പ്രചാരണസാമഗ്രികളില്ലാതെ വോട്ടു തേടിയ ഷമീറിന് വിജയം
text_fieldsകുമ്മിൾ ഷമീർ
കടയ്ക്കൽ: പ്രചരണ സാമഗ്രികൾ ഇല്ലാതെ വോട്ടു തേടിയ യു.ഡി.എഫ് സ്ഥാനാർഥി കുമ്മിൾ ഷമീർ വിജയിച്ചു. പോസ്റ്ററുകളോ, ചുവരെഴുത്തോ, ഫ്ലക്സ് ബോർഡുകളും ഇല്ലാതെയാണ് കുമ്മിൾ പഞ്ചായത്തിൽ കുമ്മിൾ ടൗൺ വാർഡിൽ കുമ്മിൾ ഷമീർ ജയംപിടിച്ചത്. മറ്റുള്ളവർ ആയിരങ്ങൾ മുടക്കി പ്രചാരണസാമഗ്രികൾ ഉപയോഗിച്ചപ്പോൾ വ്യത്യസ്തത തേടുകയായിരുന്നു അദ്ദേഹം. സമയവും പണവും പൂർണമായും വോട്ടർമാരുടെ വീടുകളിലെത്തി നേരിട്ട് വോട്ട് അഭ്യർഥിക്കുന്നതിന് ചെലവഴിക്കുകയായിരുന്നു ഷമീർ.
മുൻ കൊണ്ടോടി വാർഡിലെ വാർഡ് മെമ്പർ കൂടിയാണ് ഷമീർ. വർഷങ്ങളായി എൽ.ഡി.എഫ് വിജയിച്ചു വരുന്ന വാർഡാണ് പിടിച്ചെടുത്തത് .സി.പി.എം ജില്ല കമ്മിറ്റി അംഗം നസീർ , മുൻ പഞ്ചായത്ത് പ്രസിഡന്റ് മധു , സൈഫ് , വി. മിഥുൻ ഉൾപ്പെടെ നിരവധി സി.പി.എം നേതാക്കൾ വിജയിച്ചു വന്ന വാർഡാണ് ഷമീർ പിടിച്ചെടുത്തത്. കടയ്ക്കലിൽ നവകേരള സദസ് കടയ്ക്കൽ ദേവി ക്ഷേത്ര ഗ്രൗണ്ടിൽ നടത്തുന്നതിനെതിരെയും , ക്ഷേത്രത്തിൽ വിപ്ലവ ഗാനം നടത്തിയതിനെതിരെ പരാതി നൽകിയ ഷമീർ നെതിരെ രാഷ്ട്രിയ വേട്ടയാടലുകൾ നടത്തിരുന്നു. തിരഞ്ഞെടുപ്പ് കാലത്തും ഇതേ രാഷ്ട്രീയ വേട്ടയാടലുകൾ ഏറ്റവും കൂടുതൽ ഏറ്റ സ്ഥാനാർഥി കൂടിയാണ് ഷമീർ. നിലവിൽ കുമ്മിൾ ടൗൺ വാർഡിൽ മുൻ എൽ.ഡി.എഫ് കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണപിള്ളയെ 305 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോൽപ്പിച്ചത്.


