖയ്ക്കും ഒരുപോലെ മാറ്റ് കൂട്ടുന്ന പൊൻതാരമാണ്.


ആറുലക്ഷത്തിലധികം ഇശ്ഖുള്ള മനസ്സുകൾ നെഞ്ചിലേറ്റിയ 'ഇതാണ് ഫാത്വിമ(റ) 'യുടെ വൻവിജയത്തിന് ശേഷം ഷാ നാദാപുരവും സാജിദ് കടമേരിയും വീണ്ടും കോർത്തെടുക്കുകയാണ് മറ്റൊരു സുന്ദര ഗാനം. ഹിജ്റയുടെ പുണ്യവഴികളും സൗർ ഗുഹയിലെ തുണയും സാക്ഷിയാക്കി, തിരുനബിക്ക് (സ) തണലായി നിന്ന സിദ്ദീഖുൽ അക്ബർ (റ) തങ്ങളുടെ അനുപമ പ്രണയവും കരുതലും പാടുന്ന 'നിഴലായി സിദ്ദീഖ് (റ)' എന്ന ഗാനവിരുന്ന് ഷാ നാദാപുരം ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ഇപ്പോൾ ആസ്വദിക്കാം.






Show Full Article
TAGS:gulfnews gulfnewsmalayalam Bahrain 
News Summary - Sajid's musical spring that has not faded even in exile
Next Story