Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightമൂന്നര പതിറ്റാണ്ട്...

മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസം: അബ്ദുസ്സലാം തൃക്കരിപ്പൂർ നാട്ടിലേക്ക്

text_fields
bookmark_border
മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസം: അബ്ദുസ്സലാം തൃക്കരിപ്പൂർ നാട്ടിലേക്ക്
cancel

റിയാദ്: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട സൗദി പ്രവാസം മതിയാക്കി റിയാദ് കെ.എം.സി.സിയുടെ മുതിർന്ന നേതാവ് അബ്ദുൽ സലാം തൃക്കരിപ്പൂർ നാട്ടിലേക്ക് മടങ്ങുന്നു. റിയാദിലെ പ്രവാസി മലയാളി സമൂഹത്തിനിടയിലും ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ജന്മ നാട്ടിലേക്ക് തിരിച്ചുപോകുകയാണ്.. ഉപജീവനം തേടിയെത്തിയ മണ്ണിൽ സാമൂഹ്യ സേവനത്തിന്റെ മഹിതമായ മാതൃകകൾ അടയാളപ്പെടുത്തിയാണ് അദ്ദേഹം മടങ്ങുന്നത്. റിയാദിന്റെ മത, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ അബ്ദുസ്സലാം നൽകിയ സംഭാവനകൾ ഏറെ മാതൃകാപരമാണ്.

സൗദി കെ.എം. സി.സി നാഷനൽ കമ്മിറ്റി കൗൺസിലറായ അബ്ദുൽ സലാം, റിയാദ് സെൻട്രൽ കമ്മിറ്റി ചെയർമാനായും വൈസ് പ്രസിഡന്റായും ദീർഘകാലം സേവനം ചെയ്തിട്ടുണ്ട്. ഇതിനകം നിരവധി പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി മാറിയ റിയാദ് കെ.എം.സി.സി പ്രവാസി കുടുംബ സുരക്ഷ പദ്ധതി ആരംഭിച്ചത് അദ്ദേഹം കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കുമ്പോഴാണ്. റിയാദ് കെ.എം.സി.സി നടത്തിയ ജീവ കാരുണ്യ പ്രവർത്തങ്ങൾക്ക് പ്രസിഡന്റ് സി.പി മുസ്‌തഫക്കൊപ്പം വർധിച്ച പിന്തുണയുമായി നേതൃപരമായ പങ്ക് വഹിച്ച അബ്ദുസലാം കോവിഡ് കാലത്ത് കമ്മിറ്റി ചെയ്ത ദുരിതാശ്വാസ പ്രവർത്തങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചു. റിയാദ് കെ.എം.സി.സിയുടെ തലമുതിർന്ന നേതാക്കളിൽ ഒരാളായ അബ്ദുസ്സലാം സൗമ്യമായ ഇടപെടലും കൃത്യനിഷ്ഠയും കൈമുതലാക്കി പ്രവർത്തിച്ച വ്യക്തിത്വമാണ്.

കാസർകോട് ജില്ല, തൃക്കരിപ്പൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റികളുടെ കൂടി നേതാവായ അബ്ദുസലാം, തൃക്കരിപ്പൂർ സി.എച്ച് സെന്റർ കോർഡിനേറ്റർ എന്ന നിലയിലും മികച്ച സേവനമാണ് നൽകിയത്. ഹജ്ജ് വളണ്ടിയർ സേവനരംഗത്ത് റിയാദിലെ കെ.എം.സി.സി വളന്റിയർമാർക്കൊപ്പം പലതവണ പുണ്യഭൂമിയിലെത്തുകയും സേവന ദൗത്യത്തിൽ മഹത്തായ പങ്ക് നിർവ്വഹിക്കുകയും ചെയ്തു.

പ്രവാസത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്വാസമായും സംഘടനാ പ്രവർത്തനങ്ങളിൽ സഹപ്രവർത്തകരെ ചേർത്തുനിർത്തുന്ന നേതാവായും നിലകൊണ്ട അദ്ദേഹത്തിന് റിയാദിൽ വിപുലമായ സൗഹൃദവലയം തന്നെ ഉണ്ട്. സ്ഥാനമാനങ്ങൾക്കപ്പുറം പ്രവാസത്തിന്റെ പ്രയാസവഴികളിൽ സാധാരണക്കാർക്ക് ആശ്വാസ മെത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കർമ്മ വീഥി. പ്രായം തളർത്താത്ത സേവനവീര്യവും നിസ്വാർഥമായ സമീപനവും പുലർത്തിയിരുന്ന അദ്ദേഹം എല്ലാവർക്കും ഏറെ പ്രചോദനമായിരുന്നു. തൊണ്ണൂറുകളുടെ ആദ്യത്തിൽ സൗദിയിലെത്തിയ അബ്ദുസ്സലാം തൃക്കരിപ്പൂർ റിയാദിലെ മത, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലുള്ളവരുമായി നല്ലസൗഹൃദം നിലനിർത്തി പോന്നിരുന്നു. ഇനി തന്റെ പ്രവർത്തനമേഖല കേരളത്തിന്റെ വടക്കൻ മേഖലയിലേക്ക് മാറ്റുമ്പോൾ പ്രവാസലോകത്ത് നിന്ന് നേടിയ അനുഭവ പരിജ്ഞാനം ഏറെ മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulf Saudi Arabia kmcc Community leaders expatriate 
News Summary - Salam Returns to Kerala
Next Story